കോട്ടയം : കോണ്‍ഗ്രസിന്റെ കയ്യിലുള്ള സീറ്റ് കണ്ട് ആരും പനിക്കേണ്ടെന്ന എംഐ ഷാനവാസ് എംപിയുടെ പ്രസ്താവനക്ക് മറുപടിയുമായി കേരള കോണ്‍ഗ്രസ് രംഗത്ത്. യുഡിഎഫിന്റെ ഭാഗമല്ലാത്ത കേരള കോണ്‍ഗ്രസിനേക്കാള്‍ ഷാനവാസ് ഭയപ്പെടേണ്ടത് മുന്നിലും പിന്നിലും നില്‍ക്കുന്ന സ്വന്തം പാര്‍ട്ടി നേതാക്കളെയാണെന്ന് കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
വയനാട് സീറ്റിന്റെ പേരിലുള്ള ഷാനവാസിന്റെ പ്രസ്താവന കഥയറിയാതെ ആട്ടം കാണലാണ്. സീറ്റുകളുടെ കാര്യത്തില്‍ വിറയലും പനിയുമൊക്കെ ബാധിക്കുന്നത് കോണ്‍ഗ്രസ് നേതാക്കള്‍ക്കാണെന്നും കേരള കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.
കോട്ടയം, വയനാട് സീറ്റുകള്‍ വച്ചു മാറി കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫില്‍ തിരിച്ചെത്തിക്കാന്‍ ശ്രമം നടക്കുന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലായിരുന്നു എംഐ ഷാനവാസിന്റെ മുന്നറിയിപ്പ്. കെ.എം.മാണിയെ യുഡിഎഫില്‍ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കോട്ടയം, വയനാട് ലോക്‌സഭാ സീറ്റുകള്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും വച്ചുമാറുമെന്ന അഭ്യൂഹങ്ങളെ രൂക്ഷമായ ഭാഷയില്‍ ഷാനവാസ് വിമര്‍ശിച്ചു. എല്ലാ വാതിലുകളും മുട്ടിയ ശേഷമാണ് ചിലര്‍ കോണ്‍ഗ്രസിന്റെ സീറ്റുകള്‍ കണ്ടു പനിക്കുന്നത്. കോണ്‍ഗ്രസ് സീറ്റില്‍ ആരു മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടി ഹൈക്കമാന്‍ഡാണെന്നും ഷാനവാസ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