വനിതാ ജഡ്ജി വേണം, വിചാരണ വേഗത്തിലാക്കണം; നടി വീണ്ടും ഹൈക്കോടതിയിലേക്ക്

കേസില്‍ നീതിപൂര്‍വമായ വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്നാണ് നടിയുടെ ആവശ്യം
വനിതാ ജഡ്ജി വേണം, വിചാരണ വേഗത്തിലാക്കണം; നടി വീണ്ടും ഹൈക്കോടതിയിലേക്ക്

കൊച്ചി: കൊച്ചിയില്‍ ആക്രമണത്തിനിരയായ യുവനടി വീണ്ടും ഹൈക്കോടതിയിലേക്ക്. കേസിലെ വിചാരണ വേഗത്തിലാക്കണമെന്നും വനിതാ ജഡ്ജിയെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടാണ് നടി വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നത്. ഈ ആവശ്യം നേരത്തെ കോടതി തള്ളിയിരുന്നു.

കേസില്‍ നീതിപൂര്‍വമായ വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്നാണ് നടിയുടെ ആവശ്യം. കേസില്‍ പ്രമുഖ നടികള്‍ ഉള്‍പ്പെടെ 385 ഓളം സാക്ഷികളാണുള്ളത്. ഇവര്‍ സിനിമാ മേഖലയില്‍ നിന്നുള്ളവരാണെന്നും നടി ഹര്‍ജിയില്‍ വ്യക്തമാക്കും.

കേസില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജിയെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് നടി നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചിരുന്നു. നടിയുടെ ആവശ്യം മുഖ്യമന്ത്രി ഹൈക്കോടതിക്ക് കൈമാറി. എന്നാല്‍ ജില്ലയില്‍ വനിതാ ജഡ്ജിമാരുടെ കുറവ് ചൂണ്ടിക്കാട്ടി ഹൈക്കോടതി രജിസ്ട്രാര്‍ ഈ ആവശ്യം നിരസിക്കുകയായിരുന്നു. രണ്ടു വനിതാ ജഡ്ജിമാരാണ് ജില്ലയിലുള്ളത്. ഒരാള്‍ സിബിഐ കോടതി ജഡ്ജിയും മറ്റേയാള്‍ സമീപജില്ലയിലേക്ക് സ്ഥലംമാറ്റം പ്രതീക്ഷിച്ചിരിക്കുന്നയാളുമാണ്. അതിനാല്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി വാദം കേള്‍ക്കുമെന്നും ഹൈക്കോടതി അറിയിച്ചു.

ഇതിനെ തുടര്‍ന്നാണ് വനിതാ ജഡ്ജിയെ നിയമിക്കണമെന്ന് ആവശ്യവുമായി നടി കോടതിയെ സമീപിക്കുന്നത്. മറ്റു ജില്ലയില്‍ നിന്ന് വനിതാ ജഡ്ജിയെ നിയമിക്കാം. അല്ലെങ്കില്‍ കേസ് വേറെ ജില്ലയിലേക്ക് മാറ്റാമെന്നും നടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com