ബാറുകള്‍ മുഴുവന്‍ പൂട്ടിയത് ഉമ്മന്‍ ചാണ്ടിക്കു തന്നോടുള്ള അസൂയ മൂലം: വിഎം സുധീരന്‍

ബാറുകള്‍ മുഴുവന്‍ പൂട്ടിയത് ഉമ്മന്‍ ചാണ്ടിക്കു തന്നോടുള്ള അസൂയ മൂലം: വിഎം സുധീരന്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: മദ്യനയത്തില്‍ തനിക്കു ലഭിച്ച ജന പിന്തുണകൊണ്ടുള്ള അസൂയയിലാണ് സംസ്ഥാനത്തെ എല്ലാ ബാറുകളും അടച്ചുപൂട്ടാന്‍ അന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി തീരുമാനിച്ചതെന്ന് കെപിസിസി മുന്‍ പ്രസിഡന്റ് വിഎം സുധീരന്‍. ക്രെഡിറ്റു തനിക്കു ലഭിച്ചെങ്കിലോ എന്ന സംശയം കൊണ്ട് മദ്യശാലകള്‍ പൂട്ടിയത് തെരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ മടിച്ചതായും സുധീരന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

തെറ്റായ രീതിയില്‍ നടത്തുന്നുവെന്ന് സിഎജി കണ്ടെത്തിയ 418 ബാറുകള്‍ അടച്ചുപൂട്ടണമെന്നാണ് താന്‍ ആവശ്യപ്പെട്ടിരുന്നത്. ഇടതുപക്ഷ സര്‍ക്കാര്‍ ആരംഭിച്ച ബാറുകളാണ് അത്. തന്റെ ഈ ആവശ്യത്തിന് വലിയ പിന്തുണയാണ് ലഭിച്ചത്. പൊതുജനങ്ങളും യുഡിഎഫ് ഘടകക്ഷികളും പിന്തുണയുമായി വന്നു. ഈ ഘട്ടത്തിലാണ് ആരും ആവശ്യപ്പെടാതെ തന്നെ 730 ബാറും പൂട്ടാന്‍ ഉമ്മന്‍ ചാണ്ടി തീരുമാനിച്ചത്. അസൂയ മാത്രമായിരുന്നു ഇതിനു പിന്നില്‍- സുധീരന്‍ പറഞ്ഞു.

ബാറുകള്‍ എത്ര അടച്ചുപൂട്ടിയാലും തനിക്കു സന്തോഷമേയുള്ളൂ. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ മദ്യനയം കുടുംബ യോഗങ്ങള്‍ വിളിച്ച് വിശദീകരിച്ചിരുന്നു. അതിനു വലിയ പ്രതികരണമുണ്ടായി. എന്നാല്‍ പിന്നീടു തെരഞ്ഞെടുപ്പില്‍ ഇക്കാര്യം വിഷയമാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ മടിച്ചു. ക്രെഡിറ്റ് തനിക്കു കിട്ടിടയെങ്കിലോ എന്ന സംശയമായിരുന്നു ഇതിനു പിന്നില്‍. മദ്യനയത്തിലെ നിലപാടിന്റെ പേരില്‍ തന്നെ വിമര്‍ശിക്കുന്ന എ ഗ്രൂപ്പിലെ യുവ നേതാക്കള്‍ ഇക്കാര്യം അറിയണമെന്ന് സുധീരന്‍ പറഞ്ഞു.

താന്‍ കെപിസിസി പ്രസിഡന്റ് ആയപ്പോള്‍ ക്രൂരമായ നിസംഗതയാണ് ഉമ്മന്‍ ചാണ്ടി പ്രകടിപ്പിച്ചത്. വീട്ടില്‍ പോയി കണ്ടിട്ടുംപോലും നീരസം പ്രകടിപ്പിച്ചു. തന്റെ രാഷ്ടീയ യാത്രകളെ തടയുന്ന സമീപനമായിരുന്നു ഉമ്മന്‍ ചാണ്ടിയുടേത്. അന്നു കോണ്‍ഗ്രസ് നടത്തിയ രണ്ടു യാത്രകളെയും പരാജയപ്പെടുത്താന്‍ ശ്രമിച്ചു. ജനരക്ഷാ യാത്രയുടെ ഉദ്ഘാടനത്തില്‍ യാത്ര നയിച്ച തന്റെ പേരു പരാമര്‍ശിക്കാന്‍ പോലും മടിച്ചെന്ന് സുധീരന്‍ കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com