ചെങ്ങന്നൂരില്‍ പാലം വലിച്ച് എസ്എന്‍ഡിപി യൂണിയന്‍ നേതാക്കള്‍; തുഷാര്‍ വെള്ളാപ്പള്ളിയുടെ രാജ്യസഭാ സീറ്റ് തുലാസില്‍

ചെങ്ങന്നൂരില്‍ പാലം വലിച്ച് എസ്എന്‍ഡിപി യൂണിയന്‍ നേതാക്കള്‍; തുഷാര്‍ വെള്ളാപ്പള്ളിയുടെ രാജ്യസഭാ സീറ്റ് തുലാസില്‍
ചെങ്ങന്നൂരില്‍ പാലം വലിച്ച് എസ്എന്‍ഡിപി യൂണിയന്‍ നേതാക്കള്‍; തുഷാര്‍ വെള്ളാപ്പള്ളിയുടെ രാജ്യസഭാ സീറ്റ് തുലാസില്‍

ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പിനൊരുങ്ങുന്ന ചെങ്ങന്നൂരില്‍ എന്‍ഡിഎ ഘടകകക്ഷിയായ ബിഡിജെഎസിനെ വെട്ടിലാക്കി എസ്എന്‍ഡിപി യൂണിയന്‍ നേതാക്കള്‍ നിലപാടെടുക്കുന്നതായി സൂചന. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ രാജ്യസഭാ സീറ്റു വാഗ്ദാനത്തെത്തുടര്‍ന്ന് മുന്നണിയില്‍ തുടരാന്‍ തീരുമാനിച്ച തുഷാര്‍ വെള്ളാപ്പള്ളിയെ മറികടന്ന് യൂണിയന്‍ നേതാക്കള്‍ സിപിഎം നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

ഞായറാഴ്ച വൈകിട്ട് കല്ലിശ്ശേരി പിഡബ്ല്യൂഡി റെസ്റ്റ് ഹൗസില്‍ വച്ച് എസ്എന്‍ഡിപിയുടെ ചെങ്ങന്നൂരിലെ ചില യൂണിയന്‍ നേതാക്കള്‍ സിപിഎം ജില്ലാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരങ്ങള്‍. ജില്ലാ സെക്രട്ടറിയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ സജി ചെറിയാനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തതായാണ് സൂചന. ബിഡിജെഎസിന്റെ ഭാരവാഹിത്വം വഹിക്കുന്ന എസ്എന്‍ഡിപി നേതാക്കളും കൂടിക്കാഴ്ചയ്ക്ക് എത്തിയിരുന്നു. 

ബിഡിജെഎസിനെ എല്‍ഡിഎഫിനോട് അടുപ്പിക്കുന്ന നിലപാടുകളാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ സ്വീകരിച്ചുവരുന്നത്. ഇതിന്റെ തുടര്‍ച്ചയാണ് എസ്എന്‍ഡിപി പ്രാദേശിക നേതാക്കള്‍ സിപിഎമ്മുമായി ആശയവിനിമയം നടത്തിയത് എന്നാണ് അറിയുന്നത്. ചെങ്ങന്നൂരില്‍ എന്‍ഡിഎ പരാജയപ്പെടുമെന്നും എല്‍ഡിഎഫിന് അനുകൂലമായ സാഹചര്യമാണുള്ളതെന്നും വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായ പ്രകടനം നടത്തിയിരുന്നു.

പാര്‍ട്ടി രൂപീകരണ സമയത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ച് കുറച്ചുകാലമായി ബിജെപിയുമായി അകന്നുനില്‍ക്കുകയാണ് ബിഡിജെഎസ്. ഈ അതൃപ്തി വെള്ളാപ്പള്ളി നടേശനും മകനും ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളിയും പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. ഏതു മുന്നണിയുമായും കൂട്ടുകുടാന്‍ ഒരുക്കമാണെന്നാണ് ഇവര്‍ പ്രഖ്യാപിച്ചത്. ബിഡിജെഎസ് ഉടക്കിനില്‍ക്കുന്നത് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടിയാവുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ബിജെപി കേന്ദ്രനേതൃത്വം തുഷാര്‍ വെള്ളാപ്പള്ളിക്കു രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തത്. ഇരു പാര്‍ട്ടികളും ഇതു സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അടുത്തു തന്നെ തുഷാര്‍ ബിജെപി പിന്തുണയോടെ രാജ്യസഭയില്‍ എത്തുമെന്നാണ് സൂചനകള്‍.

എന്നാല്‍ ചെങ്ങന്നൂരില്‍ എസ്എന്‍ഡിപി സ്വതന്ത്ര നിലപാടെക്കുന്നത് തുഷാറിന്റെ രാജ്യസഭാ  പ്രവേശനത്തിനു തിരിച്ചടിയായേക്കും. കഴിഞ്ഞ തവണ നാല്‍പ്പത്തിരണ്ടായിരത്തിലേറെ വോട്ടാണ് ബിജെപി സ്ഥാനാര്‍ഥിയായി മ്ത്സരിച്ച പിഎസ് ശ്രീധരന്‍ പിള്ള ചെങ്ങന്നൂരില്‍ നേടിയത്. ഇത്തവണ പ്രകടനം മെച്ചപ്പെടുത്തി വിജയമാണ് ബിജെപി ലക്ഷ്യമിടുന്നത്. ത്രിപുര തെരഞ്ഞെടുപ്പു ജയത്തിനു പിന്നാലെ കേരളത്തില്‍ സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുക്കുന്നത് ദേശീയതലത്തില്‍ തന്നെ വലിയ നേട്ടമായി മാറുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. അതിനായി ഏതു വിധേനയും പരമാവധി വോട്ടുകള്‍ സമാഹരിക്കുകയാണ് ലക്ഷ്യം. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടയിലാണ് എസ്എന്‍ഡിപി നേതാക്കള്‍ സിപിഎമ്മുമായി കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്. 

ഈഴവ വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാവില്ലെന്ന് ഉറപ്പു വരുത്താനാണ് തുഷാറിനു രാജ്യസഭാ സീറ്റുവരെ നല്‍കി കൂടെ നിര്‍ത്താന്‍ ബിജെപി തയാറായത്. എസ്എന്‍ഡിപി ഒറ്റക്കെട്ടായി കൂടെ നില്‍ക്കാത്ത പക്ഷം തുഷാറിന്റെ കാര്യത്തില്‍ പുനരാലോചന നടത്താന്‍ ബിജെപി ഒരുങ്ങിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി അനകൂല നിലപാട് വെള്ളാപ്പള്ളി നടേശന്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇതും ബിജെപി നേതാക്കളെ അലട്ടുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com