പ്രമുഖ നടിക്കൊപ്പം ഹോട്ടലില്‍ താമസിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ നിഷാമിനെ വഴിവിട്ട് സഹായിച്ചു ; വെളിപ്പെടുത്തലുമായി മുന്‍ പൊലീസ് കമ്മീഷണര്‍

തന്നെ ചതിച്ച ഉന്നത ഉദ്യോഗസ്ഥന്‍ ഇന്നും സര്‍വീസില്‍ സുരക്ഷിതനാണെന്നും ജേക്കബ് ജോബ് തുറന്നടിച്ചു
പ്രമുഖ നടിക്കൊപ്പം ഹോട്ടലില്‍ താമസിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ നിഷാമിനെ വഴിവിട്ട് സഹായിച്ചു ; വെളിപ്പെടുത്തലുമായി മുന്‍ പൊലീസ് കമ്മീഷണര്‍

പത്തനംതിട്ട : സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി വ്യവസായി മുഹമ്മദ് നിഷാമിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ വഴിവിട്ട സഹായം ലഭിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ചന്ദ്രബോസ് വധം നടക്കുമ്പോള്‍ തൃശൂര്‍ പൊലീസ് കമ്മീഷണറായിരുന്ന ജേക്കബ് ജോബാണ് വെളിപ്പെടുത്തല്‍ നടത്തിയത്. പ്രമുഖ നടിക്കൊപ്പം ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ ഹോട്ടലില്‍ താമസിച്ചിരുന്നു. അയാള്‍ കേസില്‍ ഇടനിലക്കാരനായി ഇടപെട്ടിരുന്നു. അവരെല്ലാം ഇപ്പോള്‍ സുരക്ഷിതരായി ഇരിക്കുകയാണെന്നും ജേക്കബ് ജോബ് പറഞ്ഞു. 

കേരള പൊലീസ് അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാധ്യമങ്ങളും പൊലീസും എന്ന വിഷയത്തിലുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജേക്കബ് ജോബ്. ചന്ദ്രബോസ് വധക്കേസിന്റെ പേരില്‍ ചെയ്യാത്ത കുറ്റത്തിന് താനും കുടുംബവും മൂന്നുവര്‍ഷം പീഡനം അനുഭവിച്ചെന്നും ഇപ്പോള്‍ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായ ജേക്കബ് ജോബ് പറഞ്ഞു. 

ജീവിതത്തില്‍ ആദ്യമായി ഡിപ്പാര്‍ട്ട്‌മെന്റ് കൈവിട്ടു. കുടുംബം ആത്മഹത്യയുടെ വക്കില്‍ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. കേസില്‍ നിഷാമിനെതിരെ കാപ്പ ചുമത്തിയത് താനാണ്. താന്‍ നിഷാമിനെ സഹായിച്ചിട്ടില്ല. തനിക്കെതിരെ വ്യാജ പ്രചാരണങ്ങളാണ് വന്നത്. നിഷാം പൊലീസിനൊപ്പം ആഡംബര കാറില്‍ ഫോണ്‍ അടക്കം എല്ലാ സൗകര്യങ്ങളും ഉപയോഗിച്ചിട്ടും എല്ലാവരും മൗനം പാലിച്ചു. തന്നെ ചതിച്ച ഉന്നത ഉദ്യോഗസ്ഥന്‍ ഇന്നും സര്‍വീസില്‍ സുരക്ഷിതനാണെന്നും ജേക്കബ് ജോബ് തുറന്നടിച്ചു. ഈ മാസം 31 ന് ജേക്കബ് ജോബ് സര്‍വീസില്‍ നിന്നും വിരമിക്കുകയാണ്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com