സമൂഹമാധ്യമങ്ങളിലൂടെ ആരെയും കടന്നാക്രമിക്കാനും അധിക്ഷേപിക്കാനും സ്വാതന്ത്ര്യമുണ്ടെന്ന ചിന്ത ശരിയല്ല : ഹൈക്കോടതി 

വ്യക്തികളെയും സംഘങ്ങളെയും കൂട്ടിയിണക്കാന്‍ ശക്തിയുണ്ടെങ്കിലും സമൂഹമാധ്യമങ്ങള്‍ അനുവദിക്കുന്ന സ്വാതന്ത്ര്യം ചൂഷണം ചെയ്യരുതെന്ന് കോടതി
സമൂഹമാധ്യമങ്ങളിലൂടെ ആരെയും കടന്നാക്രമിക്കാനും അധിക്ഷേപിക്കാനും സ്വാതന്ത്ര്യമുണ്ടെന്ന ചിന്ത ശരിയല്ല : ഹൈക്കോടതി 

കൊച്ചി : സമൂഹമാധ്യമങ്ങളെ വ്യാപകമായി ദുരുപയോഗിക്കുന്നുണ്ടെന്ന് ഹൈക്കോടതി. സമൂഹമാധ്യമങ്ങളുടെ വെര്‍ച്വല്‍ ലോകത്ത് ആരെയും കടന്നാക്രമിക്കാനും അധിക്ഷേപിക്കാനും സ്വാതന്ത്ര്യമുണ്ടെന്ന ജനത്തിന്റെ ചിന്ത ശരിയല്ലെന്നും കോടതി പറഞ്ഞു. വ്യക്തികളെയും സംഘങ്ങളെയും കൂട്ടിയിണക്കാന്‍ ശക്തിയുണ്ടെങ്കിലും സമൂഹമാധ്യമങ്ങള്‍ അനുവദിക്കുന്ന സ്വാതന്ത്ര്യം ചൂഷണം ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു. 

ഫേസ്ബുക്കിലൂടെയുള്ള അധിക്ഷേപത്തിനെതിരെ സിറ്റിംഗ് എംപിയുടെ ഭാര്യ നല്‍കിയ പരാതിയില്‍ പ്രതിയായ ഡെമോക്രോറ്റിക് കേരള കോണ്‍ഗ്രസ് നേതാവ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ടാണ് ജസ്റ്റിസ് രാജവിജയരാഘവന്റെ ഉത്തരവ്. ഡെമോക്രോറ്റിക് കേരള കോണ്‍ഗ്രസ് യൂത്ത് വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി ഏറ്റുമാനൂര്‍ കൊച്ചുമാലിയില്‍ മജീഷ് കെ മാത്യുവാണ് കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. പ്രതി എത്രയും വേഗം കീഴടങ്ങിയശേഷം ജാമ്യത്തിന് ശ്രമിക്കണമെന്നും കോടതി വ്യക്തമാക്കി. 

പരാതിക്കാരിയെ അപമാനിക്കാന്‍ ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തുവെന്ന് പ്രഥമദൃഷ്ട്യാ കാണാം. സൈബര്‍ വിരട്ടല്‍, സൈബര്‍ സെക്‌സിസം, സൈബര്‍ സ്ത്രീ വിദ്വേഷം എന്നെല്ലാം ഇക്കാലത്ത് പറയപ്പെടുന്ന രീതികളാണ് പ്രതികള്‍ പിന്തുടര്‍ന്നിട്ടുള്ളത്. ഓണ്‍ലൈന്‍ മുഖേനയുള്ള ലൈംഗികാതിക്രമം പ്രകടമാണ്. പരാതിക്കാരിയുടെ രാഷ്ട്രീയ ചായ്‌വിലുള്ള എതിര്‍പ്പു മൂലം പ്രതികളുടെ വിവേചനപരവും അവഹേളനപരവുമായ നിലപാട് വ്യക്തമാണ്. ഇത്തരം ഓണ്‍ലൈന്‍ ഇരയാക്കല്‍ ശരിയല്ലെന്നും കോടതി വ്യക്തമാക്കി. 

കേസില്‍ ഐടി നിയമം ബാധകമാകുമോയെന്ന് അന്വേഷണത്തില്‍ പൊലീസിന് പരിശോധിക്കാമെന്നും കോടതി നിര്‍ദേശിച്ചു. ഹര്‍ജിക്കാരന്‍ പോസ്റ്റ് ചെയ്തതും ടാഗ് ചെയ്തതും ലൈക് ചെയ്തതുമായ സന്ദേശങ്ങളില്‍ അധാര്‍മ്മികവും ക്രമവിരുദ്ധവുമായ ലൈംെഗികതയുടെ സൂചനകളുണ്ട്. പരാതിക്കാരിയുടെയും ഭര്‍ത്താവിന്റെയും ചിത്രങ്ങള്‍ പോലും പേജുകളില്‍ ഉള്‍പ്പെടുത്തി. ഒരു സ്ത്രീയെ ഓണ്‍ലൈന്‍ വഴി ചെളിവാരിയെറിയുകയോ അധിക്ഷേപിക്കുകയോ ചെയ്യാന്‍ ഹര്‍ജിക്കാരന് അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. 

ഫേസ്ബുക്കിലൂടെയുള്ള അപകീര്‍ത്തികരവും അശ്ലീല ചുവയുള്ളതുമായ പ്രചാരണം നടത്തിയത് ഓണ്‍ലൈന്‍ മുഖേനയുള്ള ലൈംഗിക അതിക്രമമാണെന്ന എംപിയുടെ ഭാര്യയുടെ പരാതിയില്‍ പാല പൊലീസാണ് കേസെടുത്തത്. ഹര്‍ജിക്കാരന്റെയും കൂട്ടാളികളുടെയും പോസ്റ്റുകളുടെ പ്രിന്റ് ഔട്ടുകളും സ്‌ക്രീന്‍ഷോട്ടുകളും ഉള്‍പ്പെട്ട കേസ് ഡയറി പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ നിരീക്ഷണം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com