വീപ്പയിലെ അസ്ഥികൂടം : അന്വേഷണം വസ്തു ഇടനിലക്കാരനിലേക്ക് ; ശകുന്തള ഇയാളോട് കയര്‍ത്ത് സംസാരിച്ചതായി സമീപവാസികള്‍

ശകുന്തള കൊല്ലപ്പെടുന്നതിന് മുമ്പ് ഇയാള്‍ ബന്ധുവായ പൊതുപ്രവര്‍ത്തകനൊപ്പം ശകുന്തളയുടെ വീട് നിരന്തരം സന്ദര്‍ശിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചു
വീപ്പയിലെ അസ്ഥികൂടം : അന്വേഷണം വസ്തു ഇടനിലക്കാരനിലേക്ക് ; ശകുന്തള ഇയാളോട് കയര്‍ത്ത് സംസാരിച്ചതായി സമീപവാസികള്‍

കൊച്ചി : കുമ്പളത്ത് വീപ്പയില്‍ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വസ്തു ഇടനിലക്കാരനിലേക്ക്. വീപ്പയിലെ അസ്ഥികൂടം ഉദയംപേരൂര്‍ സ്വദേശിനി ശകുന്തളയുടേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ശകുന്തള കൊല്ലപ്പെടുന്നതിന് മുമ്പ് ഇയാള്‍ ബന്ധുവായ പൊതുപ്രവര്‍ത്തകനൊപ്പം ശകുന്തളയുടെ വീട് നിരന്തരം സന്ദര്‍ശിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. ശകുന്തളയുടെ സമീപവാസികള്‍ നല്‍കിയ സൂചനകളെ തുടര്‍ന്നാണ് അന്വേഷണം ഇയാളെ ചുറ്റിപ്പറ്റി പുരോഗമിക്കുന്നത്. 

ശകുന്തള വസ്തു ഇടനിലക്കാരോട് കയര്‍ത്ത് സംസാരിക്കുന്നത് കേട്ടിരുന്നതായി ചില സമീപവാസികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ശകുന്തളയ്ക്ക് അപകടത്തില്‍ കാലില്‍ പൊട്ടലുണ്ടായ ദിവസം, ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയ ദിവസം തുടങ്ങിയവയെക്കുറിച്ച് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചു. എന്നാല്‍ മകളും അയല്‍വാസുകളും ശകുന്തളയെ അവസാനമായി കണ്ടെന്നു പറയുന്ന തീയതികളില്‍ പൊരുത്തക്കേടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

ശകുന്തളയുടെ കൈവശം ആറുലക്ഷം രൂപയോളം ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. അപകടത്തിന് ശേഷം ശകുന്തളയുടെ ബാങ്ക് അക്കൗണ്ട് വഴിയുള്ള ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു. ഈ കാലയളവില്‍ ഏതെങ്കിലും വസ്തു ഇടപാട് നടത്തിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. 

ശകുന്തളയ്ക്ക് രണ്ട് സിം കാര്‍ഡുകളുണ്ടെന്ന് പൊലീസ് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇതില്‍ ഒന്ന് സ്വന്തം പേരിലും മറ്റൊന്ന്, മറ്റാരുടേയോ പേരിലുമാണ്. ശകുന്തള മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ ജോലി ചെയ്തിരുന്ന വീടുകള്‍ കണ്ടെത്താനും ശ്രമം നടക്കുന്നുണ്ട്. കേസന്വേഷണവുമായി ബന്ധപ്പെട്ട് പലരെയും പൊലീസ് വിളിച്ചുവരുത്തി മൊഴി എടുത്തിട്ടുണ്ട്. വീപ്പ കായലില്‍ ഒഴുക്കിയവരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com