'കേരളത്തിലെ മുഖ്യമന്ത്രിക്കോ മന്ത്രിമാര്‍ക്കോ ത്രിപുരയില്‍ പോകാന്‍ എന്തു കൊണ്ടു തോന്നിയില്ല'

സിപിഎമ്മിനെ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തില്‍ നിന്നു തുടച്ചു നീക്കാനുള്ള അവസരമാക്കാന്‍ ഫാസിസ്റ്റ് ശക്തികള്‍ കച്ചകെട്ടി നില്‍ക്കുന്നതു കേരളത്തിലെ മുഖ്യമന്ത്രി അറിയാത്തതാണോ
'കേരളത്തിലെ മുഖ്യമന്ത്രിക്കോ മന്ത്രിമാര്‍ക്കോ ത്രിപുരയില്‍ പോകാന്‍ എന്തു കൊണ്ടു തോന്നിയില്ല'

കൊച്ചി: ത്രിപുര തെരഞ്ഞടുപ്പില്‍ ബിജെപിയുടെ വിജയത്തിന് പിന്നാലെ കോണ്‍ഗ്രസിനെ പഴിചാരുന്ന കേരളത്തിലെ സിപിഎം നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി ജനശക്തി വാരിക.ത്രിപുര പിടിക്കുമെന്ന ബിജെപിയുടെ വെല്ലുവിളി നേരിടാന്‍ കേരളത്തിലെ സിപിഎം നേതാക്കള്‍ എന്തെങ്കിലും ചെയ്‌തോ എന്നു ജനശക്തിയുടെ പുതിയ ലക്കത്തിലെ മുഖപ്രസംഗം ചോദിക്കുന്നു.

ത്രിപുരയിലെ സിപിഎം ഭരണം അവസാനിപ്പിക്കുമെന്ന് പ്രധാനമന്ത്രി തന്നെ പരസ്യമായി വെല്ലുവിളിച്ചപ്പോള്‍ ആ വെല്ലുവിളി ഏറ്റെടുക്കാന്‍ ചങ്കൂറ്റം കാട്ടിയ ഏതെങ്കിലും സിപിഎം നേതാവ് ഇവിടെയുണ്ടോ? ശത്രുക്കളുടെ എല്ലാ വെല്ലുവിളികളും പാവപ്പെട്ട മണിക് സര്‍ക്കാരിന്റെ വ്യക്തിപ്രഭാവത്തിന്റെ തലയില്‍ കെട്ടിവച്ച്, തിന്നും കുടിച്ചും മുന്തിയ അതിഥിസല്‍ക്കാരങ്ങളിലും വിദേശയാത്രകളിലും വിനോദയാത്രകളിലും പങ്കുകൊണ്ടും സുഖസുഷുപ്തിയില്‍ കഴിയുകയായിരുന്നില്ലേ ഡല്‍ഹിയില്‍ തമ്പടിച്ച സിപിഎം നേതൃത്വം? പാര്‍ട്ടി വളര്‍ത്തി വലുതാക്കിയ അവരില്‍ ആരെങ്കിലും കഴിഞ്ഞ രണ്ടു മാസത്തില്‍ വല്ലപ്പോഴുമെങ്കിലും ത്രിപുരയിലെ സാധാരണ പ്രവര്‍ത്തകര്‍ക്ക് ആവേശം പകരാന്‍ അല്‍പ്പസമയം കൂടി ഉണ്ടായിരുന്നെങ്കില്‍ സിപിഎമ്മിന് ഇത്തവണ കിട്ടിയ 45.56 ശതമാനം വോട്ട് എന്നതില്‍ ഒന്നോ രണ്ടോ ശതമാനം കൂടി വര്‍ധിപ്പിക്കാമായിരുന്നില്ലേ സഖാക്കളേ? എങ്കില്‍ ചെങ്കോട്ടയില്‍ ഇന്നു താമര വിരിയുമായിരുന്നോ?

