കോടതിക്ക് കോടതിയുടെ ന്യായം; സര്‍ക്കാര്‍ നിലപാട് വ്യക്തമെന്ന് പിണറായി വിജയന്‍

കേസില്‍ ശരിയായ വിധത്തിലാണ് അന്വേഷണം നടക്കുന്നത്. പിടികൂടിയത് യഥാര്‍ത്ഥ പ്രതികകളെയാണ്. കോടതിക്ക് കോടതിയുടെതായ കാരണങ്ങള്‍ കാണാമെന്നും പിണറായി
കോടതിക്ക് കോടതിയുടെ ന്യായം; സര്‍ക്കാര്‍ നിലപാട് വ്യക്തമെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: മട്ടന്നൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെ പിടികൂടിയത് യഥാര്‍ത്ഥപ്രതികളെയാണെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതി വിധി വന്നതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ ധാര്‍മികമായ അവകാശമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയില്‍ ഉന്നയിച്ചതിന് പിന്നാലെയാണ് വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തെ എത്തിയത്.

കേസില്‍ ശരിയായ വിധത്തിലാണ് അന്വേഷണം നടക്കുന്നത്. പിടികൂടിയത് യഥാര്‍ത്ഥ പ്രതികകളെയാണ്. കോടതിക്ക് കോടതിയുടെതായ കാരണങ്ങള്‍ കാണാമെന്നും പിണറായി പറഞ്ഞു. അതേസമയം കേസിന്റെ അന്വേഷണം ഫലപ്രദമല്ലെന്ന് വിലയിരുത്തിക്കൊണ്ടാണ് സിംഗിള്‍ ബെഞ്ച് ജഡ്ജി ജസ്റ്റിസ് കമാല്‍ പാഷ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. കേസ് പരിഗണിച്ചപ്പോള്‍ കോടതി പറയുകയാണെങ്കില്‍ കേസ് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സി.ബി.ഐയും അറിയിച്ചിരുന്നു.

രാഷ്ട്രീയ കൊലപാതകങ്ങള്‍ സംസ്ഥാനത്തിന് നാണക്കേടാണ്. ഇതിന് പിന്നില്‍ ആരാണെന്നത് എല്ലാവര്‍ക്കും അറിയാം. ഷുഹൈബ് വധക്കേസില്‍ പ്രതികളെ കൈയില്‍ കിട്ടിയിട്ടും ആയുധങ്ങള്‍ കണ്ടെടുക്കാന്‍ പൊലീസിനാവാത്തത് ദു:ഖകരമാണ്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിട്ടും കേസില്‍ നിയമവിരുദ്ധ പ്രവര്‍ത്തനം തടയുന്ന നിയമമായ യു.എ.പി.എ കേസില്‍ ചുമത്താതിരുന്നത് സംശയമുളവാക്കുന്നു. രാഷ്ട്രീയ കൊലപാതങ്ങള്‍ അവസാനിക്കണം. മുന്പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കപ്പെടാറില്ല. ഇനി അത് സാദ്ധ്യമല്ല, ഗൂഢാലോചന അന്വേഷിച്ചേ മതിയാവൂ. കൊലയ്ക്ക് പിന്നില്‍ വ്യക്തി വൈരാഗ്യം മാത്രമല്ല ഉള്ളത്. മറയ്ക്ക് പിന്നില്‍ ആളുണ്ടെന്ന് തന്നെ സംശയിക്കണമെന്നും ജഡ്ജി പറഞ്ഞു. പൊലീസിന്റെ അന്വേഷണം നിരാശാജനകമാണ്. അന്വേഷണ സംഘത്തിന്റെ കൈകള്‍ കെട്ടിയിടപ്പെട്ടോ എന്ന് തോന്നുന്നുവെന്നും കമാല്‍ പാഷ പറഞ്ഞു.

എന്നാല്‍, സി.ബി.ഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ത്തു. സി.ബി.ഐ അന്വേഷണം സിംഗിള്‍ ബെഞ്ചിന്റെ അധികാര പരിധിയില്‍ വരുന്നതല്ലെന്ന് സര്‍ക്കാര്‍ വാദിച്ചു. കേസില്‍ പ്രതിയായ ബിജുവും ഷുഹൈബും തമ്മിലുള്ള വ്യക്തിവിരോധമാണ് കൊലയില്‍ കലാശിച്ചതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കേസിന്റെ അന്വേഷണം ശരിയായ രീതിയിലാണ് പൊലീസ് നടത്തുന്നത്. പ്രതികളില്‍ ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലയ്ക്ക് പ്രതികള്‍ ഉപയോഗിച്ചെന്ന് കരുതുന്ന ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. ശേഷിക്കുന്ന പ്രതികളെ ഉടനെ തന്നെ അറസ്റ്റു ചെയ്യുമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പക്ഷേ, സര്‍ക്കാരിന്റെ വാദം കോടതി തള്ളുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com