വീപ്പയ്ക്കുള്ളിലെ അസ്ഥികൂടം : കൊല്ലപ്പെട്ട ശകുന്തളയുടെ ആറുലക്ഷം രൂപ കാണാനില്ല ; പണം നഷ്ടമായതിലും ദുരൂഹത

ശകുന്തളയെ വീട്ടില്‍ വെച്ച് വിഷം നല്‍കി കൊലപ്പെടുത്തി വീപ്പയിലാക്കി കോണ്‍ക്രീറ്റ് നിറയ്ക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം
വീപ്പയ്ക്കുള്ളിലെ അസ്ഥികൂടം : കൊല്ലപ്പെട്ട ശകുന്തളയുടെ ആറുലക്ഷം രൂപ കാണാനില്ല ; പണം നഷ്ടമായതിലും ദുരൂഹത

കൊച്ചി : കുമ്പളത്ത് കോണ്‍ക്രീറ്റ് നിറച്ച വീപ്പയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ഉദയംപേരൂര്‍ സ്വദേശിനി ശകുന്തളയുടെ പക്കല്‍ ആറുലക്ഷത്തോളം രൂപ ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. എന്നാല്‍ ഇപ്പോള്‍ അവരുടെ അക്കൗണ്ടില്‍ ഈ പണം ഇല്ലെന്ന് പൊലീസ് കണ്ടെത്തി. മുംബൈ, ന്യൂഡല്‍ഹി തുടങ്ങിയ ഇടങ്ങളില്‍ വീട്ടുജോലി ചെയ്തും, കുട്ടികളെ പരിപാലിച്ചുമാണ് ശകുന്തള പണം സമ്പാദിച്ചത്. കൂടാതെ മകന്‍ വാഹനാപകടത്തില്‍പ്പെട്ടപ്പോള്‍ ലഭിച്ച ഇന്‍ഷുറന്‍സ് തുകയും, വേങ്ങൂരിലെ മൂന്നുസെന്റ് സ്ഥലം വിറ്റ കാശും അടക്കമുള്ള തുകയാണ് ശകുന്തളയുടെ പക്കലുണ്ടായിരുന്നത്. 

ഇതില്‍ കുറച്ചു തുക അകന്ന ബന്ധുവിന് പലിശയ്ക്ക് നല്‍കിയിരുന്നതായി പൊലീസ് കണ്ടെത്തി. മറ്റു സംസ്ഥാനങ്ങളിലെ ജോലി അവസാനിപ്പിച്ച് നാട്ടില്‍ സ്വന്തമായി ഒരു വീടുവാങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു ശകുന്തള. ഇതിനിടെയാണ് അപകടത്തില്‍ ഇടതു കണങ്കാലിന് പരിക്കേറ്റത്. കണങ്കാലിന് പൊട്ടലുണ്ടായതിനെ തുടര്‍ന്ന് വീട്ടില്‍ വിശ്രമിക്കുമ്പോഴാണ് ശകുന്തള ദുരൂഹസാഹചര്യത്തില്‍ മരണപ്പെടുന്നത്.  വാഹനാപകടത്തില്‍ പരിക്കേറ്റ് കിടപ്പിലായ മകന്‍ ഇതിനിടെ ആത്മഹത്യ ചെയ്തിരുന്നു. 

വീപ്പയില്‍ നിന്നും മൃതദേഹം കണ്ടെത്തുമ്പോള്‍, ശരീരത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ നോട്ട് പിന്‍വലിക്കുന്നതിന് മുമ്പുള്ള അഞ്ഞൂറിന്റെ മൂന്നുനോട്ടുകള്‍ പൊലീസിന് ലഭിച്ചിരുന്നു. മൂന്നായി മടക്കി സമചതുരാകൃതിയില്‍ ആക്കിയ നിലയിലായിരുന്നു ഈ നോട്ടുകള്‍. ധരിച്ചിരുന്ന വെള്ളി അരഞ്ഞാണവും മൃതദേഹത്തിലുണ്ടായിരുന്നു. അതേസമയം ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന പണമാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. പണം നഷ്ടമായ സംഭവത്തില്‍ മകളുടെ മൊഴി രേഖപ്പെടുത്തിയശേഷം സംശയമുള്ളവരെ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. 

ശകുന്തളയെ വീട്ടില്‍ വെച്ച് വിഷം നല്‍കി കൊലപ്പെടുത്തിയശേഷം വീപ്പയിലാക്കി കോണ്‍ക്രീറ്റ് നിറയ്ക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. രാത്രിയോടെ വീപ്പ കുമ്പളം ടോള്‍ പ്ലാസയ്ക്ക് സമീപം കായലില്‍ തള്ളുകയായിരുന്നു. സംഭവത്തില്‍ ചുരുങ്ങിയത് മൂന്നുപേരെങ്കിലും പങ്കാളികളായിട്ടുണ്ടാകുമെന്നും പൊലീസ് കണക്കുകൂട്ടുന്നു. ഷാപ്പുപടിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ അജ്ഞാത യുവാവിനും, ശകുന്തളയുടെ മൃതദേഹം കണ്ടെത്തിയ ദിവസം ദുരീഹസാഹചര്യത്തില്‍ മരിച്ച തൃപ്പൂണിത്തുറ സ്വദേശിക്കും കൊലപാതകത്തില്‍ പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. 

കുമ്പളത്ത് വീപ്പയില്‍ കോണ്‍ക്രീറ്റ് ചെയ്തനിലയില്‍ കണ്ടെത്തിയ മൃതദേഹം ശകുന്തളയുടേതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. ഡിഎന്‍എ ഫലം കിട്ടിയതോടെയാണ് മരിച്ചത് ശകുന്തളയാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. 2018 ജനുവരി എട്ടിനാണ് കുമ്പളം കായലില്‍ നിന്നും മല്‍സ്യതൊഴിലാളികള്‍ കോണ്‍ക്രീറ്റ് നിറച്ച വീപ്പ കണ്ടെടുക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com