രാജ്യസഭ തെരഞ്ഞെടുപ്പ് : വി മുരളീധരന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ബിജെപി ടിക്കറ്റില്‍ പാര്‍ലമെന്റ് അംഗമാകുന്ന നാലാമത്തെ മലയാളിയാണ് വി മുരളീധരന്‍
രാജ്യസഭ തെരഞ്ഞെടുപ്പ് : വി മുരളീധരന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം: ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും ദേശീയ നിര്‍വ്വാഹക സമിതി അംഗവുമായ വി മുരളീധരന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. മഹാരാഷ്ട്രയില്‍ നിന്നാണ് മുരളീധരന്‍ രാജ്യസഭയിലേക്ക് മല്‍സരിക്കുന്നത്. ഇന്ന് മുംബൈയിലെത്തിയാണ് നാമനിര്‍ദേശ പത്രിക നല്‍കുന്നത്. വി. മുരളീധരനെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കാന്‍ ബിജെപി ദേശീയ നേതൃത്വം ഇന്നലെയാണ് തീരുമാനിച്ചത്. 

കേരളാ എന്‍ഡിഎയുടെ വൈസ് ചെയര്‍മാനായ രാജീവ്ചന്ദ്രശേഖര്‍ കര്‍ണ്ണാടകയില്‍ നിന്ന് വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കും. മുരളീധരനും രാജീവ് ചന്ദ്രശേഖറും അടക്കം രാജ്യസഭയിലേക്കുള്ള ബിജെപി സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് ഇന്നലെ ബിജെപി കേന്ദ്രനേതൃത്വം പുറത്തുവിട്ടു. ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ വെട്ടിയാണ് വി മുരളീധരന് സ്ഥാനാര്‍ത്ഥിത്വം നല്‍കിയത്. 

എബിവിപി പ്രവര്‍ത്തനത്തിലൂടെ പൊതു പ്രവര്‍ത്തനത്തിലെത്തിയ മുരളീധരന്‍ സര്‍ക്കാര്‍ ഉദ്യോഗം രാജിവച്ചാണ് മുഴുവന്‍ സമയ പ്രവര്‍ത്തകനായത്. 1983 മുതല്‍ പതിനൊന്നു വര്‍ഷം എബിവിപിയുടെ സംസ്ഥാന സംഘടനാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 87 മുതല്‍ മൂന്ന് വര്‍ഷം അഖിലേന്ത്യാ സെക്രട്ടറിയായും 1994 മുതല്‍ രണ്ടുവര്‍ഷം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുമായി. വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് 1999 മുതല്‍ 2002വരെ നെഹ്രു യുവകേന്ദ്രയുടെ വൈസ്‌ചെയര്‍മാനായി. 2006ലാണ് അദ്ദേഹം ബിജെപി കേരളഘടകത്തിന്റെ വൈസ്പ്രസിഡന്റാകുന്നത്. 2010ല്‍ സംസ്ഥാന അധ്യക്ഷപദമേറ്റ മുരളീധരന്‍ ആറുവര്‍ഷം പദവിയില്‍ തുടര്‍ന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടം മണ്ഡലത്തില്‍ മത്സരിച്ച മുരളീധരന്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. സിപിഎമ്മിലെ കടകംപള്ളി സുരേന്ദ്രനോട് പരാജയപ്പെട്ടെങ്കിലും, യുഡിഎഫിനെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ബിജെപി ടിക്കറ്റില്‍ പാര്‍ലമെന്റ് അംഗമാകുന്ന നാലാമത്തെ മലയാളിയാണ് വി മുരളീധരന്‍.

സരോജ് പാണ്ഡെ(ഛത്തീസ്ഗഡ്), അനില്‍ ബലൂനി(ഉത്തരാഖണ്ഡ്), കിരോരി ലാല്‍ മീന(രാജസ്ഥാന്‍), മദന്‍ലാല്‍ സായിനി(രാജസ്ഥാന്‍), നാരായണ്‍ റാണെ(മഹാരാഷ്ട്ര), റിട്ട. ലെഫ്. ജനറല്‍ ഡിപി വത്സ്(ഹരിയാന), അജയ് പ്രതാപ് സിങ്ങ്(മധ്യ പ്രദേശ്), കൈലാഷ് സോണി(മധ്യ പ്രദേശ്), അശോക് ബാജ്പയ്(ഉത്തര്‍ പ്രദേശ്), വിജയ് പാല്‍ സിങ്ങ് തോമര്‍(യുപി), ശകല്‍ ദീപ് രജ്ഭാര്‍(യുപി), കാന്താ കര്‍ദം(യുപി), ഡോ അനില്‍ ജെയിന്‍(യുപി), ജിവിഎല്‍ നരസിംഹറാവു(യുപി), ഹര്‍ണാത് സിങ്ങ് യാദവ് (യുപി), സമീര്‍ ഉരണ്‍വ്(ഝാര്‍ഖണ്ഡ്) എന്നിവരാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുന്ന മറ്റു ബിജെപി സ്ഥാനാര്‍ത്ഥികള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com