തിരഞ്ഞെടുപ്പിന്റെ മൂര്‍ധന്യത്തില്‍ പോലും പ്രകാശ് കാരാട്ടും സീതാറാം യച്ചൂരിയും പരസ്പരം ചെളിവാരി എറിയുകയായിരുന്നു. ത്രിപുരയിലെ വോട്ടെടുപ്പ് അവര്‍ ഗൗരവമായി കണ്ടതേയില്ല. മണിക് സര്‍ക്കാരിനെ വിജയിപ്പിക്കാന്‍ അവര്‍ക്കില്ലാത്ത എന്തു ബാധ്യതയാണു കോണ്‍ഗ്രസിനുള്ളത്? ത്രിപുര പൊതുതിരഞ്ഞെടുപ്പില്‍ സിപിഎം കേന്ദ്രനേതൃത്വം എന്തു പങ്കാണു വഹിച്ചത്? എത്ര പൊളിറ്റ്ബ്യൂറോ അംഗങ്ങളും കേന്ദ്ര കമ്മിറ്റി അംഗങ്ങളുമാണു ത്രിപുര സന്ദര്‍ശിച്ചു പ്രചാരണത്തിനു നേതൃത്വം നല്‍കിയത്? ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷ ബഹുജന സംഘടനകളുടെ ദേശീയ നേതാക്കളില്‍ ആരെങ്കിലും ത്രിപുരയില്‍ കാലുകുത്തിയോ? ത്രിപുര ബംഗാളികളുടെ കൂടി നാടാണ്. എന്നിട്ടും പശ്ചിമ ബംഗാളിലെ ഇടതുനേതാക്കളില്‍ ആരെങ്കിലും പ്രചാരണ രംഗത്തു ത്രിപുര കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചോ? രാജ്യത്തെ പ്രധാനമന്ത്രിയോടാണു ത്രിപുര പോലെ ഒരു ചെറിയ ഭൂപ്രദേശം പൊരുതിയത്.

ത്രിപുര തിരഞ്ഞെടുപ്പ്, സിപിഎമ്മിനെ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തില്‍ നിന്നു തുടച്ചു നീക്കാനുള്ള അവസരമാക്കാന്‍ ഫാസിസ്റ്റ് ശക്തികള്‍ കച്ചകെട്ടി നില്‍ക്കുന്നതു കേരളത്തിലെ മുഖ്യമന്ത്രി അറിയാത്തതാണോ? യൂറോപ്പിലും പശ്ചിമേഷ്യയിലും മറ്റും വിനോദസഞ്ചാരത്തിനു പോകുന്ന മുഖ്യമന്ത്രിക്ക് എന്തുകൊണ്ട് ഇന്ത്യയിലെ കൊച്ചു ത്രിപുര സന്ദര്‍ശിക്കണമെന്നു തോന്നിയില്ല? 'ത്രിപുരയില്‍ പോകുന്നില്ലേ' എന്നു മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോള്‍ 'ഫെയ്‌സ്ബുക്കില്‍ എഴുതാം' എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഫെയ്‌സ്ബുക്കില്‍ എഴുതിയാണോ ഇന്ത്യയില്‍ സിപിഎം തിരഞ്ഞെടുപ്പു പ്രചാരണം നടത്തുന്നത്? കേരളത്തിലെ സിപിഎം മന്ത്രിമാര്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ എത്രയെത്ര രാജ്യങ്ങളില്‍ എന്തെല്ലാം കാരണങ്ങളുണ്ടാക്കി ചുറ്റിക്കറങ്ങി? പൊതുതിരഞ്ഞെടുപ്പു നടക്കുന്ന ത്രിപുര വരെ ഒന്നു പോകണമെന്നോ അവര്‍ക്കു വേണ്ടി രണ്ടു വാക്ക് സംസാരിക്കണമെന്നോ എന്തുകൊണ്ടു തോന്നിയില്ല?

ഉമ്മന്‍ ചാണ്ടി മുതല്‍ വാഴക്കന്‍ വരെയുള്ള കോണ്‍ഗ്രസുകാര്‍ വടക്കുകിഴക്കന്‍ ഇന്ത്യയില്‍ തിരഞ്ഞെടുപ്പു പ്രചാരണം നടത്തുന്നതു മാധ്യമങ്ങളില്‍ കണ്ടിട്ടും കേരളത്തിലെ മുഖ്യമന്ത്രിക്കോ മന്ത്രിമാര്‍ക്കോ ത്രിപുരയില്‍ പോകാന്‍ എന്തു കൊണ്ടു തോന്നിയില്ല? ത്രിപുരയിലെ തോല്‍വിയുടെ പഴി മുഴുവന്‍ ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിനുമേല്‍ ചാരുന്ന കേരളത്തിലെ സിപിഎം വക്താക്കളുടെ നടപടി ഭോഷ്‌ക്ക് ആണെന്നും ജനശക്തി പരിഹസിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com