തിരുവനന്തപുരത്ത് ആംബുലന്‍സിന്റെ വഴിമുടക്കി ടാക്‌സി ഡ്രൈവര്‍; വീഡിയോ വൈറല്‍

ദേശീയ പാതയില്‍ ആംബുലന്‍സിന്റെ വഴിമുടക്കി ടാക്‌സി ഡ്രൈവര്‍ നടത്തിയ വിക്രിയക്കെതിരെ വ്യാപക പ്രതിഷേധം
തിരുവനന്തപുരത്ത് ആംബുലന്‍സിന്റെ വഴിമുടക്കി ടാക്‌സി ഡ്രൈവര്‍; വീഡിയോ വൈറല്‍

തിരുവനന്തപുരം: ദേശീയ പാതയില്‍ ആംബുലന്‍സിന്റെ വഴിമുടക്കി ടാക്‌സി ഡ്രൈവര്‍ നടത്തിയ വിക്രിയക്കെതിരെ വ്യാപക പ്രതിഷേധം. കഴക്കൂട്ടം ദേശീയ പാതയില്‍ രണ്ട് ആംബുലന്‍സുകള്‍ക്കിടയില്‍ ടാക്‌സി ഡ്രൈവര്‍ നടത്തിയ അഭ്യാസപ്രകടനത്തിനെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്. 108 ആംബുലന്‍സിന്റെ പുറകില്‍ കൂടിയ ടാക്‌സി ഡ്രൈവര്‍ പിന്നിലെ ആംബുലന്‍സിന് സൈഡ് നല്‍കാതെ മാര്‍ഗതടസം സൃഷ്ടിക്കുന്ന വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്ച രാവിലെ 11.45ഓടെ കഴക്കൂട്ടം ദേശീയ പാതയിലാണ് സംഭവം. വെട്ടുറോഡ് റെയില്‍വേ ഗേറ്റിനടുത്ത് വാഹന അപകടത്തില്‍ പെട്ടയാളുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് പോയ ടെക്‌നോപാര്‍ക്കിലെ 108 ആംബുലന്‍സിന് പിറകില്‍ കടന്നുകൂടിയ ടാക്‌സി വാഹന ഡ്രൈവറാണ് വിക്രിയ കാണിച്ചതെന്ന് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു. ആറ്റിങ്ങലില്‍ തീകൊളുത്തി മരിച്ച കോളേജ് വിദ്യാര്‍ത്ഥിനിയുടെ ഭൗതിക ശരീരം മെഡിക്കല്‍ പരിശോധനകള്‍ നടത്താന്‍ കൊണ്ടുപോയ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആംബുലന്‍സായിരുന്നു പിറകില്‍.

വര്‍ക്കലയില്‍ നിന്നും ആംബുലന്‍സ് യാത്ര തിരിച്ചപ്പോള്‍ തന്നെ റോഡില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നുവെന്ന് ആംബുലന്‍സിലെ െ്രെഡവര്‍ വെഞ്ഞാറമൂട് സ്വദേശിയായ ജലീല്‍ പറയുന്നു. ഏറെ പണിപ്പെട്ടാണ് വാഹനം ഓടിച്ചത്. എന്നാല്‍ വാഹനം വെട്ടുറോഡ് കഴിഞ്ഞപ്പോഴേക്കും മുന്നില്‍ മാര്‍ഗതടസം സൃഷ്ടിച്ച് ടാക്സി കാര്‍ വന്നു. ഏറെ നേരം ഹോണടിച്ചിട്ടും വാഹനം മാറ്റാന്‍ ടാക്‌സി ഡ്രൈവര്‍ തയ്യാറായില്ല. മുന്നില്‍ പോകുന്ന ആംബുലന്‍സിലെ രോഗിയുടെ ബന്ധുക്കളായിരിക്കും വാഹനത്തിലെന്നാണ് ആദ്യം കരുതിയത്. പക്ഷേ കഴക്കൂട്ടത്തെ ട്രാഫിക് ബ്ലോക്കില്‍ നിന്നും രക്ഷപ്പെടാന്‍ ടാക്‌സി ഡ്രൈവര്‍ കണ്ടെത്തിയ വിദ്യയായിരുന്നു അതെന്ന് പിന്നീടാണ് മനസിലായതെന്നും ജലീല്‍ വിശദീകരിച്ചു.

ജലീലിന്റെ വാഹനത്തില്‍ സ്ഥാപിച്ചിരുന്ന കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കഴക്കൂട്ടത്ത് നിന്നും മെഡിക്കല്‍ കോളേജിലേക്ക് ആംബുലന്‍സുകള്‍ തിരിയുമ്പോള്‍ ടാക്‌സി വാഹനം ദേശീയ പാതയിലൂടെ യാത്ര തുടരുന്നതും ദൃശ്യങ്ങളില്‍ കാണാം. അതേസമയം, ആംബുലന്‍സിന് മുന്നില്‍ മാര്‍ഗതടസം സൃഷ്ടിച്ച ടാക്‌സി െ്രെഡവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്. ആംബുലന്‍സിന് മുന്നിലും പിന്നിലും മാര്‍ഗ തടസം സൃഷ്ടിച്ച് വാഹനമോടിക്കുന്നത് വാഹന വകുപ്പ് ചട്ടങ്ങള്‍ അനുസരിച്ച് ശിക്ഷാര്‍ഹമാണ്. ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനും വാഹനത്തിന്റെ രജിസ്‌ട്രേഡ് ഉടമയ്‌ക്കെതിരെ കേസെടുക്കാനും ഈ ചട്ടങ്ങള്‍ അനുശാസിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com