'പട്ടിയെ വളര്‍ത്തുന്നവര്‍ കുളിപ്പിക്കാനും പഠിക്കണം';കൂടുതല്‍ പൊലീസുകാരെ കൂടെനിര്‍ത്തുന്നത് രാഷ്ട്രീയക്കാരും ജഡ്ജിമാരും: തച്ചങ്കരി

അനധികൃതമായി പൊലീസുകാരെ കൈവശം വെച്ചിരിക്കുന്നവരിലേറെയും രാഷ്ട്രീയക്കാരും ജഡ്ജിമാരുമാണെന്ന് തച്ചങ്കരി ആരോപിച്ചു
'പട്ടിയെ വളര്‍ത്തുന്നവര്‍ കുളിപ്പിക്കാനും പഠിക്കണം';കൂടുതല്‍ പൊലീസുകാരെ കൂടെനിര്‍ത്തുന്നത് രാഷ്ട്രീയക്കാരും ജഡ്ജിമാരും: തച്ചങ്കരി

തിരുവനന്തപുരം: പൊലീസിലെ ദാസ്യപ്പണിക്കെതിരെയുളള പ്രതിഷേധം കനക്കുമ്പോള്‍ പ്രതികരണവുമായി കെഎസ്ആര്‍ടിസി എം ഡി ടോമിന്‍ ജെ തച്ചങ്കരി. അനധികൃതമായി പൊലീസുകാരെ കൈവശം വെച്ചിരിക്കുന്നവരിലേറെയും രാഷ്ട്രീയക്കാരും ജഡ്ജിമാരുമാണെന്ന് തച്ചങ്കരി ആരോപിച്ചു. 

സുരക്ഷാ ഭീഷണിയില്ലാത്തവരും പൊലീസുകാരെ കൂടെ നിര്‍ത്തുന്നുണ്ട്. പട്ടിയെ വളര്‍ത്തുന്നവര്‍ കുളിപ്പിക്കാനും പഠിക്കണമെന്ന് ദാസ്യപ്പണി വിവാദത്തില്‍ തച്ചങ്കരി പരിഹസിച്ചു.

പ്രമുഖരുടെ സുരക്ഷാ ചുമതലയ്ക്ക് നിയോഗിച്ചിട്ടുളള പൊലീസുകാരുടെ കണക്ക് എഡിജിപി ആയിരിക്കെ എട്ടുമാസം മുമ്പ് ടോമിന്‍ ജെ തച്ചങ്കരി സംസ്ഥാന പോലീസ് മേധാവിക്ക് സമര്‍പ്പിച്ചിരുന്നു. സുരക്ഷാ ഭീഷണി ഇല്ലാത്ത രാഷ്ട്രീയ നേതാക്കന്മാര്‍ക്കും വിരമിച്ച ജഡ്ജിമാര്‍ക്കും മതസാമുദായിക സംഘടനാ നേതാക്കന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കുംപൊലീസ് അനാവശ്യ സുരക്ഷ നല്‍കുന്നത് തുടരുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പൊലീസിലെ ദാസ്യപ്പണി വിവാദം പുറത്തെത്തിയതോടെ, സുരക്ഷാ ചുമതലയ്ക്കായി നിയോഗിച്ചിരിക്കുന്നവരുടെ കണക്കെടുപ്പ് വീണ്ടും ആരംഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എട്ടുമാസം മുമ്പത്തെ റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചതാണെന്ന ആരോപണം ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. ഓരോ ക്യാമ്പില്‍നിന്നും സുരക്ഷാചുമതലയ്ക്ക് നിയോഗിക്കപ്പെട്ടവരുടെ വിവരങ്ങളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. 

276 പൊലീസുകാരെയാണ് സുരക്ഷാ ഭീഷണിയില്ലാത്ത മന്ത്രിമാര്‍, മുന്‍മന്ത്രിമാര്‍, മുന്‍കേന്ദ്രമന്ത്രിമാര്‍ എന്നിവരുടെ സുരക്ഷാ ജോലിക്കായി നിയോഗിച്ചിരിക്കുന്നത്. വിരമിച്ച ജഡ്ജിമാരടക്കമുള്ളവരുടെ സുരക്ഷാ ചുമതലയ്ക്കായി 146 പൊലീസുകാരെയും നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ ഇവരില്‍ പലര്‍ക്കും സുരക്ഷാ ഭീഷണിയില്ല.

യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചനൊപ്പമുള്ളത് രണ്ടു പൊലീസുകാരാണ്. മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന കാരണം കാണിച്ച് രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്ന കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്താണ് തങ്കച്ചന് സുരക്ഷ അനുവദിച്ചതെന്നും തച്ചങ്കരിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com