മലപ്പുറത്ത് പോസ്റ്റ് ഓഫിസില്‍ നിന്ന് നാല് ലക്ഷം രൂപ കവര്‍ന്നു: പണവുമായി കടന്നുകളഞ്ഞത് സഹായമഭ്യര്‍ത്ഥിച്ചെത്തിയ ആള്‍

മലപ്പുറത്ത് പോസ്റ്റ് ഓഫിസില്‍ നിന്നും അപരിചിതന്‍ നാല് ലക്ഷം രൂപ കവര്‍ന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരൂര്‍: മലപ്പുറത്ത് പോസ്റ്റ് ഓഫിസില്‍ നിന്നും അപരിചിതന്‍ നാല് ലക്ഷം രൂപ കവര്‍ന്നു. സഹായം ചോദിച്ചെത്തിയയാളാണ് ഓഫിസിലെ മേശപ്പുറത്ത് സൂക്ഷിച്ചിരുന്ന നാല് ലക്ഷം കവര്‍ന്ന് ഓടിരക്ഷപ്പെട്ടത്. തിരൂര്‍ ഈസ്റ്റ്ബസാര്‍ പോസ്റ്റ് ഓഫിസില്‍ ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. 

രാവിലെ ഓഫിസിലെത്തി ആര്‍ഡി നിക്ഷേപം പിന്‍വലിച്ച ഇടപാടുകാരന് നല്‍കാന്‍ സൂക്ഷിച്ചിരുന്ന 744450രൂപയില്‍ നിന്ന് നാല് ലക്ഷമാണ് നഷ്ടമായത്. ഒരു മണിയോടെ പോസ്റ്റ് മാസ്റ്റര്‍ ഭക്ഷണം കഴിക്കാനായി തയാറാകുന്നതിനിടെ പാന്റും ഷര്‍ട്ടും ധരിച്ചെത്തിയയാള്‍ ഊമയാണെന്ന് രേഖ കാണിച്ച് സഹായം തേടി.

നാവ് പുറത്തേക്കിട്ട് സംസാര ശേഷിയില്ലെന്ന് ആംഗ്യം കാണിക്കുകയും ചെയ്തു. വരാന്തയില്‍ നിന്ന് പെട്ടെന്ന് ഓഫിസിനകത്തേക്ക് പ്രവേശിച്ച ഇയാളോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും തയാറായില്ല. സഹായം നല്‍കിയവരുടെ പേര് വിവരമെന്ന നിലയില്‍ വിവിധ തുകകള്‍ രേഖപ്പെടുത്തിയ പേപ്പറും കാണിച്ചു. 20 രൂപ എഴുതിക്കോളൂ എന്ന് പറഞ്ഞ് പണമെടുക്കാന്‍ പോസ്റ്റ്മാസ്റ്റര്‍ മുറിയിലെ ബാഗിനടുത്തേക്ക് പോയപ്പോള്‍ ഇയാളും കൂടെ ചെന്നു.

ബാഗില്‍ നിന്ന് പണമെടുത്ത് നല്‍കുന്നതിനിടെ പൊടുന്നനെ ഇയാള്‍ ഓടി മറയുകയായിരുന്നു. തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് പണം നഷ്ടമായ വിവരം അറിയുന്നത്. രണ്ട് ലക്ഷം വീതമുള്ള 200 രൂപയുടെ രണ്ട് കെട്ടുകളാണ് നഷ്ടമായത്. പോസ്റ്റ് മാസ്റ്റര്‍ മുറിയിലെ മേശപ്പുറത്താണ് പണം വെച്ചിരുന്നത്. ഈ മേശയുടെ അരികില്‍ നിന്നാണ് ഇയാള്‍ ഓടി മറഞ്ഞത്. ഈ സമയം പോസ്റ്റ് മാസ്റ്ററും ജീവനക്കാരനായ സുരേന്ദ്രനും ആര്‍ഡി ഏജന്റ് സുജാതയും മാത്രമാണുണ്ടായിരുന്നത്. സുരേന്ദ്രന്‍ മറ്റൊരു മുറിയിലായിരുന്നു. സുജാത ഭാര്‍ഗവിയുമായി സംസാരത്തിലുമായിരുന്നു. 

തിരൂര്‍ സ്വദേശി കൈപ്പാടത്ത് വാഹിദിന് നല്‍കാനായി സൂക്ഷിച്ചതായിരുന്നു പണം. പോസ്റ്റ് ഓഫിസിലുണ്ടായിരുന്ന ആര്‍ഡി അക്കൗണ്ട് രാവിലെ വാഹിദെത്തി ക്യാന്‍സല്‍ ചെയ്തിരുന്നു. തുടര്‍ന്ന് ഹെഡ് പോസ്റ്റ് ഓഫിസില്‍ നിന്ന് നാലര ലക്ഷം രൂപ വരുത്തുകയും ബാക്കി തുക ഇവിടെ നിന്ന് ചേര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് എണ്ണിത്തിട്ടപ്പെടുത്തി വെച്ച ശേഷമാണ് ഭാര്‍ഗവി ഭക്ഷണം കഴിക്കാനിരുന്നത്. വാഹിദ് പണം കൈപ്പറ്റാനായി വരാനിരിക്കെയായിരുന്നു സംഭവം. 

സംഭവത്തില്‍ തിരൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തിരൂര്‍ പോസ്റ്റല്‍ അസി. സൂപ്രണ്ട് ജലജയുടെ നേതൃത്വത്തില്‍ തപാല്‍ വകുപ്പും അന്വേഷണം തുടങ്ങി. തിരൂര്‍മഞ്ചേരി റോഡില്‍ പാന്‍ബസാറിലാണ് പോസ്റ്റ് ഓഫിസ്. മുകളിലത്തെ സ്ഥാപനത്തിലുള്ള സി.സിടി.വിയില്‍ കവര്‍ച്ചക്കാരന്‍ പോസ്റ്റ് ഓഫിസിലേക്ക് കയറുന്നതും ഓടി മറയുന്നതും പതിഞ്ഞിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com