നാലു പ്രതിമ തകര്‍ത്താല്‍ കമ്മ്യൂണിസ്റ്റുകാര്‍ ഇല്ലാതായിപ്പോകുമെന്ന് കരുതരുത്; ആര്‍എസ്എസിനോട് പിണറായി വിജയന്‍ 

അടിച്ചമര്‍ത്തിയാലും കുഴിച്ചുമൂടാന്‍ വന്നാലും പ്രതിരോധിക്കാനും തിരിച്ചുവരാനും ശേഷിയുള്ളവരാണ് കമ്മ്യുണിസ്റ്റുകാര്‍.
നാലു പ്രതിമ തകര്‍ത്താല്‍ കമ്മ്യൂണിസ്റ്റുകാര്‍ ഇല്ലാതായിപ്പോകുമെന്ന് കരുതരുത്; ആര്‍എസ്എസിനോട് പിണറായി വിജയന്‍ 

മ്മ്യൂണിസ്റ്റുകാരെയും ന്യൂനപക്ഷ ജനവിഭാഗങ്ങളെയും ഇന്ത്യയില്‍ നിന്ന് തുടച്ചു നീക്കാനുള്ള ആര്‍എസ്എസിന്റെ അതിമോഹമാണ് ത്രിപുരയില്‍ അഴിഞ്ഞാടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ത്രിപുരയില്‍ അധികാരത്തിലേറിയതിന് പിന്നാലെ സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ ബിജെപി അഴിച്ചുവിട്ട അക്രമങ്ങളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

കമ്യൂണിസ്റ്റുകാരെ തുടച്ചു നീക്കുമെന്ന് പ്രഖ്യാപിച്ച് ബിജെപി ദേശീയ നേതാക്കള്‍ തന്നെ അക്രമത്തിന് ആഹ്വാനം ചെയ്യുന്നത് ദേശീയതല ഗൂഢാലോചനയുടെ ഭാഗമാണ്. ത്രിപുരയില്‍ ആര്‍എസ്എസ് ആക്രമണങ്ങളില്‍ 500 ല്‍ അധികം പ്രവര്‍ത്തകര്‍ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലാണ്. 1500 ല്‍ അധികം വീടുകള്‍ തകര്‍ക്കുകയും കത്തിക്കുകയും ചെയ്തു. അക്രമം പുറം ലോകത്തോട് വിളിച്ചു പറഞ്ഞ പെണ്‍കുട്ടിയ ബലാത്സംഗം ചെയ്യുമെന്നാണ് ഭീഷണി. അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

25 വര്‍ഷം കൊണ്ട് ത്രിപുരയിലെ ജനത നേടിയ നേട്ടങ്ങള്‍ ഒരു രാത്രി കൊണ്ട് ചുട്ടെരിക്കപ്പെട്ടു. മഹാനായ ലെനിന്റെ പ്രതിമയെ പോലും ഭയന്ന്, ആര്‍എസ്എസ് സംഘം അത് തകര്‍ക്കുകയും ആനന്ദനൃത്തം ചവിട്ടുകയും ചെയ്യുന്നു. ജനാധിപത്യ ഇന്ത്യയുടെ മുഖം വികൃതമാക്കുന്നതാണ് ഈ ദൃശ്യങ്ങള്‍. ഇത് രാജ്യത്തിനുള്ള മുന്നറിയിപ്പാണ്. പണം, അധികാരം, അക്രമം എന്നിവ കൂട്ടിക്കലര്‍ത്തി ജനാധിപത്യത്തിന് പുതിയ നിര്‍വ്വചനം നല്‍കാനാണ് ആര്‍എസ്എസ് ശ്രമം.

ഭരണകൂടത്തിന്റെ കിരാതവാഴ്ചകളെ എതിരിട്ടാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി രാജ്യത്ത് വളര്‍ന്നത്. ഫാസിസ്റ്റ് തേര്‍വാഴ്ചകള്‍ക്കു മുന്നില്‍ നെഞ്ച് വിരിച്ച് നിന്ന് രക്തസാക്ഷിത്വം വരിച്ച ധീരന്‍മാരുടെ മണ്ണാണിത്. അടിച്ചമര്‍ത്തിയാലും കുഴിച്ചുമൂടാന്‍ വന്നാലും പ്രതിരോധിക്കാനും തിരിച്ചുവരാനും ശേഷിയുള്ളവരാണ് കമ്മ്യുണിസ്റ്റുകാര്‍. ത്രിപുരയിലെ ജനങ്ങളെ ആകെ അണിനിരത്തി ഈ ഫാസിസ്റ്റ് നീക്കങ്ങളെ ചെറുക്കേണ്ടതുണ്ട്. പൊരുതുന്ന ത്രിപുരയിലെ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ജനാധിപത്യത്തെ പണാധിപത്യമാക്കിയും അട്ടിമറിച്ചും നേടിയ വിജയത്തിന്റെ ലഹരിയില്‍ ഫാസിസ്റ്റ് വ്യാമോഹം എണ്ണയൊഴിച്ച് കത്തിക്കാമെന്ന് സംഘ പരിവാര്‍ കരുതരുത്. അങ്ങനെ കരുതിയവര്‍ക്കും അഹങ്കരിച്ചവര്‍ക്കും ദയനീയ അന്ത്യമാണ് എക്കാലത്തും സംഭവിച്ചത്.

കമ്യൂണിസ്റ്റുകാരെ ഉന്മൂലനം ചെയ്യാമെന്നത് വെറും വ്യാമോഹമാണ്. മതനിരപേക്ഷത പുലരാനും സമാധാനം സംരക്ഷിക്കാനും സ്വജീവന്‍ ബലിയര്‍പ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തവരാണ് കമ്മ്യൂണിസ്റ്റുകാര്‍; അതാണ് പാരമ്പര്യം. വര്‍ഗീയതയുടെയും പണക്കൊഴുപ്പിന്റെയും വിവേകശൂന്യതയുടെയും ചേരുവകള്‍ കൊണ്ട് ഫാസിസ്റ്റ് മോഹങ്ങള്‍ നട്ടു വളര്‍ത്തുന്ന ആര്‍എസ്എസ് ബുദ്ധികേന്ദ്രങ്ങള്‍ ഇന്നാട്ടിന്റെ സമര പാരമ്പര്യങ്ങളെക്കുറിച്ച് അജ്ഞരാണ്. അതു കൊണ്ടാണ് നാലു പ്രതിമ തകര്‍ത്താല്‍ കമ്മ്യൂണിസ്റ്റുകാര്‍ ഇല്ലാതായിപ്പോകുമെന്ന് അവര്‍ ധരിക്കുന്നത്. അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com