കിടപ്പുമുറിയിലിട്ട് ഭര്‍ത്താവിനെ കൊന്നത് പ്രണയതീവ്രതയില്‍; സോഫിയയുടെ നാടകം പൊളിച്ചത് പൊലീസിന്റെ തന്ത്രം; തെളിവായി ഡയറിക്കുറിപ്പുകളും സിസിടിവിയും

ഇരുവരുടേയും പ്രണയം വെളിപ്പെടുത്തുന്ന ഡയറിക്കുറിപ്പുകളും സിസിടിവി ദൃശ്യങ്ങളുമെല്ലാമാണ് ഇരുവരേയും കുടുക്കാന്‍ പൊലീസിനെ സഹായിച്ചത്
കിടപ്പുമുറിയിലിട്ട് ഭര്‍ത്താവിനെ കൊന്നത് പ്രണയതീവ്രതയില്‍; സോഫിയയുടെ നാടകം പൊളിച്ചത് പൊലീസിന്റെ തന്ത്രം; തെളിവായി ഡയറിക്കുറിപ്പുകളും സിസിടിവിയും

ഴു വയസുകാരനായ മകനെ ഉറക്കി കിടത്തിയാണ് സോഫിയ തന്റെ ഭര്‍ത്താവിനെ കാമുകന്റെ സഹായത്തോടെ കൊന്നു തള്ളിയത്. ഓസ്‌ട്രേലിയയില്‍ സാം എബ്രഹാമിനെ സയനേഡ് നല്‍കി കൊന്ന കേസില്‍ ഭാര്യ സോഫിയയേയും കാമുകന്‍ അരുണ്‍ കമലാസനും പൊലീസ് കുടുക്കിയത് വളരെ തന്ത്രപൂര്‍വമായ നീക്കത്തിലൂടെ. ഇരുവരുടേയും പ്രണയം വെളിപ്പെടുത്തുന്ന ഡയറിക്കുറിപ്പുകളും സിസിടിവി ദൃശ്യങ്ങളുമെല്ലാമാണ് ഇരുവരേയും കുടുക്കാന്‍ പൊലീസിനെ സഹായിച്ചത്. സാമിന്റെ കൊലപാതകത്തില്‍ സോഫിയയ്ക്ക് 22 വര്‍ഷവും കാമുകന്‍ അരുണിന് 27 വര്‍ഷവും തടവുശിക്ഷയാണ് വിധിച്ചത്.

കാമുകനൊപ്പം ഒന്നിച്ചു താമസിക്കാന്‍ ഭര്‍ത്താവൊരു തടസ്സമാകുമെന്ന് തോന്നിയപ്പോഴാണ് ഭര്‍ത്താവിനെ ഇല്ലാതാക്കാന്‍ സോഫിയ കമുകനൊപ്പം ചേര്‍ന്ന് പദ്ധതി തയാറാക്കുന്നത്. വളരെ കൃത്യമായ പ്ലാനിങ്ങോടെയായിരുന്നു ഇരുവരുടേയും നീക്കം. അവക്കാഡോ ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി കൊടുത്തു മയക്കി കെടുത്തിയതിന് ശേഷം ഓറഞ്ച് ജ്യൂസില്‍ സയനേഡ് കലര്‍ത്തിക്കൊടുത്താണ് സാമിനെ ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തുന്നത്.

അതിന് ശേഷം ഭര്‍ത്താവ് ഹൃദയസ്തംഭനം വന്നതാണെന്ന് സോഫിയ എല്ലാവരേയും പറഞ്ഞ് ബോധ്യപ്പെടുത്തി. വീട്ടുകാരും ബന്ധുക്കളും സോഫിയയുടെ വാക്കുകള്‍ വിശ്വസിച്ചെങ്കിലും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിനെ മാറ്റി ചിന്തിപ്പിച്ചു. രക്തത്തിലും കരളിവും അമിതമായി സയനേഡ് കണ്ടെത്തിയതോടെ സോഫിയയുടെ നീക്കങ്ങള്‍ പൊലീസ് രഹസ്യമായി അന്വേഷിക്കാന്‍ തുടങ്ങിയതാണ് സാമിന്റെ മരണത്തില്‍ വഴിത്തിരിവായത്. 

യുഎഇ എക്‌സ്‌ചേഞ്ച് ജീവനക്കാരനായിരുന്ന പുനലൂര്‍ കരുവാളൂര്‍ ആലക്കുന്നില്‍ സാം ഏബ്രഹാമിനെ 2015 ഒക്ടോബര്‍13 നാണ് വീട്ടിലെ കിടപ്പു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചതിന് ശേഷം മകനോടൊപ്പം സോഫിയ മെല്‍ബണിലേക്ക് മടങ്ങി. ഇതോടെ സോഫിയയും അരുണും പൂര്‍ണമായി പൊലീസ് നിരീക്ഷണത്തിലായി. അവരുടെ യാത്രകളും പണമിടപാടുകളുമെല്ലാം പൊലീസ് പരിശോധിച്ചു.

ഇരുവരും തമ്മില്‍ ബന്ധമുണ്ടെന്ന് തെളിഞ്ഞതോടെയാണ് സോഫിയയേയും അരുണിനേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇരുവരും തമ്മിലുള്ള ബന്ധം തെളിയിക്കാന്‍ നിരവധി തെളിവുകളാണ് പ്രൊസിക്യൂഷന്‍ ഹാജരാക്കിയത്. ഇരുവരുടെയും ഡയറിക്കുറിപ്പുകളായിരുന്നു ഇതില്‍ പ്രധാനം. പരസ്പരം ഉള്ള പ്രണയം വ്യക്തമാക്കുന്ന തരത്തില്‍ നിരവധി വാചകങ്ങള്‍ ഇവരുടെ ഡയറിയില്‍ ഉണ്ടായിരുന്നു.

കൊലപാതകത്തിന് മുമ്പ് ഇരുവരും സംയുക്തമായി ബാങ്ക് അക്കൗണ്ട് തുടങ്ങിയതും, അരുണിന്റെ അക്കൗണ്ട് ഉപയോഗിച്ച് സോഫിയ നാട്ടിലേക്ക് പണമയച്ചതുമെല്ലാം തെളിവുകളായി പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. സാമിന്റെ മരണത്തിനു ശേഷം ഇരുവരും ഒരുമിച്ച് യാത്ര ചെയ്യുന്നതും, വീട്ടിലേക്ക് പോകുന്നതുമെല്ലാം രഹസ്യാന്വേഷണ പൊലീസുദ്യോഗസ്ഥര്‍ നിരീക്ഷിച്ചിരുന്നു. ഇതിന്റെ സി സി ടി വി ദൃശ്യങ്ങളും കോടതി പരിശോധിച്ചു. സാമിന്റെ പേരിലുള്ള കാര്‍ സോഫിയ പിന്നീട് അരുണ്‍ കമലാസനന്‌റെ പേരിലേക്ക് മാറ്റുകയും ചെയ്തു. ഭര്‍ത്താവിനെ കൊന്നതില്‍ പശ്ചാത്താപംപോലും സോഫിയയ്ക്കുണ്ടായിരുന്നില്ലെന്നാണ് വിധി പ്രഖ്യാപിക്കുകൊണ്ട് ന്യായാധിപന്‍ പറഞ്ഞത്. അത്രയ്ക്കും ക്രൂരമായിരുന്നു ഇരുവരുടേയും പ്രണയം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com