അമ്മ വിവാദം : ആരോപണം രാഷ്ട്രീയ പ്രേരിതം ; മുകേഷിനോടും ഗണേഷിനോടും ഇന്നസെന്റിനോടും വിശദീകരണം തേടേണ്ടതില്ലെന്ന് സിപിഎം

ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തില്‍  ഇടതു എംഎല്‍എമാരെ തള്ളിപ്പറയേണ്ടെന്ന് സിപിഎം തീരുമാനം.
അമ്മ വിവാദം : ആരോപണം രാഷ്ട്രീയ പ്രേരിതം ; മുകേഷിനോടും ഗണേഷിനോടും ഇന്നസെന്റിനോടും വിശദീകരണം തേടേണ്ടതില്ലെന്ന് സിപിഎം

തിരുവനന്തപുരം : ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ ഇടതു എംഎല്‍എമാരെ തള്ളിപ്പറയേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം. അമ്മയില്‍ സ്വീകരിച്ച നിലപാടിന്റെ പേരില്‍ മുകേഷിനോട് വിശദീകരണം തേടില്ല. ഇടതു എംഎല്‍എമാര്‍ക്കെതിരായ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും സിപിഎം നേതൃയോഗം വിലയിരുത്തി. 

അമ്മ ഒരു സംഘടനയാണ്. ആ സംഘടനയിലേക്ക് ഒരാളെ തിരിച്ചെടുത്തത് ആ സംഘടനയുടെ ആഭ്യന്തര കാര്യമാണ്. മാത്രമല്ല ഇടതു എംഎല്‍എമാരായ മുകേഷ്, ഗണേഷ് കുമാര്‍, എംപിയായ ഇന്നസെന്റ് എന്നിവര്‍ മാത്രമല്ല, അഞ്ഞൂറിലേറെ അംഗങ്ങള്‍ ചേര്‍ന്നതാണ് ആ സംഘടന. അവരുടെ യോഗം ചേര്‍ന്നാണ് ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. അതില്‍ മുകേഷും ഗണേഷും ഇന്നസെന്റും മാത്രമല്ല ഉത്തരവാദികള്‍.

നിലവിലെ സാഹചര്യത്തില്‍ ഇവരോട് വിശദീകരണം തേടാന്‍ തീരുമാനിച്ചാല്‍, സ്ത്രീ വിരുദ്ധ നിലപാട് സ്വീകരിച്ചതിന് ഇടത് ജനപ്രതിനിധികള്‍ക്കെതിരെ വിശദീകരണം തേടിയെന്ന ആക്ഷേപം ഉയരും. ഇത്തരമൊരു സാഹചര്യത്തിന് തലവെച്ചുകൊടുക്കേണ്ടെന്നാണ് സിപിഎം സെക്രട്ടേറിയറ്റില്‍ ഉയര്‍ന്ന വാദം. കൂടാതെ, ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ഇന്നസെന്റിനോട് വിശദീകരണം തേടിയാല്‍ അത് രാഷ്ട്രീയമായി തിരിച്ചടിയായേക്കുമെന്നും പാര്‍ട്ടി വിലയിരുത്തുന്നു. 

അതേസമയം നടിയെ ആക്രമിച്ച കേസിലും, സ്ത്രീ പീഡനക്കേസുകളിലും ഇരയ്‌ക്കൊപ്പമാണ് സിപിഎമ്മും സര്‍ക്കാരും എന്നത് നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഇതില്‍ മാറ്റമില്ല. നടിയെ ആക്രമിച്ച കേസില്‍ നിയമപരമായും ധാര്‍മ്മികമായും ഇരയ്ക്കുള്ള പിന്തുണ തുടരുമെന്നും സിപിഎം സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. അമ്മയില്‍ ദിലീപിനെ തിരിച്ചെടുത്തതിനെ  സിപിഎം നേതാക്കളായ വൃന്ദ കാരാട്ട്, എംഎ ബേബി, എം സി ജോസഫൈന്‍, മന്ത്രിമാരായ തോമസ് ഐസക്ക്, ജി സുധാകരന്‍, എകെ ബാലന്‍, കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ വിമര്‍ശിച്ചിരുന്നു. വിഷയത്തില്‍ ഇടത് ജനപ്രതിനിധികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരുന്നു എന്ന് വൃന്ദ കാരാട്ടും ജോസഫൈനും അഭിപ്രായപ്പെടുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com