അതിര്‍ത്തി കടന്നെത്തുന്ന അയലയ്ക്ക് വെറും 160രൂപ; ഫ്രെഷ് നാടന്‍ അയലയ്ക്ക് കിലോ 300!

ചാള കിലോഗ്രാമിന് 240 രൂപയ്ക്ക് വിറ്റിരുന്നതില്‍ നിന്ന് വില പകുതിയായി കുറഞ്ഞിരിക്കുകയാണ്. ചൂര വില 340ല്‍ നിന്ന് 160രൂപയായും അയലയുടെ വില 300ല്‍ നിന്ന് 160രൂപയായും കുറഞ്ഞു
 അതിര്‍ത്തി കടന്നെത്തുന്ന അയലയ്ക്ക് വെറും 160രൂപ; ഫ്രെഷ് നാടന്‍ അയലയ്ക്ക് കിലോ 300!

കൊച്ചി: അതിര്‍ത്തികളില്‍ ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യം പിടികൂടിയതോടെ അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന മീനുകളുടെ വില കുത്തനെ ഇടിയുന്നു. ചാള കിലോഗ്രാമിന് 240 രൂപയ്ക്ക് വിറ്റിരുന്നതില്‍ നിന്ന് വില പകുതിയായി കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ രണ്ടുദിവസത്തിനിടയിലാണ് മീന്‍ വിലയില്‍ വ്യാപക ഇടിവാണ് ഉണ്ടായിരിക്കുന്നത്. ചൂര വില 340ല്‍ നിന്ന് 160രൂപയായും അയലയുടെ വില 300ല്‍ നിന്ന് 160രൂപയായും കുറഞ്ഞു. 300രൂപയായിരുന്ന കിളിമീന്‍ വില 240രൂപയായി കുറഞ്ഞു. 

അന്യസംസ്ഥാന മീനുകള്‍ക്ക് വില കുത്തനെ ഇടിയുമ്പോള്‍ പരമ്പരാഗത വള്ളക്കാര്‍ പിടിക്കുന്ന കായല്‍ മീനുകള്‍ക്കാകട്ടെ ഡിമാന്‍ഡേറുകയാണ്. ഈ മീനുകള്‍ ചന്തയിലേക്ക് എത്തുന്നതിന് മുമ്പേ വിറ്റുതീരുന്ന അവസ്ഥയാണുള്ളത്. നാടന്‍ ചാളയ്ക്കും അയലയ്ക്കും ആവശ്യക്കാര്‍ ഏറെയാണെങ്കിലും ചെമ്മീനാണ് ഇക്കൂട്ടത്തില്‍ ആവശ്യക്കാരേറെ. ചെറിയ ചെമ്മീന്‍ അടുത്തകാലത്തൊന്നും കേട്ടിട്ടില്ലാത്തത്ര വിലയിലേക്കാണ് ഉയര്‍ന്നത്. കിലോയ്ക്ക് 250രൂപ മുതലാണ് ചെറിയ ചെമ്മീന് നല്‍കേണ്ടിവരുന്നത്. 

ട്രോളിംഗ് നിരോധന കാലത്ത് നാടന്‍ മീനുകള്‍ക്ക് വില ഉയരുമെങ്കിലും ആദ്യമായാണ് ഇത്ര വില കടക്കുന്നത്. നാടന്‍ ചാളയ്ക്ക് കിലോഗ്രാമിന് 260 രൂപയും അയലയ്ക്ക് 300 രൂപയും നല്‍കണം. വലിയ അയലയ്ക്ക് ഒന്നിന് 50രൂപ വരെ നല്‍കേണ്ടിവരുന്ന സാഹചര്യമാണുള്ളത്. നാടന്‍ മീനുകളില്‍ മായം ചേര്‍ത്തിട്ടില്ലെന്ന വിശ്വാസമാണ് തീവില കൊടുത്തും ഇത് വാങ്ങാന്‍ ജനം തയ്യാറാകുന്നതിന് കാരണം. 

കായല്‍ മീനുകള്‍ക്ക് വിപണിയില്‍ വിലയേറുമ്പോഴും ഇതിന്റെ മെച്ചം തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഇടനിലക്കാര്‍ കൊള്ളലാഭം കൊയ്യുന്നതായാണ് ജീവനക്കാരുടെ പരാതി. കൊച്ചി, വൈപ്പിന്‍, മുനമ്പം പ്രദേശങ്ങളില്‍ ഈ ദിവസങ്ങളില്‍ കൊഴുവയും ചാളയും വ്യാപകമായി കിട്ടുന്നുണ്ടെങ്കിലും ലഭ്യതയ്ക്കനുസരിച്ച് മീന്‍വിലയില്‍ ഇടിവുണ്ടാകുന്നില്ല. 

അന്യസംസ്ഥാന മീനുകള്‍ ജനം വേണ്ടെന്നുവയ്ക്കുമ്പോഴും ഇവയുടെ വരവില്‍ കുറവുണ്ടായിട്ടില്ലെന്നതും വാസ്തവം. അതിര്‍ത്തിയില്‍ ഭക്ഷസുരക്ഷാ വകുപ്പ് ചില വാഹനങ്ങള്‍ പിടിച്ചതൊഴിച്ചാല്‍ കാര്യമായ സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com