അഫ്ഗാന്‍ പൗരന്റെ പദ്ധതി പൊളിച്ചത് എയര്‍ ഇന്ത്യയുടെ യന്ത്രത്തകരാര്‍; വിദേശ കറന്‍സി വേട്ടയിലേത് ഞെട്ടിക്കുന്ന യാദൃച്ഛികത

അഫ്ഗാന്‍ പൗരന്റെ പദ്ധതി പൊളിച്ചത് എയര്‍ ഇന്ത്യയുടെ യന്ത്രത്തകരാര്‍; വിദേശ കറന്‍സി വേട്ടയിലേത് ഞെട്ടിക്കുന്ന യാദൃച്ഛികത
അഫ്ഗാന്‍ പൗരന്റെ പദ്ധതി പൊളിച്ചത് എയര്‍ ഇന്ത്യയുടെ യന്ത്രത്തകരാര്‍; വിദേശ കറന്‍സി വേട്ടയിലേത് ഞെട്ടിക്കുന്ന യാദൃച്ഛികത


കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം പതിനൊന്നു കോടിയോളം രൂപയുടെ വിദേശ കറന്‍സി പിടികൂടാനായത് എയര്‍ ഇന്ത്യ വിമാനത്തിനു തകരാറു സംഭവിച്ചതിനാല്‍. യന്ത്രത്തകരാറു മൂലം എയര്‍ ഇന്ത്യ വിമാനം കൊച്ചിയില്‍ കുടുങ്ങിയതുകൊണ്ടു തികച്ചും യാദൃച്ഛികമായാണ് അഫ്ഗാന്‍ സ്വദേശി പിടിയിലായത്. 

വിദേശ കറന്‍സിയുമായി എത്തിയ ഇയാളുടെ ബാഗേജ് ഡല്‍ഹി വിമാനത്താവളത്തില്‍ പരിശോധന നടത്തിയാണ് വിമാനത്തില്‍ കയറ്റിയത്. അതിനാല്‍ സാധാരണഗതിയില്‍ കൊച്ചി വിമാനത്താവളത്തില്‍ ബാഗേജ് വീണ്ടും പരിശോധിക്കേണ്ടതില്ല. എന്നാല്‍, യന്ത്രത്തകരാറിനെ തുടര്‍ന്ന്് വിമാനം കൊച്ചിയില്‍ കുടുങ്ങിയത് യാത്രക്കാരന്റെ പദ്ധതികള്‍ പൊളിക്കുകയായിരുന്നു. 

ഇയാള്‍ കയറിയ എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയില്‍നിന്ന് ചൊവ്വാഴ്ച രാവിലെ എട്ടിനാണ് കൊച്ചിയിലെത്തിയത്. 9.20ന് ദുബായിലേക്ക് പോകേണ്ടതായിരുന്നു ഈ വിമാനം. എന്നാല്‍, യന്ത്രത്തകരാര്‍ കണ്ടെത്തിയതോടെ പുറപ്പെടല്‍ വൈകിച്ച് യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റേണ്ടി വന്നു. യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റിയിരുന്നെങ്കിലും ബാഗേജ്്് വിമാനത്താവളത്തില്‍ തന്നെയാണ് സൂക്ഷിച്ചിരുന്നത്. എന്നാല്‍ വിമാനം റദ്ദാക്കി പിറ്റേന്ന്് മറ്റൊരു വിമാനത്തില്‍ പോകേണ്ടി വന്നതിനാല്‍ ബാഗേജ് വീണ്ടും പരിശോധിക്കുകയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ എമിറേറ്റ്‌സ് വിമാനത്തില്‍ ദുബായിലേക്കു പോകാനെത്തിയപ്പവാണ് അഫ്ഗാന്‍ സ്വദേശിയുടെ ബാഗേജ് സിയാല്‍ സുരക്ഷാ വിഭാഗം പരിശോധിച്ചതും കറന്‍സി പിടികൂടിയതും. 

10.86 കോടി രൂപയുടെ വിദേശ കറന്‍സിയാണ് സിയാല്‍ സെക്യൂരിറ്റി വിഭാഗവും കസ്റ്റംസ് ഇന്റലിജന്‍സും ചേര്‍ന്ന് പിടികൂടിയത്. മുഹമ്മദ് ഷറീഫെന്ന അഫ്ഗാന്‍ പൗരന്റെ ബാഗേജില്‍നിന്നാണ് വിദേശ കറന്‍സി പിടിച്ചെടുത്തത്. 1,55,52,700 രൂപ മൂല്യം വരുന്ന 8.99  ലക്ഷം സൗദി റിയാലും 9, 30,76,358 രൂപ മൂല്യം കണക്കാക്കുന്ന 14.67 ലക്ഷം യു.എസ്. ഡോളറുമാണ് പിടികൂടിയത്. 
ആദ്യ പരിശോധനയില്‍ സംശയം തോന്നിയ സെക്യുരിറ്റി ഉദ്യോഗസ്ഥര്‍ മൂന്നുവട്ടം പരിശോധന നടത്തിയപ്പോഴാണു വിദേശ കറന്‍സി കണ്ടെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com