സ്‌കൂളിലെ 'മുങ്ങല്‍ വിദഗ്ധര്‍' ഉടന്‍ കൈയോടെ പിടിക്കപ്പെടും...!

സ്‌കൂളിലെ 'മുങ്ങല്‍ വിദഗ്ധര്‍' ഉടന്‍ കൈയോടെ പിടിക്കപ്പെടും...!

ക്ലാസില്‍ കയറാതെ മുങ്ങിനടക്കുന്ന സ്‌കൂള്‍ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ക്‌ളാസ് തുടങ്ങി ഒരു മണിക്കൂറിനുള്ളില്‍ രക്ഷിതാക്കളെ അറിയിക്കാന്‍ പുതിയ സംവിധാനവുമായി തിരുവനന്തപുരം കോര്‍പറേഷന്‍.

തിരുവനന്തപുരം: ക്ലാസില്‍ കയറാതെ മുങ്ങിനടക്കുന്ന സ്‌കൂള്‍ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ക്‌ളാസ് തുടങ്ങി ഒരു മണിക്കൂറിനുള്ളില്‍ രക്ഷിതാക്കളെ അറിയിക്കാന്‍ പുതിയ സംവിധാനവുമായി തിരുവനന്തപുരം കോര്‍പറേഷന്‍. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സഹായ എസ്എംഎസ്, കേരള പൊലീസിന്റെ ഇതിനായുള്ള മൊബൈല്‍ ആപ്‌ളിക്കേഷന്‍ എന്നിവ പരിഷ്‌ക്കരിച്ചു പുതിയ സംവിധാനം നടപ്പാക്കാനാണു തീരുമാനം. ഇതോടെ കോര്‍പറേഷന്‍ പരിധിയിലെ 230 സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെയും കുട്ടികളെ കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ രക്ഷിതാക്കള്‍ക്കു ലഭ്യമാകും. 

വിദ്യാര്‍ഥിയുടെ പേര്, മേല്‍വിലാസം, ഫൊട്ടോ എന്നിവ ആദ്യം അപ് ലോഡു ചെയ്യും. ക്‌ളാസില്‍ ഹാജരാകാത്ത കുട്ടികളുടെ വിവരങ്ങള്‍ ക്‌ളാസ് ചുമതലയുള്ള അധ്യാപകര്‍ വെബ് ആപ്‌ളിക്കേഷനില്‍ അപ് ലോഡ്  ചെയ്യണം. ആദ്യ പിരീഡ് കഴിയുമ്പോള്‍ എസ്എംഎസ് വഴി രക്ഷിതാവിനു വിവരം ലഭിക്കും. തിരികെ ബന്ധപ്പെടാനായി ക്‌ളാസിന്റെ ചുമതലയുള്ള അധ്യാപകന്റെയും സ്‌കൂളിന്റെയും ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയാണ് എസ്എംഎസ് ലഭിക്കുക. 

സ്‌കൂളില്‍ നടത്തുന്ന പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍, കുട്ടികളുടെ പ്രോഗ്രസ് കാര്‍ഡ്, പരീക്ഷാ തീയതി, ബസ് റൂട്ടുകള്‍ എന്നിവയും മൊബൈലില്‍  ലഭ്യമാക്കാനുള്ള സമഗ്ര പദ്ധതിയാണ് അണിയറയില്‍ തയാറാകുന്നത്. ഓണ പരീക്ഷയ്ക്കു മുന്‍പ് പരിഷ്‌കാരം നിലവില്‍ വരുമെന്നു കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു.

നിലവില്‍ കോര്‍പറേഷന്‍ പരിധിയിലെ സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 130 സ്‌കൂളുകളില്‍ സഹായ എസ്എംഎസും പൊലീസിന്റെ മൊബൈല്‍ ആപ്‌ളിക്കേഷനും പ്രവര്‍ത്തനക്ഷമമാണ്. അധ്യയന ദിവസം ക്‌ളാസ് തുടങ്ങി ഹാജര്‍ രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ അന്നേദിവസം ക്‌ളാസില്‍ എത്താത്ത കുട്ടികളുടെ വിവരങ്ങള്‍ സഹായ വെബ് ആപ്‌ളിക്കേഷനില്‍ അപ്‌ലോഡു ചെയ്യേണ്ട ചുമതല അതത് ക്‌ളാസിന്റെ ചുമതലയുള്ള അധ്യാപകര്‍ക്കാണ്. എന്നാല്‍ മിക്ക സര്‍ക്കാര്‍ സ്‌കൂളുകളിലും പദ്ധതി കൃത്യമായി നടപ്പാകുന്നില്ലെന്നു ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണു കോര്‍പറേഷന്റെ ഇടപെടല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com