എന്തുകൊണ്ടാകും സ്ത്രീകളും പുരുഷന്‍മാരും തമ്മില്‍ എടീ എന്ന് വിളിക്കാത്തത്?: പ്രിയ എ.എസ്

എന്തിനായിരിക്കാം ഇക്കാലത്ത് സ്ത്രീകൾ പരസ്പരം എടാ എന്നു വിളിക്കുന്നതും പുരുഷൻ സ്ത്രീയെ എടാ എന്നു വിളിക്കുന്നതും?
എന്തുകൊണ്ടാകും സ്ത്രീകളും പുരുഷന്‍മാരും തമ്മില്‍ എടീ എന്ന് വിളിക്കാത്തത്?: പ്രിയ എ.എസ്


സ്ത്രീകള്‍ പരസ്പരവും പുരുഷന്‍മാര്‍ സ്ത്രീകളെയും എടാ എന്ന് അഭിസംബോധന ചെയ്യുന്നതില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് എഴുത്തുകാരി പ്രിയ എ.എസ്. ഫെയ്‌സ്ബുക്കിലാണ് പ്രിയ തന്റെ അഭിപ്രായം പറഞ്ഞിരിക്കുന്നത്.

എന്തിനായിരിക്കാം ഇക്കാലത്ത് സ്ത്രീകൾ പരസ്പരം എടാ എന്നു വിളിക്കുന്നതും പുരുഷൻ സ്ത്രീയെ എടാ എന്നു വിളിക്കുന്നതും? അടുപ്പത്തിലെ അടുപ്പത്തിന്റെ ആഴം കാണിക്കാനും gender difference എന്നൊരു വസ്തുവിനതീതമായ ഒരു ലോകത്തിന്റെ അമരത്താണ് നിൽക്കുന്നതെന്ന് സ്വയം വിശ്വസിപ്പിക്കാനും വേണ്ടിയാവുമോ?

പുരുഷനൊപ്പം ആവലും പുരുഷനൊപ്പം എത്തിക്കലും എന്ന ഇത്തിരി വട്ടമാണ് ആ വിളിയിൽ എന്നെപ്പോഴും തോന്നും. എന്നെ ,എടാ എന്നു വിളിച്ചവരോടെല്ലാം തികഞ്ഞ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.

സ്ത്രീയ്ക്ക് എന്തൊക്കെ പരിമിതികളുണ്ടെങ്കിലും ശരി ,എനിക്ക് സ്ത്രീയായാൽ മതി. പരിമിതികളെ മറികടക്കാൻ ശ്രമിക്കുകയും എല്ലാ ജന്മത്തിലും സ്ത്രീ ആകാനാഗ്രഹിക്കുകയും ചെയ്യുന്ന സ്ത്രീ ആകയാൽ ,എടാ എന്ന് എന്നെ വിളിക്കുന്ന എല്ലാ സ്ത്രീകളോടും പുരുഷന്മാരോടും ആ വിളി എനിയ്ക്കിഷ്ടമല്ല എന്നു തുടക്കത്തിൽത്തന്നെ ചിരിച്ചു കൊണ്ട് പറഞ്ഞിട്ടുണ്ട്.

പേരു വിളിച്ചാൽ മതി,എടീ എന്ന വിളിയായാലും സഹിക്കാം. എടോ എന്നാവാം വിളി - ( കോളേജ് കാലത്ത് ഞങ്ങളെല്ലാവരും പരസ്പരമങ്ങനെയാണ് വിളിച്ചിരുന്നത്) ഇങ്ങനെയൊക്കെയാണ് എടോ വിളിക്കാരോട് പറയാറ്.

അടുപ്പത്തിലെ അടുപ്പത്തിന്റെ ആഴം കാണിക്കാനും gender difference എന്നൊരു വസ്തുവിനതീതമായ ഒരു ലോകത്തിന്റെ അമരത്താണ് നിൽക്കുന്നതെന്ന് സ്വയം വിശ്വസിപ്പിക്കാനും വേണ്ടിയാണെങ്കിൽ പരസ്പരം ,എടീ എന്നു വിളിച്ചാലും പോരെ? പെണ്ണ് പെണ്ണിനെയും പെണ്ണ് ആണിനെയും ആണ് ആണിനെയും എടീ എന്നു വിളിക്കാത്തതെന്താവും എന്നാലോചിക്കുമ്പോഴൊക്കെ എനിക്ക് ചിരി വരാറുണ്ട്..

Transgenders നും നിൽക്കാവുന്ന ഒരു വിളിക്കുടക്കീഴല്ലേ ഇനി വേണ്ടത്? അതിനു നല്ലത് എടോ തന്നെയല്ലേ? പുരാണങ്ങളിലുമുണ്ടല്ലോ എടോ വിളികൾ! പ്രിയ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com