രാഷ്ട്രീയ കൊലകള്‍ക്ക് പിന്നില്‍ ആരെന്ന് എല്ലാവര്‍ക്കും അറിയാം ; സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് കോടതി തീരുമാനിച്ചാല്‍, കേസ് ഏറ്റെടുക്കുന്നതിന് തയ്യാറെന്ന് സിബിഐ
രാഷ്ട്രീയ കൊലകള്‍ക്ക് പിന്നില്‍ ആരെന്ന് എല്ലാവര്‍ക്കും അറിയാം ; സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി : ഷുഹൈബ് വധക്കേസ് അന്വേഷിക്കാന്‍ തയ്യാറെന്ന് സിബിഐ. കോടതി പറഞ്ഞാല്‍ കേസ് ഏറ്റെടുക്കാമെന്നും സിബിഐ ഹൈക്കോടതിയില്‍ അറിയിച്ചു. ഷുഹൈബ് വധം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സിബിഐ സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ നിലപാട് വ്യക്തമാക്കിയത്. കേസിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് അറിയില്ല. എന്നാല്‍ കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് കോടതി തീരുമാനിച്ചാല്‍, കേസ് ഏറ്റെടുക്കുന്നതിന് തടസ്സമില്ലെന്ന് സിബിഐ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. 

കേസില്‍ വാദം കേള്‍ക്കവെ സര്‍ക്കാരിനെതിരെ കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. കണ്ണൂരിലെ കൊലപാതകങ്ങളില്‍ ഗൂഢാലോചന പുറത്തുവരാറില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണമെന്നും കോടതി നിരീക്ഷിച്ചു. പ്രതികള്‍ കയ്യിലുണ്ടായിട്ടും പൊലീസ് ഒന്നും ചേദിച്ചറിഞ്ഞില്ല. അന്വേഷണം ഫലപ്രദമാണോയെന്ന് സംശയമുണ്ടെന്നും കോടതി നിരീക്ഷിച്ചു. 

കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി ഷുഹൈബിന്റെ പിതാവ് കോടതിയില്‍ വാദിച്ചു. കൊലപാതകം നടത്തിയത് വാടകക്കൊലയാളികളാണ്. ആയുധം കണ്ടെടുത്തത് ശരിയായ രീതിയിലല്ലെന്നും ഷുഹൈബിന്റെ പിതാവിന്റെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. 

അതേസമയം കേസ് അന്വേഷണം ഫലപ്രദമായി മുന്നോട്ടുപോകുകയാണെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ സ്‌റ്റേറ്റ് അറ്റോര്‍ണി കെവി സോഹന്‍ അറിയിച്ചു. കേസിലെ പ്രതികളെയെല്ലാം പിടികൂടി. ഷുഹൈബിന്റെ കൊലപാതകം രാഷ്ട്രീയ കൊലപാതകമല്ല. വ്യക്തിവിരോധത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. പ്രതികളിലൊരാളുമായി ഷുഹൈബിനുള്ള വ്യക്തിവിരോധമാണ് കൊലയ്ക്ക് കാരണമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു. അപ്പോള്‍ രണ്ടുപേര്‍ തമ്മിലുള്ള വ്യക്തി വിരോധത്തിനാണോ മുഴുവന്‍ പ്രതികളും സംഘടിച്ചതെന്ന് കോടതി ചോദിച്ചു. 

കേസ് പരിഗണിക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന് അധികാരമില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ നിലപാട് സ്വീകരിച്ചു. ഇതിനെ സിബിഐയുടെ അഭിഭാഷകനും ഷുഹൈബിന്റെ കുടുംബത്തിന്റെ അഭിഭാഷകനും എതിര്‍ത്തു. കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടാന്‍ സിംഗിള്‍ ബെഞ്ചിന് അധികാരമുണ്ടെന്ന് ഇവര്‍ വ്യക്തമാക്കി. വാദത്തിനിടെ എന്നെ ഒഴിവാക്കാനാണോ നോക്കുന്നതെന്ന് കേസില്‍ വാദം കേട്ട ജസ്റ്റിസ് കമാല്‍ പാഷ സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com