തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികള്‍; സര്‍ക്കാരിന്റെ അനാസ്ഥയില്‍ അതൃപ്തി അറിയിച്ച് ഡിഎംആര്‍സി പിന്മാറി

പദ്ധതിയില്‍ സര്‍ക്കാരിനുള്ള താത്പര്യക്കുറവില്‍ നിരാശ അറിയിച്ചുകൊണ്ടാണ് ഇ. ശ്രീധരന്റെ പിന്മാറ്റമെന്ന് ഡി.എം.ആര്‍.സി. ഉദ്യോഗസ്ഥര്‍
തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികള്‍; സര്‍ക്കാരിന്റെ അനാസ്ഥയില്‍ അതൃപ്തി അറിയിച്ച് ഡിഎംആര്‍സി പിന്മാറി

തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയില്‍നിന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍(ഡി.എം.ആര്‍.സി.) പിന്മാറി.  ഇതുസംബന്ധിച്ച കത്ത് സര്‍ക്കാരിന് ഡി.എം.ആര്‍.സി. മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ ഫെബ്രുവരി 28ന് നല്‍കി. എന്നാല്‍, സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.  തിരുവനന്തപുരത്തും കോഴിക്കോട്ടുമുളള ഡിഎംആര്‍സി ഓഫീസുകളിലെ ജീവനക്കാരെ പിന്‍വലിച്ചു.


പദ്ധതിയില്‍ സര്‍ക്കാരിനുള്ള താത്പര്യക്കുറവില്‍ നിരാശ അറിയിച്ചുകൊണ്ടാണ് ഇ. ശ്രീധരന്റെ പിന്മാറ്റമെന്ന് ഡി.എം.ആര്‍.സി. ഉദ്യോഗസ്ഥര്‍ പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളത്തിലെ പ്രധാന നഗരങ്ങളില്‍ ആധുനിക പൊതുഗതാഗത സംവിധാനം ശക്തമാക്കാനുള്ള പദ്ധതിയുടെ സാധ്യതകള്‍ ഇതോടെ മങ്ങി. ഇരു നഗരങ്ങളിലുമായി 7,746 കോടിയുടെ പദ്ധതിയാണ് ഇതോടെ മുടങ്ങുന്നത്.

പദ്ധതിക്കു വേണ്ടി തുറന്നിരുന്ന ഡി.എം.ആര്‍.സി. ഓഫീസുകള്‍ മാര്‍ച്ച് ഒന്നുമുതല്‍ പ്രവര്‍ത്തിക്കുന്നില്ല. പതിനഞ്ചോടെ ഓഫീസുകള്‍ പൂര്‍ണമായും അടയ്ക്കും. മാര്‍ച്ച് എട്ടിന് പദ്ധതിയില്‍ നേരിട്ട തടസ്സങ്ങളെക്കുറിച്ച് ഇ. ശ്രീധരന്‍ കൊച്ചിയില്‍ പത്രസമ്മേളനം നടത്തിയേക്കും.

അതേസമയം ലൈറ്റ് മെട്രോ പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുമെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. കേന്ദ്രത്തിന്റെ പുതിയ മെട്രോ നയമനുസരിച്ച് പദ്ധതിക്ക് അനുമതി തന്നിട്ടില്ല. ഇ. ശ്രീധരന്‍ പദ്ധതിയില്‍നിന്ന് പിന്നോട്ടുപോകുമെന്നൊക്കെ പറയുന്നത് അദ്ദേഹത്തിന്റെ കമ്പനിയുടെ താത്പര്യമനുസരിച്ചാകും. കോച്ചുകളുടെ രൂപഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അദ്ദേഹം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്്. 2016ല്‍ മന്ത്രിസഭ അംഗീകരിച്ച പദ്ധതിയാണിതെന്നും ജി സുധാകരന്‍ പറഞ്ഞു.


ലൈറ്റ് മെട്രോ പദ്ധതിക്കു വേണ്ടിയുള്ള മേല്‍പ്പാല നിര്‍മാണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഡി.എം.ആര്‍.സി.യുടെ പിന്മാറ്റത്തിന് കാരണമായ ഏറ്റവുമൊടുവിലത്തെ സംഭവം. നിര്‍മാണത്തിന്റെ ചുമതല ഡി.എം.ആര്‍.സി.ക്കു നല്‍കി 2016 സെപ്റ്റംബറില്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍, കരാര്‍ ഒപ്പിട്ടില്ല. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രാഥമിക ജോലികളുമായി ഡി.എം.ആര്‍.സി. മുന്നോട്ടുപോയി. മേല്‍പ്പാലങ്ങളുടെ രൂപരേഖ തയ്യാറാക്കി കേരള റാപ്പിഡ് ട്രാന്‍സിറ്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന് (കെ.ആര്‍.സി.എല്‍.) കൈമാറി.

എന്നാല്‍, 2017 ഡിസംബറില്‍ ചേര്‍ന്ന കെ.ആര്‍.സി.എല്‍. ബോര്‍ഡ് യോഗത്തില്‍ മേല്‍പ്പാല നിര്‍മാണച്ചുമതല ഡി.എം.ആര്‍.സി.യെ ഒഴിവാക്കി ദര്‍ഘാസ് വിളിച്ച് നല്‍കാന്‍ തീരുമാനിച്ചു. ഇത് നേരത്തേയുള്ള ഉത്തരവിന് വിരുദ്ധമാണെന്നും ഡി.എം.ആര്‍.സി.യുമായി കരാറുണ്ടാക്കണമെന്നും ആവശ്യപ്പെട്ട് ഇ. ശ്രീധരന്‍ സര്‍ക്കാരിന് കത്ത് നല്‍കി.

ഫെബ്രുവരി 15നകം മറുപടി നല്‍കണമെന്നും ഇല്ലെങ്കില്‍ പദ്ധതിയില്‍നിന്ന് പിന്മാറുമെന്നും കത്തിലുണ്ട്. എന്നാല്‍, സര്‍ക്കാര്‍ ഇതിന് മറുപടി നല്‍കിയില്ല. തുടര്‍ന്നാണ് ഫെബ്രുവരി 28ന് വീണ്ടും കത്ത് നല്‍കിയത്.

ലൈറ്റ് മെട്രോ പദ്ധതിയുടെ തുടക്കംമുതല്‍ തന്നെ ഇതിനെതിരായി ശക്തമായ ഉദ്യോഗസ്ഥ ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. പദ്ധതി തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ ആവശ്യമില്ലെന്നായിരുന്നു ഒരു വിഭാഗത്തിന്റെ വാദം. ഡി.എം.ആര്‍സി.യെ ഒഴിവാക്കി മത്സരാധിഷ്ഠിത ആഗോള ദര്‍ഘാസ് വിളിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരുന്നത്.

ഉദ്യോഗസ്ഥ എതിര്‍പ്പുകള്‍ മറികടന്ന് മുന്‍ യു.ഡി.എഫ്. സര്‍ക്കാര്‍ ശ്രീധരന്‍ മുഖ്യ ഉപദേഷ്ടാവായ ഡി.എം.ആര്‍.സി.യെത്തന്നെ താത്കാലിക കണ്‍സള്‍ട്ടന്റായി നിയോഗിച്ച് മുന്നോട്ടുപോകുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com