സിബിഐ ആര്‍എസ്എസ് ഏജന്‍സി; അന്വേഷണത്തെ ഭയക്കുന്നില്ലെന്ന് കോടിയേരി

ആര്‍എസ്എസ്  കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുകെട്ടാണ് കേസിലെ ഇപ്പോഴത്തെ വഴിത്തിരിവിന് പിന്നിലെന്നും കോടിയേരി- ഷുഹൈബ് വധത്തില്‍ സിപിഎമ്മിന് ഒന്നും ഒളിക്കാനില്ല. ഒരു അന്വേഷണത്തെയും ഭയപ്പെടുന്നുമില്ല
സിബിഐ ആര്‍എസ്എസ് ഏജന്‍സി; അന്വേഷണത്തെ ഭയക്കുന്നില്ലെന്ന് കോടിയേരി

തിരുവനന്തപുരം: ആര്‍എസ്എസ് നേരിട്ട് കൈകാര്യം ചെയ്യുന്ന ഏജന്‍സിയാണ് സിബിഐയെന്നും അന്വേഷണത്തിന്റെ പേരില്‍ സിപിഎമ്മിനെ വേട്ടയാടാന്‍ ശ്രമിച്ചാല്‍ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. ഷുഹൈബ് വധത്തില്‍ സിപിഎമ്മിന് ഒന്നും ഒളിക്കാനില്ല. ഒരു അന്വേഷണത്തെയും ഭയപ്പെടുന്നുമില്ല. എന്നാല്‍ ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ കേസുമായി ബന്ധപ്പെട്ട് പിടിയിലായത് ഗൗരവമായി എടുക്കുന്നു. ആര്‍എസ്എസ്  കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുകെട്ടാണ് കേസിലെ ഇപ്പോഴത്തെ വഴിത്തിരിവിന് പിന്നിലെന്നും കോടിയേരി പറഞ്ഞു

ഷുഹൈബ് വധത്തില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട കോടതിയുടെ വിധിപ്പകര്‍പ്പ് താന്‍ കണ്ടിട്ടില്ല. ഇതില്‍ സര്‍ക്കാരിനെതിരെ പരാമര്‍ശങ്ങള്‍ ഉണ്ടെങ്കില്‍ അത് മാറ്റിക്കിട്ടാന്‍ മേല്‍ക്കോടതിയെ സമീപിക്കുന്ന കാര്യം സര്‍ക്കാര്‍ തന്നെ തീരുമാനിക്കും. സര്‍ക്കാരിന്റെ ഏജന്‍സിയായ കേരളാ പൊലീസ് നല്ല രീതിയിലാണ് കേസ് അന്വേഷിച്ചത്. സംസ്ഥാനത്തേ കേസുകളെല്ലാം കേരളാ പൊലീസ് തന്നെ അന്വേഷിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. കേരളാ പൊലീസിന് തെളിയിക്കാനാവാത്ത കേസുകളാണെങ്കില്‍ മാത്രം സി.ബി.ഐ അന്വേഷിച്ചാല്‍ മതി. ഷുഹൈബിന്റെ കേസില്‍ അത്തരം ആക്ഷേപങ്ങളൊന്നും നിലനില്‍ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു

സി.പി.എമ്മിനെ ഉന്മൂലനം ചെയ്യുമെന്ന് പറഞ്ഞ നരേന്ദ്ര മോദിയാണ് ഇപ്പോള്‍ സി.ബി.ഐയെ നിയന്ത്രിക്കുന്നത്. സി.ബി.ഐയെ ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ ഉന്മൂലനം ചെയ്യുന്നതിന്റെ ഏറ്റവും വലിയ ഉദാഹരമാണ് ലാവ്‌ലിന്‍ കേസ്. കേസില്‍ സി.ബി.ഐ പ്രതിയാക്കിയ മുഖ്യമന്ത്രി പിണറായി വിജയനെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഇതേ ഹൈക്കോടതിയാണ് ഇപ്പോള്‍ ഷുഹൈബ് വധത്തില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടതെന്നും കോടിയേരി പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com