അച്ഛും അമ്മയും പ്രതികളായ ബലാല്‍സംഗക്കേസിലെ പെണ്‍കുട്ടിയെ പ്രതികള്‍ക്കൊപ്പം അയയ്ക്കാന്‍ ഇടപെടല്‍; ബാലാവകാശ കമ്മിഷന്‍ അംഗം പ്രതിക്കൂട്ടില്‍

കോടതി പരിസരിത്ത് ഭീകരാവസ്ഥ സൃഷ്ടിച്ച അഛനെ മജിസ്‌ട്രേട്ട് കൈയോടെ റിമാന്‍ഡ് ചെയ്തു
അച്ഛും അമ്മയും പ്രതികളായ ബലാല്‍സംഗക്കേസിലെ പെണ്‍കുട്ടിയെ പ്രതികള്‍ക്കൊപ്പം അയയ്ക്കാന്‍ ഇടപെടല്‍; ബാലാവകാശ കമ്മിഷന്‍ അംഗം പ്രതിക്കൂട്ടില്‍

തിരുവനന്തപുരം: മകളെ ബലാല്‍സംഗം ചെയ്യാന്‍ ഒത്താശ ചെയ്തുകൊടുത്തതിന് അച്ഛനും അമ്മയും പ്രതിസ്ഥാനത്തുള്ള കേസിലെ ഇരയെ സ്വന്തം വീട്ടിലേക്ക് നിര്‍ബന്ധിച്ച് അയച്ചുവെന്ന് ആരോപണം നേരിടുന്ന ബാലാവകാശ കമ്മിഷന്‍ അംഗം നിര്‍ഭയ അധികൃതര്‍ക്കെതിരേ പെണ്‍കുട്ടിയില്‍ നിന്ന് പരാതി എഴുതി വാങ്ങിയെന്ന് ആക്ഷേപം. സംഭവവുമായി ബന്ധപ്പെട്ട് നിര്‍ഭയയുടെ പ്രധാന ചുമതലകളിലുള്ള രണ്ട് വനിതാ ഉദ്യോഗസ്ഥര്‍ക്കെതിരേ ബാലാവകാശ കമ്മിഷന്‍ അന്വേഷണം തുടങ്ങി. 

ഇടുക്കി ശിശുക്ഷേമ സമിതിയിലെ വനിതാ അംഗമായിരുന്ന ആളാണ് വിവാദത്തില്‍. ഇവരെ ബാലാവകാശ കമ്മിഷന്‍ അംഗമായി തുടരാന്‍ അനുവദിക്കുന്നതിനെതിരേ സാമൂഹിക പ്രവര്‍ത്തകരും ബാലാവകാശ പ്രവര്‍ത്തകരും മുഖ്യമന്ത്രിക്ക് പരാതി കൊടുക്കാനും തുടര്‍ നടപടികളുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കാനുമുള്ള ആലോചനയിലാണ്. 

