സെന്‍കുമാറിന്റെ അഭിമുഖം വീണ്ടെടുക്കാന്‍ പൊലീസ് കേന്ദ്ര ഫൊറന്‍സിക് ലാബിനെ സമീപിക്കുന്നു

സെന്‍കുമാറിന്റെ അഭിമുഖം വീണ്ടെടുക്കാന്‍ പൊലീസ് കേന്ദ്ര ഫൊറന്‍സിക് ലാബിനെ സമീപിക്കുന്നു
സെന്‍കുമാറിന്റെ അഭിമുഖം വീണ്ടെടുക്കാന്‍ പൊലീസ് കേന്ദ്ര ഫൊറന്‍സിക് ലാബിനെ സമീപിക്കുന്നു

തിരുവനന്തപുരം: മുന്‍ സംസ്ഥാന പൊലീസ് മേധാവി ടി പി സെന്‍കുമാര്‍ സാമുദായിക സ്പര്‍ധ ഉണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്ന പരാതിക്കിടയാക്കിയ അഭിമുഖത്തിന്റെ ഉറവിടം കണ്ടെത്താന്‍ പൊലീസ് കേന്ദ്ര ഫൊറന്‍സിക് സയന്‍സ് ലാബിനെ സമീപിക്കുന്നു. ഇതിനു മുന്നോടിയായി െ്രെകംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കി. സംസ്ഥാന ഫൊറന്‍സിക് സയന്‍സ് ലാബില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ട് തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണിത്. 

സമകാലിക മലയാളം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച അഭിമുഖം റെക്കോഡ് ചെയ്ത മൊബൈല്‍ ഫോണ്‍, അഭിമുഖം ലാപ്‌ടോപ്പിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാനുപയോഗിച്ച മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്, അഭിമുഖം പകര്‍ത്തിയ സി ഡി എന്നിവയാണ് ഫൊറന്‍സിക് സയന്‍സ് ലാബില്‍ പരിശോധിച്ചത്. സി ഡിയില്‍ അഭിമുഖം പൂര്‍ണരൂപത്തില്‍ ഉണ്ടെങ്കിലും ഫോണില്‍ നിന്നും ലാപ്‌ടോപ്പില്‍ നിന്നും കണ്ടെത്താനായില്ല എന്നാണ് ഫൊറന്‍സിക് റിപ്പോര്‍ട്ട്. അഭിമുഖം വിവാദമാകുന്നതിനു മുമ്പ് ഫോണില്‍ നിന്നും ലാപ്‌ടോപ്പില്‍ നിന്നും ഡിലീറ്റ് ചെയ്തിരുന്നുവെന്ന് ലേഖകന്‍ പൊലീസിനു നേരത്തേ നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു. ആ സാഹചര്യത്തില്‍ ഫോണിലും ലാപ്‌ടോപ്പിലും അഭിമുഖം ഇല്ല എന്നത് പുതിയ കണ്ടെത്തലല്ല എന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ അത് വീണ്ടെടുക്കുന്നതിനു സംസ്ഥാന ഫൊറന്‍സിക് സയന്‍സ് ലാബിന് കഴിഞ്ഞില്ല. മാത്രമല്ല ആ വിവരം അന്വേഷണ സംഘം അറിയാതെ ചില മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. പിന്നാലെ സെന്‍കുമാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഫൊറന്‍സിക് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ പൊലീസിനു നിര്‍ദേശം നല്‍കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതു തമ്മില്‍ പരസ്പര ബന്ധം ഉണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. 

തനിക്ക് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ നിയമനം ലഭിക്കുന്നത് വൈകിപ്പിക്കാന്‍ കേസ് അന്വേഷണം വൈകിപ്പിക്കുന്നു എന്നും അന്വേഷണം വേഗത്തില്‍ തീര്‍ക്കാന്‍ നിര്‍ദേശം നല്‍കണം എന്നും ആവശ്യപ്പെട്ടാണ് സെന്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇത് പരിഗണിച്ച് ഒരു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി പൊലീസിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. െ്രെകംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷണം നടത്തുന്നത്.

ഫൊറന്‍സിക് റിപ്പോര്‍ട്ട് സെന്‍കുമാറിന് അനുകൂലമാക്കാന്‍ നീക്കമുണ്ടായി എന്ന സംശയം പൊലീസ് തലപ്പത്ത് ഉണ്ടായ സാഹചര്യത്തിലാണ് ഹൈദരാബാദിലെ കേന്ദ്ര ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ കോടതിയുടെ അനുമതിയോടെ വിദഗ്ധപരിശോധനയ്ക്ക് അയയ്ക്കുന്നത്. അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ പൂര്‍ണമായും സിഡിയില്‍ വ്യക്തമാണ്. അതൊന്നും അദ്ദേഹം പിന്നീട് നിഷേധിച്ചിട്ടുമില്ല. മാത്രമല്ല, താന്‍ പറഞ്ഞ കാര്യങ്ങള്‍ ചില നെറ്റികള്‍ ചുളിയാന്‍ ഇടയാക്കിയിട്ടുണ്ടെന്നും ആ ചുളിവുകള്‍ അങ്ങനെതന്നെ ഇരിക്കട്ടെ എന്നുമാണ് അഭിമുഖം പുറത്തുവന്ന ശേഷം ജന്മഭൂമി ദിനപത്രം സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത് സെന്‍കുമാര്‍ പറഞ്ഞത്. ചില സത്യങ്ങള്‍ തൈലംപുരട്ടി മൂടിവച്ചിട്ട് കാര്യമില്ല എന്ന് അഭിമുഖത്തില്‍ അദ്ദേഹം പറയുന്നതും വ്യക്തമാണ്. എന്നാല്‍ അഭിമുഖം പകര്‍ത്തിയ സി ഡി പ്രാഥമിക തെളിവായി സ്വീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് മൊബൈല്‍ ഫോണില്‍ നിന്നും ലാപ്‌ടോപ്പില്‍ നിന്നും വീണ്ടെടുക്കാന്‍ ശ്രമിക്കുന്നത്. 

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ഉള്‍പ്പെടെ എട്ട് പേരുടെ പരാതിയാണ് അഭിമുഖവുമായി ബന്ധപ്പെട്ട് സെന്‍കുമാറിനെതിരേ പൊലീസിനു ലഭിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com