നേമത്തെ  സ്‌പോര്‍ട്‌സ് പദ്ധതികള്‍ ഏതൊക്കെയാണ്; നേമത്ത് സ്‌പോര്‍ട്‌സ് തന്നെയില്ല സര്‍; ചോദ്യങ്ങളില്‍ വെട്ടിലായി വീണ്ടും രാജഗോപാല്‍

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നേമം നിയോജകമണ്ഡലത്തില്‍ സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട് പ്രൊപ്പോസലുകള്‍ ഒന്നും ലഭിച്ചിട്ടില്ല.
നേമത്തെ  സ്‌പോര്‍ട്‌സ് പദ്ധതികള്‍ ഏതൊക്കെയാണ്; നേമത്ത് സ്‌പോര്‍ട്‌സ് തന്നെയില്ല സര്‍; ചോദ്യങ്ങളില്‍ വെട്ടിലായി വീണ്ടും രാജഗോപാല്‍


തിരുവനന്തപുരം:  സ്വന്തം മണ്ഡലത്തിലെ കാര്യങ്ങള്‍ പോലും അറിയില്ലേയെന്ന് വി ശിവന്‍കുട്ടിയുടെ പരിഹാസത്തിന് പിന്നാലെ വീണ്ടും നിയമസഭയില്‍ അമളിപറ്റി നേമം എംഎല്‍എ രാജഗോപാല്‍. നേമം നിയോജക മണ്ഡലത്തില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സ്‌പോര്‍ട്ടുസുമായി ബന്ധപ്പെട്ട് പുതുതായി നടപ്പാക്കിയ പദ്ധതികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ എന്നായിരുന്നു നിയമസഭയില്‍ എംഎല്‍എ ഒ രാജഗോപാലിന്റെ ചോദ്യം. അതിന് സ്‌പോര്‍ട്‌സ് മന്ത്രി എസി മൊയ്തീന്റെ മറുപടി ഇങ്ങനെ. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നേമം നിയോജകമണ്ഡലത്തില്‍ സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട് പ്രൊപ്പോസലുകള്‍ ഒന്നും ലഭിച്ചിട്ടില്ല. ആയതിനാല്‍ പുതുതായി പദ്ധതികള്‍ ഒന്നും നടപ്പാക്കിയിട്ടില്ലെന്ന് മന്ത്രി സഭയില്‍ വ്യക്തമാക്കി


നേമം നിയോജക മണ്ഡലത്തില്‍ സാംസ്‌കാരിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഏതൊക്കെയാണെന്നു ആറാം തിയ്യതി സാംസ്‌കാരിക മന്ത്രി എ കെ ബാലനോട് ചോദിച്ചിരുന്നു. നേമം നിയോജക മണ്ഡലത്തില്‍  വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഒന്നും തന്നെയില്ലെന്നായിരുന്നു സാംസ്‌കാരിക മന്ത്രിയുടെ മറുപടി.

രാജഗോപാലിന്റെ ഈ ചോദ്യത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം നേതാവ് വി ശിവന്‍കുട്ടി രംഗത്തെത്തിയിരുന്നു.  നേമത്തെ ജനങ്ങളെ ഇങ്ങനെ നാണം കെടുത്തരുതെന്നും വര്‍ഷം രണ്ടായിട്ടും മണ്ഡലത്തിന്റെ മുക്കുംമൂലയും തിരിച്ചറിയാന്‍ പറ്റിയില്ലെങ്കില്‍ എന്തു പറയാനാണെന്നും നേമം മുന്‍ എംഎല്‍എ വി.ശിവന്‍കുട്ടിയുടെ തിരിച്ചടി. സമൂഹ മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലാണ് ഒ.രാജഗോപാലിനെ ശിവന്‍കുട്ടി രൂക്ഷമായി വിമര്‍ശിച്ചത്. 

ശിവന്‍കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഞാന്‍ പ്രതിനിധീകരിച്ചിരുന്ന മണ്ഡലമായിരുന്നു നേമം. നേമത്തെ എന്റെ പ്രിയപ്പെട്ട ജനങ്ങളെ ഇങ്ങനെ കേരളത്തിനു മുന്നില്‍ നാണം കെടുത്തരുത് മിസ്റ്റര്‍ രാജഗോപാല്‍.

വര്‍ഷം രണ്ടായില്ലേ??

നേമം മണ്ഡലത്തിന്റെ മുക്കും മൂലയും സുപരിചിതമാക്കിയെടുക്കേണ്ട സമയം കഴിഞ്ഞു. ഇനിയും അതിനു താങ്കള്‍ക്കു പറ്റിയില്ലെങ്കില്‍ എന്തു പറയാനാണ്!!!

ഉത്തരമില്ലാത്ത ചോദ്യങ്ങളും, അനാവശ്യമായ ഇടപെടലും അല്ലാതെ നേമത്തെ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന വിരലിലെണ്ണാവുന്ന കാര്യങ്ങളെങ്കിലും 

ചെയ്യാന്‍ ഇനിയെങ്കിലും കഴിയട്ടെ!

ഇതാദ്യമായല്ല നിയമസഭയില്‍ ചോദ്യം ചോദിച്ച് ഒ.രാജഗോപാല്‍ വെട്ടിലാകുന്നത്. സഹകരണ മേഖലയ്ക്കു കേന്ദ്ര ഫണ്ടായി എത്ര തുക കിട്ടിയെന്നും ഇതില്‍ എത്ര തുക ചെലവാക്കിയെന്നുമായിരുന്നു ഫെബ്രുവരി മാസത്തിലെ സഭാസമ്മേളനത്തില്‍ രാജഗോപാല്‍ ചോദിച്ചത്. സ്‌റ്റേറ്റ് ലിസ്റ്റില്‍ വരുന്ന വിഷയമാണു സഹകരണമെന്നും കേന്ദ്ര ഫണ്ടായി തുകയൊന്നും ലഭിച്ചിട്ടില്ലെന്നുമായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മറുപടി. അപ്പോഴാണ് ഫണ്ട് കിട്ടാറില്ലെന്ന കാര്യം എംഎല്‍എ അറിയുന്നത്. മന്ത്രി ഇക്കാര്യം സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തതോടെ ട്രോളുകളും വ്യാപകമായി. നേരത്തെ ലാവ്‌ലിന്‍ കേസിനെക്കുറിച്ചും തെറ്റായ ചോദ്യം ചോദിച്ചു രാജഗോപാല്‍ വെട്ടിലായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com