കോടതി ഉത്തരവിന്റെ ഭാഷ മനസ്സിലായില്ലേ ? കേസെടുക്കാന്‍ വൈകിയതില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ കോടതി അലക്ഷ്യ നടപടികള്‍ അവസാനിപ്പിക്കുകയാണെന്ന് ഹൈക്കോടതി
കോടതി ഉത്തരവിന്റെ ഭാഷ മനസ്സിലായില്ലേ ? കേസെടുക്കാന്‍ വൈകിയതില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

കൊച്ചി : സിറോ മലബാര്‍ സഭ കേസില്‍ കര്‍ദിനാളിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയതില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. കോടതി ഉത്തരവിട്ടിട്ടും കേസെടുക്കാന്‍ വൈകിയതെന്തെന്ന് കോടതി ചോദിച്ചു. കോടതി ഉത്തരവ് വായിച്ചാല്‍ സര്‍ക്കാരിന് മനസ്സിലാകില്ലേ എന്ന് കോടതി ആരാഞ്ഞു. സര്‍ക്കാര്‍ നിലപാടിന്റെ പ്രശ്‌നമാണിത്. ഈ നിലപാട് ശരിയല്ല. കോടതി ഉത്തരവ് പുറപ്പെടുവിച്ച് നാലു ദിവസത്തിന് ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്തുകൊണ്ടാണ് ഇത്ര കാലതാമസം നേരിട്ടതെന്നും കോടതി ചോദിച്ചു. 

കോടതി ഉത്തരവിന് തൊട്ടടുത്ത ദിവസങ്ങള്‍ അവധി ദിനങ്ങളായ ശനി ഞായര്‍ ദിവസങ്ങളാണ്. അതിനാലാണ് കേസെടുക്കാന്‍ വൈകിയതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാറില്ലേ എന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് കമാല്‍ പാഷ ചോദിച്ചു. കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ കോടതി അലക്ഷ്യ നടപടികള്‍ അവസാനിപ്പിക്കുകയാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

അങ്കമാലി സ്വദേശി മാര്‍ട്ടിന്‍ പയ്യപ്പിള്ളിയാണ് കോടതി വിധി അനുസരിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതി അലക്ഷ്യത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. കഴിഞ്ഞദിവസം കോടതി കേസ് പരി​ഗണിച്ചപ്പോൾ, കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടും ആരുടെ നിർദേശപ്രകാരമാണ് നിയമോപദേശം തേടിയതെന്ന് ചോദിച്ചിരുന്നു. കോടതി ഉത്തരവ് വന്ന് നാലുദിവസത്തിന് ശേഷമാണ് പൊലീസ് കേസെടുത്തത്. 

കർദിനാളിനെതിരെ കേസെടുക്കാമെന്ന നിയമോപദേശത്തെ തുടർന്നാണ് വിവാദ ഭൂമിയിടപാടില്‍ ആലഞ്ചേരിക്കെതിരെ പൊലീസ് കേസെടുത്തത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ഒന്നാം പ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വിശ്വാസ വഞ്ചന, ഗൂഢാലോചന വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഫാ. ജോഷി പുതുവ, ഫാ. സെബാസ്റ്റ്യന്‍ വടക്കുമ്പാടന്‍, ഭൂമി കൈമാറ്റത്തിന് ഇടനിലക്കാരനായ സജു വര്‍ഗീസ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com