പൊലീസ് അന്വേഷണം പക്ഷപാതപരം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ 

യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയില്‍
പൊലീസ് അന്വേഷണം പക്ഷപാതപരം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ 

കൊച്ചി:യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയില്‍. പൊലീസ് അന്വേഷണം പക്ഷപാതപരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

അതേസമയം കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലാണ് വിചാരണ. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. പള്‍സര്‍ സുനിയാണ് ഒന്നാം പ്രതി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ തുടങ്ങിയ കേസ് വിചാരണയ്ക്കായി സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയായിരുന്നു. കോടതിയില്‍ വാദം ആരംഭിച്ചിട്ടില്ല.

രണ്ടു കുറ്റപത്രങ്ങളാണ് കേസില്‍ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്. രണ്ടാമത്തെ കുറ്റപത്രത്തിലാണ് ദിലീപിനെ എട്ടാം പ്രതിയാക്കി ഉള്‍പ്പെടുത്തിയിട്ടുള്ളത്.  ദിലീപിനെതിരേ കൂട്ട ബലാത്സംഗവും ഗൂഢാലോചനയും ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ദിലീപിന്റെ ഭാര്യ കാവ്യ മാധവന്‍, സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ, മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യര്‍ എന്നിവരുള്‍പ്പെടെ 355 സാക്ഷികളാണ് കുറ്റപത്രത്തില്‍ ഉള്ളത്. പോലീസുകാരനടക്കം രണ്ടുപേരെ കുറ്റപത്രത്തില്‍ മാപ്പുസാക്ഷികളാക്കിയിട്ടുണ്ട്.

ശാസ്ത്രീയ പരിശോധനാ ഫലങ്ങളടക്കം 413 രേഖകളും കുറ്റപത്രത്തിനൊപ്പം പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. സിനിമാ രംഗത്തു നിന്നുമാത്രം അമ്പതിലേറെപ്പേര്‍ സാക്ഷികളായ കുറ്റപത്രത്തില്‍ 33 പേരുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. നടിയോടുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന്  കാരണമെന്നാണ് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നത്. മൊബൈല്‍ ഫോണ്‍ രേഖകളടക്കം ഒട്ടേറെ ശാസ്ത്രീയ തെളിവുകളും ഹാജരാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com