അഞ്ചു പേര്‍ക്കു വിവാഹ വാഗ്ദാനം, 12 കാമുകിമാര്‍; പ്രണയം നടിച്ച് സ്ത്രീകളുടെ ആഭരണങ്ങള്‍ തട്ടുന്നയാള്‍ പിടിയില്‍

വിവാഹ വാഗ്ദാനം നല്‍കി യുവതിയുമായി വാടകവീട്ടില്‍ താമസമാക്കിയ ഇയാള്‍ ജ്യൂസില്‍ മദ്യം ചേര്‍ത്തുനല്‍കിയാണ് ലൈംഗികമായി ഉപയോഗിച്ചത്
അഞ്ചു പേര്‍ക്കു വിവാഹ വാഗ്ദാനം, 12 കാമുകിമാര്‍; പ്രണയം നടിച്ച് സ്ത്രീകളുടെ ആഭരണങ്ങള്‍ തട്ടുന്നയാള്‍ പിടിയില്‍

നിലമ്പൂര്‍: പ്രണയം നടിച്ച് സ്ത്രീകളെ വലയിലാക്കി പണവും ആഭരണങ്ങളും കവരുന്ന യുവാവ് പിടിയിയലായി. എറണാകുളം കുമ്പളങ്ങി സ്വദേശി പ്രവീണ്‍ ജോര്‍ജ് (മണവാളന്‍ പ്രവീണ്‍) എന്ന മുപ്പത്തിയാറുകാരനെയാണ് നിലമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വിവിധ സ്ഥലങ്ങളില്‍നിന്നായി അഞ്ചു സ്ത്രീകളില്‍നിന്ന് ഇയാള്‍ പണവും ആഭരണങ്ങളും കവര്‍ന്നിട്ടുണ്ടെന്നും പന്ത്രണ്ടു സ്ത്രീകളുമായി അടുപ്പത്തിലാണെന്നും പൊലീസ് പറഞ്ഞു.

മിസ്ഡ് കോള്‍ വഴി പരിചയപ്പെട്ട നിലമ്പൂര്‍ സ്വദേശിയായ യുവതിയെ കബളിപ്പിച്ചതോടെയാണ് ഇയാള്‍ പിടിയിലായത്. മൂന്നു മാസം മുമ്പ് മിസ്ഡ് കോള്‍ വഴി പരിചയപ്പെട്ട തന്നെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിക്കുകയും പതിനഞ്ചു പവന്റെ ആഭരണങ്ങള്‍ തട്ടിയെടുക്കുകയും ചെയ്‌തെന്നു യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വിവാഹ വാഗ്ദാനം നല്‍കി യുവതിയുമായി വാടകവീട്ടില്‍ താമസമാക്കിയ ഇയാള്‍ ജ്യൂസില്‍ മദ്യം ചേര്‍ത്തുനല്‍കിയാണ് ലൈംഗികമായി ഉപയോഗിച്ചത്. പിന്നീട് പതിനഞ്ചു പവന്റെ ആഭരണവുമായി മുങ്ങുകയായിരുന്നു.

പിന്നീടു നടത്തിയ അന്വേഷണത്തില്‍ ഇതേ യുവതിയുടെ ബന്ധുവായ മറ്റൊരു സ്ത്രീയുടെയും ആഭരണം ഇയാള്‍ തട്ടിയെടുത്തിട്ടുണ്ടെന്ന് വ്യക്തമായി.  നിലമ്പൂര്‍ തേക്കു മ്യൂസിയത്തില്‍ വച്ച് പരിചയപ്പെട്ട ഇവരില്‍നിന്ന് ഏഴു പവന്റെ സ്വര്‍ണമാണ് സ്വന്തമാക്കിയത്. 

വിവിധ സ്ഥലങ്ങളിലായി അഞ്ചു യുവതികളെ ഇയാള്‍ കബളിപ്പിച്ചിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. മലപ്പുറം, എറണാകുളം, തിരുവനന്തപുരം, ബംഗളൂരു, ഡല്‍ഹി എന്നിവിടങ്ങളിലാണ് തട്ടിപ്പു നടത്തിയത്. ഇതു കൂടാതെ വിവിധ സ്ഥലങ്ങളിലുള്ള 12 സ്ത്രീകളുമായി ഇയാള്‍ക്ക് അടുപ്പമുണ്ടെന്നും വ്യക്തമായിട്ടുണ്ട്. തട്ടിപ്പു നടത്തി കിട്ടുന്ന പണം ഉപയോഗിച്ച് ആഢംബര ജീവിതമാണ് പ്രവീണ്‍ നയിച്ചിരുന്നത്.

സ്വന്തമായി മൊബൈല്‍ നമ്പര്‍ ഇല്ലാത്ത ഇയാള്‍ സ്ത്രീകളുടെ പേരില്‍ എടുക്കുന്ന നമ്പരാണ് ഉപയോഗിച്ചിരുന്നത്. എംബിഎക്കാരനായ വ്യവസായി എന്നാണ് സ്വയം പരിചയപ്പെടുത്തുന്നതെങ്കിലും ഇയാള്‍ക്കു പ്രിഡിഗ്രി വിദ്യാഭ്യാസം മാത്രമേ ഉള്ളൂവെന്ന് പൊലീസ് പറഞ്ഞു. മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വഷണമാണ് പ്രതിയെ കുടുക്കിയത്. മംഗലാപുരത്തുനിന്ന് കോഴിക്കോട്ട് ട്രെയിനില്‍ ഇറങ്ങുമ്പോഴാണ് പൊലീസ് സംഘം ഇയാളെ പിടികൂടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com