മഹേശ്വരുടെ മരണം പുത്രദുഃഖത്താല്‍; മോഹനരുടെ താത്രിക വിലക്ക് പിന്‍വലിക്കണമെന്ന് ശബരിമല ദേവപ്രശ്‌നം

മഹേശ്വരുടെ മരണം പുത്രദുഃഖത്താല്‍; മോഹനരുടെ താത്രിക വിലക്ക് പിന്‍വലിക്കണമെന്ന് ശബരിമല ദേവപ്രശ്‌നം
മഹേശ്വരുടെ മരണം പുത്രദുഃഖത്താല്‍; മോഹനരുടെ താത്രിക വിലക്ക് പിന്‍വലിക്കണമെന്ന് ശബരിമല ദേവപ്രശ്‌നം


പത്തനംതിട്ട: ശബരിമല പൂജകളില്‍ നിന്നു വിലക്കേര്‍പ്പെടുത്തിയ തന്ത്രി കുടുംബാംഗം കണ്ഠര് മോഹനരുടെ താന്ത്രിക അവകാശം പുനഃസ്ഥാപിക്കണമെന്ന് സന്നിധാനത്തില്‍ നടന്ന ദേവപ്രശ്‌ന വിധി. താന്ത്രിക ആചാര്യന്‍ കണ്ഠര് മഹേശ്വരര് മനോദുഃഖത്താല്‍ മരിച്ചതിന് ഇതിലൂടെയേ പരിഹാരമാകൂവെന്നും ദേവപ്ര്ശ്‌നം ചൂണ്ടിക്കാട്ടി. ഇക്കാര്യം ദേവസ്വം ബോര്‍ഡ് അംഗീകരിച്ചു.

കഴിഞ്ഞ മാസം 15നു നിശ്ചയിച്ച ദേവപ്രശ്‌നം വലിയ തന്ത്രി കണ്ഠര് മഹേശ്വരരുടെ നിര്യാണത്തെ തുടര്‍ന്നു മുടങ്ങിയതിനെപ്പറ്റിയുള്ള ചിന്തയിലാണ് ഇതുണ്ടായത്. ആചാര്യ സ്ഥാനത്തു പാപഗ്രഹം വന്നതിനാല്‍ മനോദുഃഖത്താലാണ് മരണം ഉണ്ടായതെന്നും വിലയിരുത്തി. പുത്രനെ താന്ത്രിക കര്‍മത്തില്‍ നിന്നു വിലക്കിയതിനാലാണ് മനോദുഃഖം ഉണ്ടായതെന്നുാണ് കണ്ടെത്തല്‍

മോഹനരെ പ്രതിയാക്കി ശിക്ഷാ നടപടികള്‍ ഇല്ലെന്നും അദ്ദേഹം വാദിയായ കേസിലെ പ്രതികളെ ശിക്ഷിച്ചതായും ദേവസ്വം ബോര്‍ഡ് പ്രശ്‌നവേദിയില്‍ അറിയിച്ചു. കുറ്റം ചെയ്യാത്ത അദ്ദേഹത്തെ പൂജാദി കര്‍മങ്ങളില്‍ നിന്നു വിലക്കിയതു പാപമാണ്. അതിനാല്‍ പാപപരിഹാരമായി തന്ത്രി മോഹനര്‍ക്ക് താന്ത്രിക അവകാശം വീണ്ടും നല്‍കുന്നതിനു തടസമില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ വേദിയില്‍ പറഞ്ഞു. അടുത്ത മാസം മോഹനര്‍ക്കു പൂജ കഴിക്കാന്‍ അവസരം നല്‍കാമെന്ന് തന്ത്രി കണ്ഠര് രാജീവരും പ്രശ്‌നവേദിയില്‍ അറിയിച്ചു.

