പഠിപ്പിക്കുന്ന വിദ്യാലയത്തില്‍ മകളെ ചേര്‍ക്കണമെന്ന നിര്‍ദേശം പാലിച്ചില്ല; അധ്യാപകന് മാനേജ്‌മെന്റ് വക സസ്‌പെന്‍ഷന്‍

പഠിപ്പിക്കുന്ന പൊതുവിദ്യാലയത്തില്‍ മകളെ ചേര്‍ക്കണമെന്ന സ്റ്റാഫ് കൗണ്‍സിലിന്റെ നിര്‍ദേശം അനുസരിക്കാത്തതിന് അധ്യാപകന് മാനേജ്‌മെന്റ് വക സസ്‌പെന്‍ഷന്‍
പഠിപ്പിക്കുന്ന വിദ്യാലയത്തില്‍ മകളെ ചേര്‍ക്കണമെന്ന നിര്‍ദേശം പാലിച്ചില്ല; അധ്യാപകന് മാനേജ്‌മെന്റ് വക സസ്‌പെന്‍ഷന്‍

പത്തനാപുരം: പഠിപ്പിക്കുന്ന പൊതുവിദ്യാലയത്തില്‍ മകളെ ചേര്‍ക്കണമെന്ന സ്റ്റാഫ് കൗണ്‍സിലിന്റെ നിര്‍ദേശം അനുസരിക്കാത്തതിന് അധ്യാപകന് മാനേജ്‌മെന്റ് വക സസ്‌പെന്‍ഷന്‍. ​പത്തനാപുരം തലവൂര്‍ ദേവിവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ കെ.ഗോപകുമാറിനെയാണ് മാനേജര്‍ ആര്‍.വേണുഗോപാല്‍ സസ്‌പെന്‍ഡ് ചെയ്തത്.

സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗം ഹിന്ദി അധ്യാപകനാണ് ഗോപകുമാര്‍. ഇദ്ദേഹത്തിന്റെ മകള്‍ പത്തനാപുരത്തെ അണ്‍ എയ്ഡഡ് സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്. കഴിഞ്ഞ ഏപ്രിലില്‍ സ്‌കൂളില്‍ ചേര്‍ന്ന അധ്യാപകരുടെയും അനധ്യാപകരുടെയും യോഗം എല്ലാ ജീവനക്കാരും മക്കളെ ഇവിടെ ചേര്‍ത്ത് പഠിപ്പിക്കണമെന്ന് തീരുമാനിച്ചിരുന്നു. മറ്റുപല വിദ്യാലയങ്ങളിലായി പഠിച്ചിരുന്ന തങ്ങളുടെ മക്കളെ ടി.സി.വാങ്ങി മറ്റുള്ളവരെല്ലാം ദേവിവിലാസം സ്‌കൂളില്‍ ഈ അധ്യയനവര്‍ഷം ചേര്‍ത്തു. എന്നാല്‍ തീരുമാനം അനുസരിക്കാതെ ഗോപകുമാര്‍ തുടര്‍ന്നും മകളുടെ വിദ്യാഭ്യാസം അണ്‍ എയ്ഡഡ് സ്‌കൂളില്‍ തുടരുകയായിരുന്നെന്ന് മാനേജര്‍ ആര്‍.വേണുഗോപാല്‍ പറഞ്ഞു.

സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ജീവനക്കാര്‍ മക്കളെ പൊതുവിദ്യാലയത്തില്‍ പഠിപ്പിക്കണമെന്ന ഗവ. നിര്‍ദേശം അധ്യാപകന്‍ പാലിക്കാത്തതാണ് നടപടിയെടുക്കാന്‍ കാരണമെന്ന് മാനേജര്‍ പറഞ്ഞു. നടപടിയെടുക്കണമെന്ന സ്റ്റാഫ് കൗണ്‍സിലിന്റെ നിര്‍ദേശമനുസരിച്ചാണ് അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷന്‍ ഉത്തരവ് വെള്ളിയാഴ്ച അധ്യാപകന് കൈമാറിയതായും പകരം താത്കാലിക അധ്യാപകനെ നിയമിച്ചതായും മാനേജര്‍ അറിയിച്ചു. എന്നാല്‍ തന്നെ സസ്‌പെന്‍ഡ് ചെയ്തതായി അറിയില്ലെന്ന് അധ്യാപകന്‍ കെ.ഗോപകുമാര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com