2015 ല്‍  ഇടുക്കിയില്‍ പോക്‌സോ കേസില്‍ ഇരയാക്കപ്പെട്ട രണ്ടു സഹോദരിമാര്‍ നിര്‍ഭയയില്‍ എത്തിയിരുന്നു. അവര്‍ ഓണം അവധിക്ക് വീട്ടില്‍ എത്തിയപ്പോള്‍ രണ്ടാം പ്രതിയായ അമ്മ മൊഴി മാറ്റാന്‍ നിര്‍ബന്ധിച്ചു അടിക്കുകയും മറ്റും ചെയ്തുവെന്നു പറഞ്ഞു കുട്ടികള്‍ പേടിച്ചു ഹോമിലേക്ക് വിളിച്ചിരുന്നു. തുടര്‍ന്ന് ഹോമിലുള്ളവര്‍ രക്ഷപ്പെടുത്തി കൊണ്ടുവന്നുവത്രേ. എന്നാല്‍ പിന്നീട് ഈ ഭീഷണി അവഗണിച്ചു ശിശുക്ഷേമ സമിതി കുട്ടികളെ പ്രതിയായ അമ്മയുള്ള വീട്ടിലേക്കു വിട്ടു. വീട്ടില്‍ വെച്ചു കുട്ടികളിലൊരാള്‍ രണ്ടു തവണ ആത്മഹത്യക്ക് ശ്രമിച്ച വിവരം ഇടുക്കി കലക്ടര്‍ അറിഞ്ഞു കുട്ടിയെ വീണ്ടും രക്ഷപ്പെടുത്തി തിരുവനന്തപുരം നിര്‍ഭയയില്‍ ആക്കി. ഇക്കഴിഞ്ഞ മേയില്‍ കുട്ടിയെ വീട്ടില്‍ കൊണ്ടുപോവണം എന്നാവശ്യപ്പെട്ടു തിരുവനന്തപുരം ശിശുക്ഷേമ സമിതിയെ സമീപിച്ചു. വീട്ടിലെ അരക്ഷിത സാഹചര്യം ഹോം അധികൃതര്‍  ചൂണ്ടിക്കാണിച്ചുവെങ്കിലും ബാലാവകാശകമ്മിഷന്‍ അംഗവും ശിശുക്ഷേമ സമിതി ചെയര്‍മാനും  ഇടപെട്ടു കുട്ടിയെ വീട്ടിലേക്കു അയച്ചു. വീട്ടില്‍ അമ്മയും അച്ഛനും ഉണ്ടായിരുന്നു .അവര്‍ കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നു കുട്ടി തിരിച്ചു വന്നു ഹോം അധികൃതര്‍ക്ക് പരാതി നല്‍കി. ഇത് കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് അയച്ചിട്ടുണ്ട് .അതില്‍ മുണ്ടക്കയം പൊലീസ് എഫ്‌ഐആര്‍ തയ്യാറാക്കി അന്വേഷിച്ചു വരികയാണ്. 

വീട്ടില്‍ ആയിരുന്നപ്പോള്‍ കുട്ടിയെ പിതാവ് ബാലാവകാശ കമ്മിഷന്‍ അംഗത്തിന്റെ അടിമാലിയിലുള്ള കോണ്‍വെന്റിലേക്ക് വിളിച്ചു ഹോം അധികൃതരെ ക്കുറിച്ച് വ്യാജ പരാതി എഴുതിക്കുകയും ചെയ്തിട്ടുള്ളതായി പരാതിയില്‍ പറയുന്നുണ്ട്. ഈ പരാതിയില്‍ കമ്മിഷന്‍ അന്വേഷണം നടത്തുകയാണ്. പരാതിയിലെ കുറ്റം ആരോപിക്കപെട്ട അംഗം തന്നെയാണ് അന്വേഷണം നടത്തുന്നത്.

രണ്ടാം വട്ടവുമുണ്ടായ പീഡനത്തിനെതിരേ രഹസ്യമൊഴി നല്‍കാന്‍ പെണ്‍കുട്ടി കാഞ്ഞിരപ്പള്ളി കോടതിയില്‍ എത്തിയപ്പോള്‍ അവിടെ എത്തിയ അച്ഛന്‍ മകളെ ചീത്ത വിളിക്കുകയും ബലമായി കൂട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുകയും ചെയ്ത് കോടതി പരിസരത്ത് ഭീകരാവസ്ഥ സൃഷ്ടിച്ചിരുന്നു. എന്നാല്‍ അതേസമയത്തുതന്നെ അവിടെ എത്തിയ മജിസ്‌ട്രേട്ട് ഈ രംഗം കണ്ട് കാര്യങ്ങള്‍ മനസിലാക്കുകയും അപ്പോള്‍ത്തന്നെ അയാളെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് നിര്‍ദേശം നല്‍കുകയും ചെയ്തു. പ്രതി ഇപ്പോള്‍ റിമാന്‍ഡിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com