അഞ്ചുരൂപയ്ക്ക് വേണ്ടി യുവതിയുടെ കരണത്തടിച്ചു, മുഖം തറയില്‍ ഉരച്ചു;വനിതാ ദിനത്തില്‍ ഓട്ടോഡ്രൈവറുടെ പരാക്രമം

വനിതാ ദിനത്തില്‍ നിയമ വിദ്യാര്‍ത്ഥിനിയായ വീട്ടമ്മയ്ക്ക് നഗരത്തില്‍ ഓട്ടോ ഡ്രൈവറുടെ ക്രൂരമര്‍ദനം
അഞ്ചുരൂപയ്ക്ക് വേണ്ടി യുവതിയുടെ കരണത്തടിച്ചു, മുഖം തറയില്‍ ഉരച്ചു;വനിതാ ദിനത്തില്‍ ഓട്ടോഡ്രൈവറുടെ പരാക്രമം

ആലുവ: വനിതാ ദിനത്തില്‍ നിയമ വിദ്യാര്‍ത്ഥിനിയായ വീട്ടമ്മയ്ക്ക് നഗരത്തില്‍ ഓട്ടോ ഡ്രൈവറുടെ ക്രൂരമര്‍ദനം. ആലങ്ങാട് കളപ്പറമ്പത്ത് ജോസഫിന്റെ ഭാര്യ നീതയെ ( 37)  മുഖമാകെ മുറിവേറ്റ നിലയില്‍ ആലുവ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഓട്ടോ ഡ്രൈവര്‍ മുഖം പിടിച്ചു ബലമായി നിലത്ത് ഉരച്ചപ്പോഴാണ് മുറിവുണ്ടായത്. താഴെത്തെ നിരയിലെ ഒരു പല്ല് ഇളകി നില്‍ക്കുകയാണ്. തലയ്ക്കും ക്ഷതമുണ്ട്.

എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന മകളുടെ പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ച കാര്യങ്ങള്‍ക്കു തൃശൂരില്‍ പോയി മടങ്ങുകയായിരുന്നു നീത. ബസിറങ്ങി ഓട്ടോ വിളിച്ചു രണ്ടു കിലോമീറ്ററോളം അകലെയുളള റെയില്‍വേ സ്‌റ്റേഷനിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. രാവിലെ റെയില്‍വേ സ്‌റ്റേഷനില്‍ വച്ചിട്ടുപോയ സ്‌കൂട്ടര്‍ എടുക്കാനായിരുന്നു ഓട്ടോവിളിച്ചത്.

സംഭവത്തെ കുറിച്ച് മാണ്ഡ്യ ലോ കോളേജില്‍ നാലാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിനിയായ നീത പൊലീസിനോട് പറഞ്ഞത് ഇങ്ങനെ: സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഡ്രൈവര്‍ 40 രൂപ ആവശ്യപ്പെട്ടു. ചില്ലറായി 35 രൂപയേ അപ്പോള്‍ ഉണ്ടായിരുന്നുളളൂ. 40 രൂപ തന്നെ കിട്ടണമെന്ന് ഡ്രൈവര്‍ വാശിപിടിച്ചു. അപ്പോള്‍ 500 രൂപയുടെ നോട്ടുനല്‍കി.

എന്നെ വണ്ടിയിലിരുത്തിക്കൊണ്ട് ചില്ലറ വാങ്ങാന്‍ ഡ്രൈവര്‍ ഓട്ടോ അടുത്ത കവലയിലേക്ക് ഓടിച്ചു. അവിടെ കടയില്‍ നിന്ന് ചില്ലറ വാങ്ങിയ ശേഷം 450 രൂപ ബാക്കി തന്നു. ബാക്കി 10 രൂപ ചോദിച്ചത് ഓട്ടോക്കാരന് ഇഷ്ടമായില്ല. അയാള്‍ അസഭ്യവര്‍ഷം ചൊരിഞ്ഞു. തിരികെ റെയില്‍വേ സ്‌റ്റേഷന്‍ ഭാഗത്തേക്കു പോകുന്നതിന് പകരം ഓട്ടോ മുന്‍സിപ്പല്‍ ഓഫീസ് റോഡിലേക്ക് ഓടിച്ചു.

ബഹളംവച്ചപ്പോള്‍ അടുത്തുളള സ്‌കൂള്‍ വളപ്പിലേക്ക് ഓട്ടോ കയറ്റി വണ്ടിയില്‍ നിന്ന് വലിച്ചു താഴെയിട്ടു. കരണത്തടിച്ചു. ദേഹത്ത് ഇടിച്ചു. മുഖം തറയില്‍ ഉരച്ചു. ഇതിനിടെ ഡ്രൈവറുടെ വിരലില്‍ ഞാന്‍ കടിച്ചു. അതോടെ അയാള്‍ ഇട്ടിട്ടുപോയി. 

അവശനിലയിലായ നീത മറ്റൊരു ഓട്ടോ വിളിച്ചു സ്‌നേഹിതയായ അഭിഭാഷകയുടെ ഓഫീസിലെത്തി. അവരെയും കൂട്ടി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com