ബലാത്സംഗ പരാമര്‍ശം: സതീശനെതിരെ ബിജിമോള്‍, സഭയില്‍ ബഹളം 

കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട് വി ഡി സതീശന്‍ എംഎല്‍എ നടത്തിയ പരാമര്‍ശത്തെ ചൊല്ലി നിയമസഭയില്‍ ഭരണ പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ വാക്കേറ്റം.
ബലാത്സംഗ പരാമര്‍ശം: സതീശനെതിരെ ബിജിമോള്‍, സഭയില്‍ ബഹളം 

തിരുവനന്തപുരം: കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട് വി ഡി സതീശന്‍ എംഎല്‍എ നടത്തിയ പരാമര്‍ശത്തെ ചൊല്ലി നിയമസഭയില്‍ ഭരണ പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ വാക്കേറ്റം. ബലാത്സംഗം നടന്നെന്ന് വി ഡി സതീശന്‍ എംഎല്‍എ മൂന്ന് തവണ ആവര്‍ത്തിച്ചെന്ന് മന്ത്രി എ കെ ബാലന്‍ ആരോപിച്ചു. നിയമസഭയില്‍ ഒരിക്കല്‍ അപമാനിക്കപ്പെട്ട തങ്ങളെ വീണ്ടും സതീശന്‍ അപമാനിച്ചതായി ഇ എസ് ബിജിമോള്‍ എംഎല്‍എ തുറന്നടിച്ചു. സതീശന്റെ പരാമര്‍ശം സഭാരേഖകളില്‍ നിന്നും നീക്കം ചെയ്യണമെന്നും ബിജിമോള്‍ ആവശ്യപ്പെട്ടു.

കയ്യാങ്കളി കേസ് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് സഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വി ഡി സതീശന്‍ എംഎല്‍എ അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് സംസാരിച്ച സതീശന്‍ എംഎല്‍എ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്നാണ് ഭരണപക്ഷം ആരോപിക്കുന്നത്. എന്നാല്‍ താന്‍ അത്തരം പരാമര്‍ശം നടത്തിയിട്ടില്ലെന്ന് സതീശന്‍ മറുപടി പറഞ്ഞു. ബലാത്സംഗം എന്ന പരാതി ആദ്യം ഉന്നയിച്ചത് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്നുവെന്നും സതീശന്‍ ആരോപിച്ചു.സതീശന്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. ഇല്ലാത്ത പ്രശ്‌നത്തിന്റെ പേരില്‍ അനാവശ്യ വിവാദമുണ്ടാക്കുകയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

വി ഡി സതീശന്‍ ബലാത്സംഗം എന്ന വാക്ക് ഉപയോഗിക്കാന്‍ പാടില്ലായിരുന്നുവെന്ന് അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മാനഭംഗപ്പെടുത്തിയെന്നും ദേഹോപദ്രവം ചെയ്തു എന്നുമാണ് വനിതാ എംഎല്‍എമാര്‍ അന്ന് പരാതി നല്‍കിയത്. 
മാനഭംഗവും ബലാത്സംഗവും രണ്ടും രണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വനിതാ അംഗങ്ങള്‍ക്ക് പരാതി പറയാന്‍ അവകാശമുണ്ടെന്ന് പറഞ്ഞ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ സതീശന്റെ പരാമര്‍ശം ഖേദകരമെന്നും ചൂണ്ടികാട്ടി. സതീശന്റെ സ്ത്രീ വിരുദ്ധപരാമര്‍ശം നീക്കണമെന്ന ഭരണപക്ഷ ആവശ്യം പരിഗണിക്കാമെന്നും സ്പീക്കര്‍ അറിയിച്ചു.

നേരത്തെ മുന്‍ സര്‍ക്കാരിന്റെ കാലത്ത് സഭയില്‍ ഉണ്ടായ സംഭവങ്ങള്‍ സംസ്ഥാനത്തിന് എതിരായ കുറ്റമാണെന്ന് സതീശന്‍ കുറ്റപ്പെടുത്തി. കേസില്‍ കുറ്റക്കാരായവര്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കണം. വനിതാ എംഎല്‍എമാര്‍ നല്‍കിയ പരാതിയും നിയമത്തിന്റെ വഴിക്ക് നടക്കട്ടെയെന്നും സതീശന്‍ ചൂണ്ടികാട്ടി. 

കോടതിയുടെ അനുമതിയോടെ കേസ് പിന്‍വലിക്കാനുളള തീരുമാനത്തില്‍ അനൗചിത്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. 
നിയമസഭയുടെ അധികാരമെന്നാല്‍ ജനങ്ങളുടെ അധികാരമാണ്. അത് ഉയര്‍ത്തിപിടിക്കുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com