ബാര്‍ കോഴ: കെഎം മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് റിപ്പോര്‍ട്ട് കോടതിയില്‍

ബാര്‍ ലൈസന്‍സ് നല്‍കുന്നതിന് മാണി കൈക്കൂലി വാങ്ങിയതായി കണ്ടെത്താനായിട്ടില്ലെന്നാണ്, തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ അന്വേഷണ സംഘം വ്യക്തമാക്കിയിരിക്കുന്നത്
ബാര്‍ കോഴ: കെഎം മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് റിപ്പോര്‍ട്ട് കോടതിയില്‍

കൊച്ചി: ബാര്‍ കോഴക്കേസില്‍ മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് എം നേതാവുമായ കെഎം മാണിക്കെതിരെ തെളിവില്ലെന്ന് വീണ്ടും വിജിലന്‍സ്. മാണിയെ കുറ്റവിമുക്തനാക്കിക്കൊണ്ട് മൂന്നാം തവണയും വിജിലന്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. 

ബാര്‍ ലൈസന്‍സ് നല്‍കുന്നതിന് മാണി കൈക്കൂലി വാങ്ങിയതായി കണ്ടെത്താനായിട്ടില്ലെന്നാണ്, തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ അന്വേഷണ സംഘം വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ രണ്ടു തവണയും സമാനമായ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ നല്‍കിയിരുന്നു. ശങ്കര്‍ റെഡ്ഡിയും വിന്‍സന്‍ എം പോളും വിജിലന്‍സ് ഡയറക്ടര്‍മാര്‍ ആയിരുന്ന സമയത്താണ് നേരത്തെ രണ്ടു തവണ അന്വേഷണ സംഘം മാണിക്കെതിരെ തെളിവില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയത്. 

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്, മാണിയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ടിനെതിരെ മുതിര്‍ന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദനും സിപിഐ നേതാവ് വിഎസ് സുനില്‍ കുമാറും കോടതി സമീപിച്ചിരുന്നു. ഇവര്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്. 

ബാര്‍ കോഴക്കേസില്‍ മാണിക്കതിരെ സാഹചര്യത്തെളിവുകളോ ശാസ്ത്രീയത്തെളിവുകളോ കണ്ടെത്താനായിട്ടില്ലെന്ന് നേരത്തെ ഹൈക്കോടതിയെയും വിജിലന്‍സ് അറിയിച്ചിരുന്നു. ബാര്‍ ഉടമകളുടെ യോഗത്തിന്റെ ശബ്ദരേഖ അടങ്ങിയ സിഡിയാണ് മാണിക്കെതിരായ ആക്ഷേപത്തിന്റെ അടിസ്ഥാനം. ഈ സിഡിയില്‍ കൃത്രിമമുണ്ടെന്ന് ഫൊറന്‍സിക് ഫലത്തില്‍ വ്യക്തമായിട്ടുണ്ട്. മാണിക്കെതരെ മറ്റു തെളിവുകള്‍ കണ്ടെത്താനായില്ലെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്ന് അറിയിച്ചുള്ള റിപ്പോര്‍ട്ട് വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com