ഹൃദയത്തില്‍ അഗ്‌നിയുടെ അരണിയും കൊണ്ട് നടക്കുന്നവര്‍ എവിടെ തോല്‍ക്കാനാണ്?; രഹനാസിനു പിന്തുണയുമായി ദീപാ നിശാന്ത്

ഹൃദയത്തില്‍ അഗ്‌നിയുടെ അരണിയും കൊണ്ട് നടക്കുന്നവര്‍ എവിടെ തോല്‍ക്കാനാണ്?; രഹനാസിനു പിന്തുണയുമായി ദീപാ നിശാന്ത്
ഹൃദയത്തില്‍ അഗ്‌നിയുടെ അരണിയും കൊണ്ട് നടക്കുന്നവര്‍ എവിടെ തോല്‍ക്കാനാണ്?; രഹനാസിനു പിന്തുണയുമായി ദീപാ നിശാന്ത്

സ്വന്തം പിതാവിനാല്‍ ബലാത്സംഗം ചെയ്യപ്പെടുക എന്ന ദുരനുഭവത്തിലൂടെ കടന്നുപോയിട്ടും ജീവിതത്തിനു മുന്നില്‍ തോറ്റുപോവാതെ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരികയും പഠനം തുടര്‍ന്ന് അഭിഭാഷകകയാവുകയും ചെയ്ത കണ്ണൂരിലെ രഹനാസിന് പിന്തുണയുമായി എഴുത്തുകാരി ദീപാ നിശാന്ത്. ദുരിതപര്‍വ്വങ്ങളിലൂടെ സഞ്ചരിച്ച് സ്വന്തം ഭൂമികകള്‍ കണ്ടെത്തിയ സ്ത്രീകള്‍ ഇനിയുമുണ്ടാകാമെന്നും പ്രിവിലേജുകളിലൂടെ കടന്നു വന്നവരല്ലാത്ത അവരാണ് ജീവിതത്തിലെ യഥാര്‍ഥ വിജയികളെന്നും ദീപ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സമകാലിക മലയാളം വാരികയാണ് രഹനാസിന്റെ കഥ പുറത്തുകൊണ്ടുവന്നത്. 

ദീപാ നിശാന്തിന്റെ കുറിപ്പ്: 

ഞാനീ കുറിപ്പെഴുതുമ്പോള്‍ രഹ്നാസ് അഭിഭാഷകയായി എന്റോള്‍ ചെയ്തു കഴിഞ്ഞിരിക്കും. 2018 ഏപ്രില്‍ 30 ലെ സമകാലിക മലയാളം വാരിക വായിച്ചതിപ്പോഴാണ്..

' ഞാന്‍ രഹ്നാസ്, വയസ്സ് 25, കണ്ണൂര്‍  ഞാനെന്തിനു മറഞ്ഞിരിക്കണം ?' എന്ന തലക്കെട്ടാണ് ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. പേജുകള്‍ മറിച്ചു രഹ്നാസിലെത്തി.. പി. എസ്. റംഷാദിന്റെ വരികളിലൂടെ രഹ്നാസിനെ കണ്ടു.. കേട്ടു... തൊട്ടു.

രഹ്നാസിനിതു വരെ പേരില്ലായിരുന്നു.. എന്നാലും രഹ്നാസിനെ നമ്മളറിയും.സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവിനു വിധിക്കപ്പെട്ട് കഴിയുന്ന ഹാരിസിനെയും നമ്മളറിയും. രഹ്നാസിന്റെ 'ബയോളജിക്കല്‍ ഫാദര്‍ !'. സ്വന്തം മകളാണെന്ന് മറന്ന് ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന കൊച്ചു പെണ്‍കുട്ടിയെ വീട്ടിനകത്തും പുറത്തും വെച്ച് ബലാത്സംഗം ചെയ്ത് അച്ഛന്‍.! അവളെ മറ്റു പലര്‍ക്കുമായി കാഴ്ചവെച്ച അച്ഛന്‍..

2008ലാണ് രഹ്നാസിന്റെ കഥ പുറം ലോകമറിഞ്ഞത്.2009 ല്‍ കോടതി വിധി പൂര്‍ത്തിയായി. ഹാരിസിന് ജീവപര്യന്തം ശിക്ഷ ലഭിച്ചു.

'ഇര' എന്നോ ജനിച്ച നാടിന്റെ പേരിനോടൊപ്പം പെണ്‍കുട്ടി കൂട്ടിച്ചേര്‍ത്തോ രഹ്നാസിനെ വിശേഷിപ്പിക്കാം. പക്ഷേ, 'ഞാനിരയല്ല! എനിക്കൊരു പേരുണ്ട് !'' എന്ന് നിവര്‍ന്നു നിന്ന് ഒരു പെണ്‍കുട്ടി കരളുറപ്പോടെ പറയുമ്പോള്‍ അവളെ വിശേഷിപ്പിക്കാന്‍ ആ പേരിനോളം ഉജ്ജ്വലമായി മറ്റൊന്നില്ലാതാകുന്നു. 'രഹ്നാസ്' എന്ന പേര് അവളുടെ ഏറ്റവും സുന്ദരമായ ഐഡന്റിറ്റിയായി മാറുന്നു.

