വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാക്കി ; ദാസ്യപ്പണിയില്‍ പൊലീസിന് മുഖ്യമന്ത്രിയുടെ താക്കീത്

ഉയര്‍ന്ന  ജനാധിപത്യ മൂലമുള്ള കേരള സമൂഹത്തില്‍ പൊലീസും അതനുസരിച്ച് ഉയര്‍ന്ന് പ്രവര്‍ത്തിക്കണമായിരുന്നു
വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാക്കി ; ദാസ്യപ്പണിയില്‍ പൊലീസിന് മുഖ്യമന്ത്രിയുടെ താക്കീത്

തിരുവനന്തപുരം : ദാസ്യപ്പണി വിവാദത്തില്‍ പൊലീസിന് മുഖ്യമന്ത്രി പിണറായി വിജയന്റെ താക്കീത്. വിവാദങ്ങള്‍ സര്‍ക്കാരിനെ മോശമായി ബാധിച്ചു. പൊലീസുകാരെയും ക്യാംപ് ഫോളോവര്‍മാരെയും ഒപ്പം നിര്‍ത്തണം. ഓരോ മാധ്യമവാര്‍ത്തകള്‍ ഉദ്ധരിച്ചായിരുന്നു മുഖ്യമന്ത്രി പൊലീസ് ഓഫീസര്‍മാരുടെ ഉന്നതതല യോഗത്തില്‍ വിമര്‍ശനം ഉന്നയിച്ചത്. 

അടിമപ്പണി പൊലീസില്‍ അനുവദിക്കില്ല. ഉയര്‍ന്ന  ജനാധിപത്യ മൂലമുള്ള കേരള സമൂഹത്തില്‍ പൊലീസും അതനുസരിച്ച് ഉയര്‍ന്ന് പ്രവര്‍ത്തിക്കണമായിരുന്നു. ചില ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് കടുത്ത വീഴ്ചയുണ്ടായി. ഇത് അനുവദിക്കാനാകില്ല. ചില ഉദ്യോഗസ്ഥരുടെ  ഭാഗത്ത് വര്‍ക്കിംഗ് അറേഞ്ച്‌മെന്റിന്റെ ഭാഗമായി പൊലീസുകാര്‍ ഉള്ളതായാണ് അറിയുന്നത്. വര്‍ക്കിംഗ് അറേഞ്ച്‌മെന്റ് സമ്പ്രദായം അനന്തമായി നീട്ടിക്കൊണ്ടുപോകാനാകില്ല. കൂടുതല്‍ പൊലീസുകാരെ നിര്‍ത്തിയിട്ടുള്ള ഉദ്യോഗസ്ഥര്‍ അധികമുള്ളവരെ ഉടന്‍ തിരിച്ച് അയക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. 

ചട്ടങ്ങള്‍ പാലിച്ചേ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കാവൂ. പൊലീസ് സ്റ്റേഷനുകളില്‍ കേസ് അന്വേഷണം സംബന്ധിച്ച് അറിയിക്കാന്‍ കോള്‍സെന്റര്‍ സംവിധാനം തുടങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സ്റ്റേഷനുകളിലുണ്ടായ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ എസ്പിമാര്‍ക്ക് വീഴ്ച പറ്റി. പ്രശ്‌നം പരിഹരിക്കുന്നതിന് എസ്പിമാര്‍ സമയബന്ധിതമായി ഇടപെട്ടില്ല. എസ്പിമാര്‍ സ്റ്റേഷനുകളില്‍ പരിശോധന നടത്തുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സ്റ്റേഷനുകളില്‍ എസ്പിമാര്‍ മിന്നല്‍ പരിശോധന കര്‍ശനമാക്കണം. ഗൗരവമേറിയ കേസുകളുടെ അന്വേഷണ മേല്‍നോട്ടം എസ്പിമാര്‍ ഏറ്റെടുക്കണം. ക്രൈംബ്രാഞ്ചും സ്‌പെഷല്‍ ബ്രാഞ്ചും വിജിലന്‍സും വിശ്രമകേന്ദ്രങ്ങളാക്കരുതെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. എസ്പി മുതലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രി കടുത്ത നിലപാട് വ്യക്തമാക്കിയത്. യോഗത്തില്‍ ദാസ്യപ്പണി ആരോപണത്തെ തുടര്‍ന്ന് നടപടി നേരിട്ട എഡിജിപി സുദേഷ് കുമാര്‍ പങ്കെടുത്തില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com