മുറി പൂട്ടിയതും സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതും ആര്?;വീട്ടമ്മയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് മകള്‍ 

മരണം നടന്ന വീട്ടില്‍ മറ്റാരുടെയോ സാന്നിധ്യം ഉണ്ടായിരുന്നുവെന്നു പൊലീസ് ഉറപ്പിക്കുന്നു
മുറി പൂട്ടിയതും സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതും ആര്?;വീട്ടമ്മയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് മകള്‍ 

തിരുവനന്തപുരം: വെളളറടയില്‍ ഒറ്റയ്ക്കു താമസിക്കുകയായിരുന്ന വീട്ടമ്മയുടെ മരണകാരണം ഹൃദയസ്തംഭനമാണെന്നു സൂചന. കത്തിപ്പാറ ആടുവിഴുന്നാന്‍കുഴി ഷാജിഭവനില്‍ ബേബി(58)യുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരാണു പ്രാഥമിക നിഗമനം പൊലീസിനു കൈമാറിയത്. അതേസമയം, മരണം നടന്ന വീട്ടില്‍ മറ്റാരുടെയോ സാന്നിധ്യം ഉണ്ടായിരുന്നുവെന്നു പൊലീസ് ഉറപ്പിക്കുന്നു. മൃതദേഹം കിടന്ന മുറി പുറത്തുനിന്നു പൂട്ടി താക്കോല്‍ മാറ്റിവച്ചിരുന്നതും സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതും പൊലീസിനെ കുഴയ്ക്കുന്നു. ഏഴര പവന്റെ മാലയും നാലു മോതിരങ്ങളും രണ്ടു വളകളുമാണു ബേബിക്കുണ്ടായിരുന്നതെന്നു ബന്ധുക്കള്‍ നല്‍കിയ മൊഴിയിലുണ്ട്.

ഇതു നഷ്ടപ്പെട്ടത് എങ്ങനെയെന്നു കണ്ടെത്താന്‍ ശ്രമിക്കുകയാണു പൊലീസ്. സംഭവവുമായി ബന്ധപ്പെട്ടു മാരായമുട്ടം സ്വദേശിയായ ഒരു യുവാവിനെ കസ്റ്റഡിയിലെടുത്തെങ്കിലും മൊഴിയെടുത്തു വിട്ടയച്ചു. ചടങ്ങുകള്‍ കഴിയുന്ന മുറയ്ക്കു ബന്ധുക്കളെ വിളിച്ചുവരുത്തി വീണ്ടും മൊഴിയെടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫൊറന്‍സിക് വിഭാഗത്തിന്റെ കണ്ടെത്തലുകളും തുടര്‍ അന്വേഷണത്തിനു സഹായകമാകും. ആന്തരികാവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ടും ലഭിക്കാനുണ്ട്. 

ബുധനാഴ്ച ഉച്ചയ്ക്കാണു ബേബിയെ നാട്ടുകാര്‍ അവസാനമായി പുറത്തു കണ്ടത്. അന്നു വൈകിട്ടു മകള്‍ സിന്ധു അമ്മയെ കാണാനെത്തിയിരുന്നു. വീടിന്റെ മുന്‍വാതില്‍ പുറത്തുനിന്നു പൂട്ടാന്‍ കഴിയാത്ത നിലയിലാണ്.അതിനാല്‍ സിന്ധുവിനു വീടിനുള്ളില്‍ കയറാനായി. അമ്മ മുറി പൂട്ടി പുറത്തുപോയിരിക്കുകയാണെന്നു കരുതി, സിന്ധു രാത്രി വീട്ടിലെ ഹാളില്‍ കിടന്നുറങ്ങി. അമ്മയുടെ മുറി പൂട്ടിയിട്ട നിലയിലായിരുന്നുവെന്നും മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫായിരുന്നുവെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും സിന്ധു പൊലീസിനു മൊഴി നല്‍കിയിരുന്നു. 

മുറിയുടെ താക്കോല്‍ സ്‌റ്റെയര്‍കെയ്‌സിനടിയില്‍ വച്ചിരുന്ന തടിയുടെ ഇടയില്‍നിന്നാണു കണ്ടെടുത്തതെന്നാണു മകള്‍ പറഞ്ഞത്. പുറത്തേക്കു പോകുമ്പോള്‍ ബേബി താക്കോല്‍ ഇവിടെയാണത്രേ വയ്ക്കാറുള്ളത്. താക്കോല്‍ കണ്ടെടുത്തു മുറി തുറന്നപ്പോഴാണ് അഴുകിത്തുടങ്ങിയ മൃതദേഹം കണ്ടത്. തുടര്‍ന്നു പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌കരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com