ജെയ്ക്കും വിജിനും ഒഴിയും : സംസ്ഥാന സമിതിയിലേക്ക് പുതുമുഖങ്ങള്‍; എസ്.എഫ്.ഐ സമ്മേളനം ഇന്ന് സമാപിക്കും

എസ്.എഫ്.ഐ സംസ്ഥാന സമ്മേളനം ഭാരവാഹികളുടെ തിരഞ്ഞെടുപ്പോടെ ഇന്ന് സമാപിക്കും.
ജെയ്ക്കും വിജിനും ഒഴിയും : സംസ്ഥാന സമിതിയിലേക്ക് പുതുമുഖങ്ങള്‍; എസ്.എഫ്.ഐ സമ്മേളനം ഇന്ന് സമാപിക്കും


കൊല്ലം: എസ്.എഫ്.ഐ സംസ്ഥാന സമ്മേളനം ഭാരവാഹികളുടെ തിരഞ്ഞെടുപ്പോടെ ഇന്ന് സമാപിക്കും. സംസ്ഥാന സെക്രട്ടറി എം. വിജിന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിന്മേലുള്ള പൊതുചര്‍ച്ച ഇന്നുച്ചയോടെ സമാപിക്കും. ചര്‍ച്ചയ്ക്ക് മറുപടി നല്‍കിയ ശേഷം പുതിയ സംസ്ഥാന കമ്മിറ്റിയുടെ പാനല്‍ അവതരിപ്പിക്കും. 25 വയസ് പിന്നിട്ടവര്‍ എസ്.എഫ്.ഐ നേതൃനിരയില്‍ തുടരേണ്ടതില്ലെന്ന സി.പി.എം നിര്‍ദ്ദേശം കര്‍ശനമായി പാലിക്കാനാണ് ധാരണ. അതിനാല്‍ നിലവിലെ സംസ്ഥാന സെക്രട്ടറിയേറ്റിലെയും കമ്മിറ്റിയിലെയും മഹാഭൂരിപക്ഷം പേരും പുറത്തു പോകും.

സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടന്ന എല്ലാ ജില്ലാ സമ്മേളനങ്ങളിലും സംസ്ഥാന കമ്മിറ്റിയംഗങ്ങളല്ലാത്ത പുതുമുഖങ്ങളാണ് ഭാരവാഹികളായത്. നിലവില്‍ സംസ്ഥാന കമ്മിറ്റിയില്‍ ഇല്ലാത്ത എല്ലാ ജില്ലാ ഭാരവാഹികളെയും ജില്ലയിലെ പ്രധാനപ്പെട്ട നേതാക്കളെയും സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തും.

സംസ്ഥാന സെക്രട്ടറി എം. വിജിനും പ്രസിഡന്റ് ജെയ്ക് ്‌സി.തോമസും ഉള്‍പ്പെടെ സംസ്ഥാന സെന്ററിലെയും സെക്രട്ടറിയേറ്റിലെയും വലിയ നേതൃനിര ഒഴിയും. സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ് പദവികളിലേക്കും വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി പദവികളിലേക്കും ഏറെക്കുറെ പുതുമുഖങ്ങളെ തന്നെ പരീക്ഷിക്കാനാണ് നീക്കം. എസ്.എഫ്.ഐ യുടെ സംഘടനാ പ്രവര്‍ത്തനത്തിലും അംഗത്വവിതരണത്തിലും ഉള്‍പ്പെടെ സ്വയം വിമര്‍ശനങ്ങളേറെയുണ്ടെങ്കിലും സര്‍ക്കാരിനും പൊലീസിനുമെതിരായ വിമര്‍ശനങ്ങളൊന്നും റിപ്പോര്‍ട്ടിലില്ല. എല്ലാ സമ്മേളന റിപ്പോര്‍ട്ടുകളിലുമെന്ന പോലെ ഇത്തവണയും എ.ഐ.എസ്.എഫിനെതിരെ വലിയ വിമര്‍ശനമാണ് റിപ്പോര്‍ട്ടിലുള്ളത്. കാമ്പസുകളില്‍ എ.ഐ.എസ്.എഫിന്റെ സ്വാധീനം ഇല്ലെന്നാണ് റിപ്പോര്‍ട്ടിലെ പരമാര്‍ശം.

ഇന്നലെ രാവിലെ മുതല്‍ രാത്രി വരെ നടന്ന പൊതുചര്‍ച്ചയില്‍ നേതൃത്വത്തിനെതിരെ കാര്യമായ വിമര്‍ശനങ്ങള്‍ ജില്ലാ കമ്മിറ്റികളില്‍ നിന്നുണ്ടായില്ല. സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് നേതൃത്വത്തിനിടയില്‍ തര്‍ക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളുമില്ലെന്നാണ് വിവരം. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലെ എസ്.എഫ്.ഐയുടെ ചുമതലക്കാരന്‍ കെ.എന്‍.ബാലഗോപാല്‍ മുഴുവന്‍ സമയവും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com