പൊലീസുകാരുടെ അടിമപ്പണി: മുഖ്യമന്ത്രി ഡിജിപിയോട് റിപ്പോര്‍ട്ട് തേടി

ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടില്‍ ജോലി ചെയ്യുന്ന പൊലീസുകാരുടെ പട്ടിക ഇന്ന് തന്നെ നല്‍കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി. വാഹനങ്ങളുടെ കണക്ക് നല്‍കാനും നിര്‍ദ്ദേശമുണ്ട്
പൊലീസുകാരുടെ അടിമപ്പണി: മുഖ്യമന്ത്രി ഡിജിപിയോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം:  പൊലീസുകാരെ കൊണ്ട് അടിമപ്പണി ചെയ്യിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍. ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടില്‍ ജോലി ചെയ്യുന്ന പൊലീസുകാരുടെ പട്ടിക ഇന്ന് തന്നെ നല്‍കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി. വാഹനങ്ങളുടെ കണക്ക് നല്‍കാനും നിര്‍ദ്ദേശമുണ്ട്. 

പൊലീസ് സേനയ്ക്കുള്ളില്‍ തന്നെ കനത്ത പ്രതിഷേധം ഉയര്‍ന്ന സാഹചരത്തിലാണ് ഇടപെടല്‍. പൊലീസ് അസോസിയേഷനും സംഭവത്തില്‍ സുതാര്യമായ അന്വേഷണം ആവശ്യപ്പട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിയുെട ഓഫീസ് ഇടപെട്ടിരുന്നു. ഇത്തരത്തിലുള്ള സംഭവം മേലില്‍ നിന്ന് ആവര്‍ത്തിക്കരുതെന്നും ഡിജിപിയോട് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസുകാരനെതിരെയും എഡിജിപിയുടെ മകള്‍ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.എ.ഡി.ജി.പി.യുടെ മകള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ നീതി ലഭിക്കാനായി കേസുമായി ഏതറ്റം വരെയും പോകുമെന്ന് മര്‍ദ്ദനത്തിനിരയായ പോലീസുകാരന്‍ ഗവാസ്‌കര്‍ പറഞ്ഞു. കേസ് ഒതുക്കിത്തീര്‍പ്പാക്കാന്‍ ശ്രമിച്ച ബറ്റാലിയന്‍ എ.ഡി.ജി.പി. സുദേഷ് കുമാര്‍ അതു നടക്കില്ല എന്നു കണ്ടപ്പോള്‍ തനിക്കെതിരെ കള്ളക്കേസ് ചുമത്താന്‍ ശ്രമിക്കുന്നതായും ഗവാസ്‌കര്‍ ആരോപിച്ചു. 

മകളെ ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നു കാണിച്ചാണ് ഗവാസ്‌കറിനെതിരെ സുദേഷ് കുമാര്‍ കേസ് കൊടുത്തിരിക്കുന്നത്. എന്നാല്‍ ഈ കേസ് നിലനില്‍ക്കില്ല എന്ന പരിപൂര്‍ണ വിശ്വാസത്തിലാണ് ഗവാസ്‌കര്‍. സംഭവം നടന്ന കനകക്കുന്ന് പരിസരത്ത് സി.സി.ടി.വി. ക്യാമറകള്‍ ഉണ്ട്. അതിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ തന്നെ കാര്യങ്ങള്‍ വ്യക്തമാകുമെന്ന് ഗവാസ്‌കര്‍ പറയുന്നു. 

ഇതാദ്യമായല്ല സുദേഷ് കുമാറിനെതിരെ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉണ്ടാവുന്നത്. സുദേഷിന്റെ കൂടെ ജോലിക്കായി നിയോഗിച്ചിട്ടുള്ള പോലീസുകാരെ കൊണ്ട് വീട്ടു ജോലികള്‍ സഹിതം ചെയ്യിക്കുന്നുണ്ടെന്ന് ഗവാസ്‌കര്‍ പറയുന്നു. വീടു തുടപ്പിക്കുക, വീട്ടുസാധനങ്ങള്‍ വാങ്ങിപ്പിക്കുക, സ്വിമ്മിങ് പൂള്‍ കഴുകിക്കുക തുടങ്ങിയ ജോലികള്‍ പോലീസുകാരെക്കൊണ്ട് ചെയ്യിക്കാറുണ്ടായിരുന്നു. 

പലരും പരാതി പറയുകയും സുദേഷിന്റെ കീഴില്‍ നിന്നും ജോലി മാറ്റിത്തരണം എന്നു പേപ്പര്‍ നല്‍കിയിട്ടുള്ളതുമായി ഗവാസ്‌കര്‍ പറയുന്നു. ഇവരോടൊക്കെ പിന്നീടും വൈരാഗ്യത്തോടെയാണ് സുദേഷ് പെരുമാറിയിട്ടുള്ളതെന്നും ഗവാസ്‌കര്‍ പറയുന്നു. 

ഇതിനു മുമ്പും സുദേഷിന്റെ മകള്‍ സ്‌നിക്തയുടെ ഭാഗത്തു നിന്നും സമാനമായ പെരുമാറ്റം ഉണ്ടായതായും അതിനെക്കുറിച്ച് മുമ്പും പരാതിപ്പെട്ടിട്ടുള്ളതായും ഗവാസ്‌കര്‍ പറയുന്നു. ഇനിയും ആര്‍ക്കും ഇത്തരത്തിലുള്ള അനുഭവം ഉണ്ടാകാതിരിക്കാനാണ് പരാതിയായി തന്നെ മുന്നോട്ട് പോകുന്നതെന്നും ഗവാസ്‌കര്‍ പറയുന്നു. 

ഗവാസ്‌കര്‍ കൂടെ ജോലി ചെയ്യുന്ന ആറാമത്തെ ഓഫീസറാണ് സുദേഷ് കുമാര്‍. ഇതിനു മുമ്പ് കൂടെ ജോലി ചെയ്തിട്ടുള്ള രണ്ട് വനിതാ ഉദ്യേഗസ്ഥരുടെയും മൂന്ന് പുരുഷ ഉദ്യോഗസ്ഥരുടെയും ഭാഗത്തു നിന്നും ഇത്തരത്തിലുള്ള ഒരു പെരുമാറ്റവും ഉണ്ടായിട്ടില്ലെന്നും തന്നെക്കുറിച്ചും അവര്‍ക്കും പരാതി ഇല്ലായിരുന്നുവെന്നും ഗവാസ്‌കര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com