'ഞാനെന്തിന് മറഞ്ഞിരിക്കണം? അങ്ങനെ മൂടിവെക്കപ്പെടേണ്ട ഒന്നാണ് എന്റെ വ്യക്തിത്വമെന്ന് എനിക്ക് തോന്നിയിട്ടില്ല. എനിക്ക് എന്റെ പേരുണ്ട്.അതുകൊണ്ട് സ്ഥലപ്പേരില്‍ ഒളിഞ്ഞിരിക്കേണ്ട കാര്യമില്ല. ഒരു കൊച്ചു പെണ്‍കുട്ടിയായിരിക്കേ മനുഷ്യത്വമില്ലാതെ എന്നെ നശിപ്പിച്ചവരെയൊക്കെ കോടതി ശിക്ഷിച്ചു.മുഖം പുറത്തു കാട്ടാനും സ്വന്തം പേരു വെളിപ്പെടുത്താനും ലജ്ജ തോന്നേണ്ടത് അവര്‍ക്കല്ലേ?'' എന്ന ചോദ്യത്തിന് ആയിരം ഇരുമ്പു കൂടത്തിന്റെ പ്രഹരശേഷിയുണ്ട്. എത്ര അന്തസ്സുറ്റതാണ് ആ ചോദ്യം! സൂര്യനെല്ലിപ്പെണ്‍കുട്ടിയായും വിതുരപ്പെണ്‍കുട്ടിയായുമൊക്കെ നമ്മളിപ്പോഴും ഓര്‍മ്മയില്‍ ഇരയാക്കി നിലനിര്‍ത്തുന്ന എത്രയെത്ര പെണ്‍കുട്ടികളുടെ തൊണ്ടയില്‍ കുരുങ്ങി മരിച്ചിട്ടുണ്ടാകും ആ ചോദ്യം?

മകളുടെ ശരീരത്തിലേക്ക് ആസക്തിയോടെ നോക്കുന്ന ഒരച്ഛനും ഇനി ഉണ്ടാകാതിരിക്കട്ടെ, എന്ന നിശ്ചയദാര്‍ഢ്യത്തോടെ ഒരമ്മ കൂടി ചേര്‍ന്നു നിന്ന് പൊരുതിയപ്പോഴാണ് ഈ കേസിന് പെട്ടെന്ന് നീതിയുക്തമായ വിധിയുണ്ടായത്. സ്വന്തം മകള്‍ക്കുണ്ടായ ദുരനുഭവമറിഞ്ഞ തൊഴില്‍രഹിതയായ ആ അമ്മ തന്റെ നാലു മക്കളേയും വാരിപ്പിടിച്ച് രക്ഷപ്പെടാനുള്ള വാതിലുകള്‍ക്കു നേരെ പാഞ്ഞത് കേസിലെ പ്രധാന വഴിത്തിരിവാണ്.കുടുംബത്തിന്റെ സുസ്ഥിരമായ നിലനില്‍പ്പിനായി, മാനാഭിമാനചിന്തകള്‍ക്കിടയില്‍ നട്ടം തിരിഞ്ഞ് മകളെ നിശ്ശബ്ദയാക്കാന്‍ ആ അമ്മ ശ്രമിച്ചില്ല...

വാദിയേയും പ്രതിയേയും കല്യാണം കഴിപ്പിച്ച് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്ന ജഡ്ജിമാരുള്ള നാട്ടില്‍ ബലാത്സംഗക്കേസില്‍ വിധി അത്ര സുഗമമല്ല. ശാരീരികമായ പീഡനങ്ങളേക്കാള്‍ ഭീകരമായിരിക്കും വാക്കുകളാല്‍ ബലാത്സംഗം ചെയ്യപ്പെടുന്ന അവസ്ഥ.ഇത്തരം കേസുകളില്‍ അന്വേഷണോദ്യോഗസ്ഥരുടെ മുന്നിലും പൊതു സമൂഹത്തിന്റെ മുന്നിലും കോടതി മുറികളിലും തെളിവെടുപ്പിന് കൊണ്ടു പോകുന്നിടങ്ങളിലുമെല്ലാം എത്രയെത്ര മാനസിക പീഡനങ്ങളാണ് പെണ്‍കുട്ടി ഏറ്റുവാങ്ങേണ്ടി വരാറുള്ളത്! അന്വേഷണത്തിന്റെ പേരിലുള്ള ബുദ്ധിമുട്ടലുകള്‍ താന്‍ അധികം നേരിടേണ്ടി വന്നിട്ടില്ല എന്ന രഹ്നാസിന്റെ അനുഭവം അപൂര്‍വ്വങ്ങളില്‍ അപൂര്‍വമാണ്.

ബലാത്സംഗം ,പ്രത്യേകിച്ചും ഏറ്റവുമടുത്ത ആളുകളില്‍ നിന്നുണ്ടാകുന്ന ദുരനുഭവം, പെണ്‍കുട്ടികള്‍ക്ക് ആജീവനാന്തം നീണ്ടു നില്‍ക്കുന്ന പേടി സ്വപ്നമാണ്. പലരും ആ ദുഃസ്വപ്നത്തെ അതിജീവിക്കില്ല. രഹ്നാസ് അതിനെ മറികടന്ന് മുന്നോട്ട് നടന്നു. പഠിച്ചു. ഇപ്പോള്‍ അഭിഭാഷകയായി എന്റോള്‍ ചെയ്തു..

ദുരിതപര്‍വ്വങ്ങളിലൂടെ സഞ്ചരിച്ച് സ്വന്തം ഭൂമികകള്‍ കണ്ടെത്തിയ നിരവധി സ്ത്രീകള്‍ ഇനിയുമുണ്ടാകാം..

പ്രിവിലേജുകളിലൂടെ കടന്നു വന്നവരല്ല അവര്‍..

അവരാണ് യഥാര്‍ത്ഥ വിജയികള്‍...

അവരൊരിക്കലും തോല്‍ക്കില്ല!

ഹൃദയത്തില്‍ അഗ്‌നിയുടെ അരണിയും കൊണ്ട് നടക്കുന്നവര്‍ എവിടെ തോല്‍ക്കാനാണ്?
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com