ദേവന്റെ നേര്‍ ദൃഷ്ടിക്കു തടസമായ പതിനെട്ടാം പടിയുടെ മേല്‍ക്കൂര പൊളിച്ചു മാറ്റണമെന്നും ദേവപ്രശ്‌നത്തില്‍ തെളിഞ്ഞു. നിര്‍മാണത്തില്‍ വാസ്തുവിന്റെ അശാസ്ത്രീയതയുണ്ടെന്നും ശില്‍പികളുടെ ഇടയില്‍ കലഹത്തിനും വൈഷമ്യങ്ങള്‍ക്കും ഇടയാക്കുമെന്നും കണ്ടു. പതിനെട്ടാം പടിയും പൊന്നമ്പലമേടുമായി ബന്ധമുണ്ട്. ഭഗവാന്റെ നോട്ടം എപ്പോഴും പൊന്നമ്പലമേട്ടിലേക്ക് ഉണ്ട്. വിശിഷ്ടമായ സര്‍പ്പങ്ങളുള്ള സ്ഥാനമാണ്. എന്നും സ്മരിക്കേണ്ട സ്ഥാനമാണിത്. പൂര്‍വകാലത്ത് വൈഷ്ണവ സാന്നിധ്യമുള്ള ക്ഷേത്രം അവിടെ ഉണ്ടായിരുന്നു. അവ നശിച്ചു. അമാനുഷിക ശക്തിയുടെ സാന്നിധ്യം ഇപ്പോഴും അവിടെയുണ്ട്.

പ്രകൃതിയുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ അവിടെ ക്ഷേത്ര നിര്‍മാണം വേണ്ടെന്നും വിധിച്ചു. മുന്‍പ് നടന്ന ദേവപ്രശ്‌നത്തില്‍ ഇവിടെ ആലയം നിര്‍മിക്കണമെന്നു ശുപാര്‍ശയുണ്ടായിരുന്നു.അയ്യപ്പനു ചാര്‍ത്തുന്ന ആഭരണങ്ങളില്‍ ഒന്നു നഷ്ടപ്പെടുകയോ കളവു പോകുകയോ ഉണ്ടായിട്ടുണ്ട്. തിരുവാഭരണത്തിലെ തിടമ്പിനോടൊപ്പമുള്ള തിരുമുഖത്തിലെ മാലയാണ് നഷ്ടപ്പെടുകയോ ചാര്‍ത്താതിരിക്കുകയോ ചെയ്യുന്നത്. ഇത് പാപമാണ്. ഇതിന്റെ ദോഷം പന്തളം രാജകുടുംബത്തില്‍ അനുഭവപ്പെടുന്നുണ്ടെന്നും പ്രശ്‌നത്തില്‍ പറഞ്ഞു. ഭഗവാനുമായി അടുത്ത സ്ഥലങ്ങള്‍ മലീമസമായി കിടക്കുന്നതില്‍ ദേവന് അതൃപ്തിയുണ്ടെന്നും പരിഹാരം വേണമെന്നും നിര്‍ദേശിച്ചു.

നാലില്‍ ചൊവ്വയുള്ളതിനാല്‍ ഭാവിയില്‍ അഗ്‌നിഭയം ഉണ്ടാകാതെ ശ്രദ്ധിക്കണം. ക്ഷേത്രത്തിന്റെ ചൈതന്യ സ്ഥാനവുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവര്‍ക്ക് അപമൃത്യുവിനും സാധ്യത കാണുന്നു. തിടപ്പള്ളിയില്‍ പ്രത്യേകം ശ്രദ്ധിക്കണം. പാചക വാതകം ഉപയോഗിക്കുമ്പോഴും സൂക്ഷിക്കണമെന്നും പ്രശ്‌നത്തില്‍ തെളിഞ്ഞു.കായംകുളം എരുവ വി.സി.ശ്രീനിവാസന്‍ പിള്ള, തിരിശേരി ജയരാജ പണിക്കര്‍, പൂക്കാട് സോമന്‍ പണിക്കര്‍, പുതുവാമന ഹരിദാസന്‍ നമ്പൂതിരിപ്പാട്, ചോരോട് ശ്രീനാഥ് പണിക്കര്‍, മുടവൂര്‍പാറ ഡോ. ഡി.ശിവകുമാര്‍, പുത്തേടത്തില്ലം ഹരികൃഷ്ണ ശര്‍മ എന്നിവരാണ് മറ്റു ദൈവജ്ഞര്‍. കൃഷ്ണപ്രസാദ്, രവീന്ദ്ര ഭട്ട്, മാങ്കുളം വിഷ്ണു നമ്പൂതിരി, പൊട്ടക്കുഴി ശ്രീനാഥ് നമ്പൂതിരി, ദിനേശന്‍ വാരനാട്, വിഷ്ണു അന്ധിഗ എന്നിവരാണ് സഹദൈവജ്ഞര്‍. തന്ത്രി കണ്ഠര് രാജീവര് രാശി പൂജ നടത്തി. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ ദീപം തെളിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com