യുവ താരത്തിനു വിശ്രമിക്കാന്‍ എത്തിച്ച തമിഴ്‌നാട് കാരവന്‍ ഷൂട്ടിങ് ലൊക്കേഷനില്‍ കയറി കസ്റ്റഡിയിലെടുത്തു

യുവ താരത്തിനു വിശ്രമിക്കാന്‍ എത്തിച്ച തമിഴ്‌നാട് കാരവന്‍ ഷൂട്ടിങ് ലൊക്കേഷനില്‍ കയറി കസ്റ്റഡിയിലെടുത്തു
യുവ താരത്തിനു വിശ്രമിക്കാന്‍ എത്തിച്ച തമിഴ്‌നാട് കാരവന്‍ ഷൂട്ടിങ് ലൊക്കേഷനില്‍ കയറി കസ്റ്റഡിയിലെടുത്തു

കൊച്ചി: മലയാളത്തിലെ യുവ നടനു ഷൂട്ടിങ്ങിനിടെ വിശ്രമിക്കാന്‍ എത്തിച്ച കാരവന്‍ ലൊക്കേഷനില്‍ കയറി പിടികൂടി. തമിഴ്‌നാടു രജിസ്‌ട്രേഷനുള്ള അത്യാഢംബര കാരവന്‍ ആണ് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തത്. അനുമതിയില്ലാതെ അന്യസംസ്ഥാന രജിസ്‌ട്രേഷനുള്ള വാഹനം കേരളത്തില്‍ ഉപയോഗിച്ചതിന് വന്‍ തുക പിഴയൊക്കേണ്ടിവരും.

കൊച്ചിയിലും പരിസരത്തും ഷൂട്ടിങ് പുരോഗമിക്കുന്ന മലയാള ചിത്രത്തില്‍ അഭിനയിക്കുന്ന യുവ നടനു വിശ്രമിക്കാന്‍ വേണ്ടിയാണ് കാരവന്‍ എത്തിച്ചത്. കൊച്ചി സ്വദേശിയാണ് തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള കാരവന്‍ ഇവിടെ വാടകയ്ക്ക് നല്‍കിയിരുന്നത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എല്‍ദോ വര്‍ഗീസ്, അസി. വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ഷെറീന്‍ ന്യൂമാന്‍, അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് കാരവന്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

സ്വീകരണ മുറി, ബെഡ്‌റൂം, അടുക്കള, ശുചിമുറി തുടങ്ങിയ സൗകര്യങ്ങളുള്ള കാരവനാണ് ഇപ്പോള്‍ കളക്ടറേറ്റ് വളപ്പില്‍ സൂക്ഷിച്ചിരിക്കുന്നത്. ചട്ടം ലംഘിച്ചതിന് കൊച്ചിയില്‍നിന്ന് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടുന്ന മൂന്നാമത്തെ കാരവനാണിത്. കാരവനിന്റെ ഫ്‌ളോര്‍ അളന്നു തിട്ടപ്പെടുത്തിയ ശേഷമാണ് പിഴത്തുക നിശ്ചയിക്കുക.

മറ്റു സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ കേരളത്തില്‍ വാടകയ്ക്ക് നല്‍കുന്നത് നിയമ വിരുദ്ധമാണ്. അനുമതിയില്ലാതെ കേരളത്തില്‍ വാഹനം ഉപയോഗിച്ചതിന് പിഴ ഈടാക്കും. കൂടാതെ ഇവിടത്തെ നികുതി അടച്ച് കേരള രജിസ്‌ട്രേഷനാക്കി മാറ്റാനും ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.  

സിനിമാ താരങ്ങള്‍ ആഡംബര വാഹനങ്ങള്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതിവെട്ടിപ്പ് നടത്തിയ സംഭവം ഏറെ വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് കൊച്ചിയിലും പരിസരത്തും ഷൂട്ടിങ്ങിനായി ഉപയോഗിക്കുന്ന കാരവനുകളില്‍ മോട്ടോര്‍ വാഹന വകുപ്പ് നിരീക്ഷണം ശക്തമാക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com