അത്യാസന്ന നിലയിലുള്ള രോഗിയെ വരാന്തയില്‍ ഉപേക്ഷിച്ച് ആംബുലന്‍ ജീവനക്കാര്‍ മുങ്ങി; പൊലീസില്‍ പരാതിയുമായി ആശുപത്രി അധികൃതര്‍

അത്യാസന്ന നിലയിലുള്ള രോഗിയെ വരാന്തയില്‍ ഉപേക്ഷിച്ച് ആംബുലന്‍ ജീവനക്കാര്‍ മുങ്ങി; പൊലീസില്‍ പരാതിയുമായി ആശുപത്രി അധികൃതര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലേക്കു റഫര്‍ ചെയ്ത, അത്യാസന്നനിലയിലുള്ള രോഗിയെ അത്യാഹിത വിഭാഗത്തിന്റെ വരാന്തയില്‍ ഉപേക്ഷിച്ച്  ആംബുലന്‍സ് ജീവനക്കാര്‍ കടന്നുകളഞ്ഞു. കൂടെയുള്ളയാള്‍ ഒപി ടിക്കറ്റെടുക്കാന്‍ പോയ സമയത്തായിരുന്നു രോഗിയെ വഴിയിലുപേക്ഷിച്ച് ജീവനക്കാര്‍ സ്ഥലം വിട്ടത്. സംഭവത്തെ തുടര്‍ന്ന് ആംബുലന്‍സ് ജീവനക്കാര്‍ക്കെതിരെ ആശുപത്രി അധികൃതര്‍ പരാതി നല്‍കി. 

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് മുന്നിലാണ് സംഭവമുണ്ടായത്. കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍നിന്ന് വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയച്ച രോഗിയെയാണ് വരാന്തയില്‍ കിടത്തിയ നിലയില്‍ കണ്ടെത്തിയത്. 

കല്ലമ്പലത്തെ ആശുപത്രി അധികൃതര്‍ ഏര്‍പ്പാടാക്കിയ സ്വകാര്യആംബുലന്‍സ് രോഗിയുമായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍  എത്തിയപ്പോള്‍ കൂടെയുണ്ടായിരുന്ന ആളെ ഒപി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞയക്കുകയായിരുന്നു. ഒരാള്‍ മാത്രമാണ് രോഗിക്കൊപ്പമുണ്ടായിരുന്നു. ഈ സമയത്ത് ആംബുലന്‍സ് ജീവനക്കാര്‍ രോഗിയെ അത്യാഹിത വിഭാഗത്തിന് മുന്നില്‍ കിടത്തി കടന്നുകളയുകയായിരുന്നു. 

വരാന്തയില്‍ ഒരാള്‍ കിടക്കുന്നത് കണ്ട ആശുപത്രി ജീവനക്കാര്‍ രോഗിയെ ഐസിയുവിലേക്ക് മാറ്റി. രോഗിയുടെ പക്കല്‍ ചികിത്സാ രേഖകളോ, മറ്റ് ആളുകളോ ഇല്ലായിരുന്നു. പിന്നീട് ആശുപത്രി ജീവനക്കാരാണ് ഇയാളുടെ ബന്ധുവിനെ കണ്ടെത്തിയത്.

ഇതേതുടര്‍ന്ന് രോഗിയെ ഉപേക്ഷിച്ച് പോയ ആംബുലന്‍സ് ജീവനക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആശുപത്രി അധികൃതര്‍ പരാതി നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com