ജേക്കബ് തോമസ് ചെയ്ത കുറ്റം വ്യക്തമാക്കണം ; കേന്ദ്രം സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി

ജേക്കബ് തോമസിനെ സസ്പന്‍ഡ് ചെയ്യാനിടയാക്കിയ സാഹചര്യങ്ങള്‍ വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്
ജേക്കബ് തോമസ് ചെയ്ത കുറ്റം വ്യക്തമാക്കണം ; കേന്ദ്രം സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി

ന്യൂഡല്‍ഹി : മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ കേന്ദ്രസര്‍ക്കാര്‍ വിശദീകരണം തേടി. ജേക്കബ് തോമസ് ചെയ്ത കുറ്റം വ്യക്തമാക്കണമെന്ന് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിയോടാണ് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം വിശദീകരണം ആവശ്യപ്പെട്ടത്. സസ്പന്‍ഡ് ചെയ്യാനിടയാക്കിയ സാഹചര്യങ്ങള്‍ വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. 

കേന്ദ്ര സര്‍വീസ് ചട്ടപ്രകാരം ഉന്നത ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചാല്‍ 48 മണിക്കൂറിനകം കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തെ അറിയിക്കണം. ഇത്തരത്തില്‍ ജേക്കബ് തോമസിനെതിരായ നടപടിയും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇതില്‍ അന്തിമ അനുമതി നല്‍കേണ്ടത് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയമാണ്. സംസ്ഥാന സര്‍ക്കാര്‍ നടപടിക്ക് അനുമതി നല്‍കുന്നതിന് പകരം ഇപ്പോള്‍ പേഴ്‌സണല്‍ മന്ത്രാലയം സംസ്ഥാനത്തോട് വിശദീകരണം തേടിയിരിക്കുകയാണ്. 

ജേക്കബ് തോമസ് സസ്‌പെന്‍ഷനിലായിട്ട് 90 ദിവസം പിന്നിട്ടു. തുടര്‍നടപടി 90 ദിവസത്തിനകം സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്നാണ് ചട്ടം. ഇതിന്റെ അടിസ്ഥാനത്തില്‍ ജേക്കബ് തോമസിനെതിരായ നടപടിയെ കുറിച്ച് പഠിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉപസമിതിയെ നിയോഗിച്ചിരിക്കുകയാണ്. ജേക്കബ് തോമസിന്റെ വിശദീകരണവും മറ്റും പരിശോധിച്ചശേഷമാകും ഉപസമിതി തുടര്‍നടപടി സംബന്ധിച്ച റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് കൈമാറുക. 

ഓഖി ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ പര്യാപ്തമല്ലെന്ന ജേക്കബ് തോമസിന്റെ വിമര്‍ശനമാണ് സസ്‌പെന്‍ഷനില്‍ കൊണ്ടുചെന്നെത്തിച്ചത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ജേക്കബ് തോമസിനോട് വിശദീകരണം തേടി. എന്നാല്‍ തന്റെ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നതായും, സര്‍വീസ് ചട്ട ലംഘനമില്ലെന്നും ജേക്കബ് തോമസ് മറുപടി നല്‍കി. ഈ വിശദീകരണം തള്ളിയാണ് ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com