മുഖ്യമന്ത്രിയുടെ വാക്കിന് പുല്ലുവില; കൊടികുത്തി സമരവുമായി സിപിഎം

കൊടികുത്തി സമരങ്ങള്‍ അനാവശ്യമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് പിന്നാലെ കൊടികുത്തി സമരവുമായി സിപിഎം.
മുഖ്യമന്ത്രിയുടെ വാക്കിന് പുല്ലുവില; കൊടികുത്തി സമരവുമായി സിപിഎം

കോഴിക്കോട്: കൊടികുത്തി സമരങ്ങള്‍ അനാവശ്യമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് പിന്നാലെ കൊടികുത്തി സമരവുമായി സിപിഎം. കോഴിക്കോട് പുതുപ്പാടിയില്‍ ഫാക്ടറിക്ക് മുന്നിലാണ് സിപിഎം കൊടികുത്തിയിരിക്കുന്നത്. ഇതേത്തുടര്‍ന്ന് ലാറ്റക്‌സ് യൂണിറ്റിന്റെ പ്രവര്‍ത്തനം നിലച്ചു. അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നാണ് സിപിഎം കൊടികുത്തിയത്. 

കൊടികുത്തിയെന്നത് പ്രാദേശിക സിപിഎം നേതൃത്വം സ്ഥിരീകരിക്കുകയും ചെയ്തു. മദ്യപിച്ചെത്തിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഫാക്ടറി പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞാണ് കൊടിനാട്ടിയതെന്ന് ഫാക്ടറി ഉടമസ്ഥന്‍ വ്യക്തമാക്കി.

കൊല്ലത്ത് പ്രവാസിയായ സുഗതന്‍ ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച നിയമസഭയില്‍ സംസാരിക്കവെയാണ് കൊടികുത്തല്‍ സമരങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പ്രതികരിച്ചത്. എഐവൈഎഫ് കൊടി കുത്തിയത് കൊണ്ടാണ് സുഗതന്‍ ആത്മഹത്യ ചെയ്തതെന്ന് പിണറായി പറഞ്ഞിരുന്നു. എവിടെയെങ്കിലും കൊണ്ടുപോയി കുത്താനുള്ളതല്ല കൊടിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

വയല്‍ നികത്തിയ പ്രദേശത്താണ് വര്‍ക്ക് ഷോപ്പ് നിര്‍മ്മിക്കുന്നത് എന്നാരോപിച്ചായിരുന്നു എഐവൈഎഫ് കൊടികുത്തിയത്. ഇതേത്തുടര്‍ന്നാണ് സുഗതന്‍ ആത്മഹത്യ ചെയ്തത്. സഭയില്‍ പ്രതിപക്ഷത്തിന്റെ ആക്ഷേപങ്ങളെ അംഗീകരിക്കുന്ന തരത്തില്‍ സംസാരിച്ച മുഖ്യമന്ത്രി, അനാവശ്യ കൊടികുത്തി സമരങ്ങളെ ഏതു പാര്‍ട്ടിയായലും പ്രോത്സാഹിപ്പിക്കരുത് എന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പാര്‍ട്ടി കൊടികുത്തി സമരവുമായി രംഗത്ത് വന്നിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com