കാലില്‍ ടയര്‍ കയറ്റിയെന്ന് പൊലീസില്‍ പരാതി, ഓട്ടോ ഇടിച്ചെന്ന് ആശുപത്രി രേഖ; എഡിജിപിയുടെ മകളുടെ മൊഴിയില്‍ വൈരുദ്ധ്യം

പൊലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍ മര്‍ദ്ദിച്ചെന്ന് കാട്ടി എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യം. ഔദ്യോഗിക വാഹനത്തിന്റെ ടയര്‍ കാലിലൂടെ കയറ്റിയെന്നാണ് പൊലീസില്‍ നല്‍കിയിരുന്ന പരാതി.
കാലില്‍ ടയര്‍ കയറ്റിയെന്ന് പൊലീസില്‍ പരാതി, ഓട്ടോ ഇടിച്ചെന്ന് ആശുപത്രി രേഖ; എഡിജിപിയുടെ മകളുടെ മൊഴിയില്‍ വൈരുദ്ധ്യം

തിരുവനന്തപുരം: പൊലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍ മര്‍ദ്ദിച്ചെന്ന് കാട്ടി എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യം. ഔദ്യോഗിക വാഹനത്തിന്റെ ടയര്‍ കാലിലൂടെ കയറ്റിയെന്നാണ് പൊലീസില്‍ നല്‍കിയിരുന്ന പരാതി. എന്നാല്‍ ഓട്ടോറിക്ഷ ഇടിച്ചാണ് പരിക്കേറ്റത് എന്നാണ് ആശുപത്രി രേഖകളില്‍ ഉള്ളത്. ഗവാസ്‌കറുടെ പരാതിയില്‍ എഡിജിപിയുടെയും ഭാര്യയുടെയും മകളുടെയും മൊഴിയെടുക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. വ്യാജപരാതിയാണ് നല്‍കിയതെന്ന് തെളിഞ്ഞാല്‍ എഡിജിപിയുടെ മകളെ കേസില്‍ പ്രതിചേര്‍ത്തേക്കുമെന്നും പൊലീസ് വ്യക്തമാക്കുന്നു.

അതിനിടെ ഗവാസ്‌കറിനെതിരെ സുദേഷ്‌കുമാറിന്റെ മകള്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.അപമര്യാദയായി പെരുമാറിയെന്നും ഉപദ്രവിച്ചുവെന്നും ചൂണ്ടിക്കാട്ടി ഹര്‍ജി സമര്‍പ്പിക്കാനാണ് നീക്കം. ഇത് സംബന്ധിച്ച് കൊച്ചിയിലെത്തി അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അലക്ഷ്യമായി വാഹനമോടിച്ചതാവാം ഗവാസ്‌കറിന് പരിക്കേല്‍ക്കാന്‍ കാരണമെന്നും പൊതുജനമധ്യത്തില്‍ തന്നെ അവഹേളിക്കാനാണ് ശ്രമമെന്നും ഡിജിപിക്ക് സമര്‍പ്പിച്ച പരാതിയില്‍ എഡിജിപി സുദേഷ്‌കുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ വാഹനം അലക്ഷ്യമായി ഓടിച്ചതിനും ഇടിച്ചതിനും തെളിവ് ഹാജരാക്കിയിട്ടില്ല. പുതിയ പരാതികള്‍ ഉന്നയിച്ച് കേസന്വേഷണം വൈകിപ്പിക്കുകയാണ് എഡിജിപി ചെയ്യുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. എഡിജിപിയുടെ മകളുടെ പരാതിയില്‍ ഗവാസ്‌കറെ അറസ്റ്റ് ചെയ്യുന്നത് ജൂലൈ നാല് വരെ കോടതി സ്‌റ്റേ ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com