നാടാകെ മാറി;  അസഹിഷ്ണുതയാണ് എന്റെ എഴുത്തിനെതിരെ തിരിയാന്‍ അവരെ പ്രേരിപ്പിച്ചത്: പെരുമാള്‍ മുരുഗന്‍

വെല്ലുവിളിയുടെ കാലത്ത് പൊതുജനങ്ങളുടെ സഹകരണം എന്നുമുണ്ടായിരുന്നു. പ്രോഗ്രാസ്സീവ് റൈറ്റേഴ്‌സ് അസോസിയേഷന്‍ എല്ലാ പിന്തുണയും നല്‍കി. സിപിഎം നേതാക്കളും സംഘടനകളും ഏത് സഹായത്തിനും ഒപ്പം നിന്നു.
നാടാകെ മാറി;  അസഹിഷ്ണുതയാണ് എന്റെ എഴുത്തിനെതിരെ തിരിയാന്‍ അവരെ പ്രേരിപ്പിച്ചത്: പെരുമാള്‍ മുരുഗന്‍

കൊച്ചി: 'അസഹിഷ്ണുതയാണ് എന്റെ എഴുത്തിനെതിരെ തിരിയാന്‍ അവരെ പ്രേരിപ്പിച്ചത് എന്നാണ് എനിക്ക് തോന്നിയത്. ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം ശേഷം ഞാന്‍ എന്റെ നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ നാടാകെ മാറിയെന്ന് തോന്നി. എല്ലാവരുടേയും രീതികളില്‍ മാറ്റം വന്നു,' പെരുമാള്‍ മുരുഗന്‍ താന്‍ നേരിട്ട അനുഭവങ്ങളെക്കുറിച്ച് കൃതി സാഹിത്യവിജ്ഞാനോത്സവത്തില്‍ മനസ്സു തുറന്നു. തന്റെ കൃതികളിലെ അനുഭവങ്ങള്‍ തന്റെ സ്വന്തം അനുഭവങ്ങളാണെന്നു പറയാന്‍ കഴിയുകയില്ല. 

തമിഴ്‌നാടിന്റെ ആചാര സവിശേഷതകള്‍ക്ക് മറ്റൊരു തലം കൂടിയുണ്ടെന്നും അത് നിര്‍വചിക്കപ്പെടുകയോ തിരിച്ചറിയുകപ്പെടുകയോ ചെയ്യണമെന്ന് താന്‍ നിര്‍ബന്ധബുദ്ധി കാണിക്കാറില്ലെന്നും മുരുഗന്‍ പറഞ്ഞു. 

കങ്കണം എന്ന പുതിയ നോവലിന്റെ രചനാ അന്തരീക്ഷം വ്യക്തമാക്കിയ മുരുഗന്‍ കങ്കണംകെട്ട് എന്ന തമിഴ്ച്ചടങ്ങ് വിവാഹത്തോടനുബന്ധിച്ച് വരനും വധുവും നിര്‍വഹിക്കുന്നതാണെന്ന് വിശദീകരിച്ചു. എന്നാല്‍ ആ ചടങ്ങിന് മറ്റൊരര്‍ത്ഥം കൂടിയുണ്ട്. ഏറ്റെടുത്ത നിലപാടുകളില്‍ നിന്ന് പിന്തിരിയാതിരിക്കുക എന്നതാണത്. കങ്കണം മലയാള പതിപ്പിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു.

വെല്ലുവിളിയുടെ കാലത്ത് പൊതുജനങ്ങളുടെ സഹകരണം എന്നുമുണ്ടായിരുന്നു. പ്രോഗ്രാസ്സീവ് റൈറ്റേഴ്‌സ് അസോസിയേഷന്‍ എല്ലാ പിന്തുണയും നല്‍കി. സിപിഎം നേതാക്കളും സംഘടനകളും ഏത് സഹായത്തിനും ഒപ്പം നിന്നു. പൂനാച്ചി എന്ന നോവലിനെക്കുറിച്ചും തന്റെ മറ്റ് പുസ്തകളെക്കുറിച്ചും കൃതിയുടെ വേദിയില്‍ അദ്ദേഹം ശ്രോതാക്കളുമായി സംവദിച്ചു. 

കേരളത്തെക്കുറിച്ച് പറയുമ്പോള്‍ തമിഴ്‌നാട്ടില്‍ നിന്ന് ഒട്ടേറെപ്പേര്‍ കേരളത്തില്‍ നിന്ന് പെണ്‍കുട്ടികളെ വധുവായി സ്വീകരിക്കുന്നുണ്ടെന്നും പെരുമാള്‍ മുരുഗന്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ ധനികരുടെ ഇടയില്‍ സ്വത്ത് വീതം വെച്ചു പോകാതിരിക്കാനായി ജനിച്ച ഉടനെ പെണ്‍കുഞ്ഞുങ്ങളെ കൊന്നുകളയുന്ന പതിവുണ്ടായിരുന്നു. അതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ വിവാഹത്തിന് പെണ്‍കുട്ടികളെ അന്വേഷിച്ച് മലയാളി പെണ്‍കുട്ടികളെത്തേടി അവരെത്തുന്നത്. പല തമിഴ് ഗ്രാമങ്ങളും ഇപ്പോള്‍ മലയാളിപ്പെണ്‍കുട്ടികളെ കണ്ടെത്തിക്കൊടുക്കും എന്ന മട്ടിലുള്ള വിവാഹ ബ്രോക്കര്‍മാരുടെ ബോര്‍ഡുകള്‍ വരെ ഉയര്‍ന്നിട്ടുണ്ടെന്നും പെരുമാള്‍ മുരുഗന്‍ പറഞ്ഞു.എഴുത്തില്‍ ഭയത്തിന് സ്ഥാനമില്ലെന്ന് പ്രഖ്യാപിച്ച പെരുമാള്‍ മുരുഗനായിരുന്നു ഇന്നലെ കൃതി സാഹിത്യങ്ങളിലെ താരങ്ങളിലൊരാള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com