ബിജെപിയോട് വെറുപ്പില്ല; രാജ്യം ഏല്‍പ്പിക്കാന്‍ പറ്റിയ പാര്‍ട്ടിയല്ലെന്നും പ്രകാശ് രാജ്

കുട്ടികളുടെ മനസില്‍ പോലും വിഷം കുത്തിവെക്കപ്പെടുന്ന സാഹചര്യമാണ് മുന്നിലുള്ളത്. സിനിമയുടെയും കലയുടെയും മൗലികമായ സ്വാതന്ത്ര്യം പോലും ഹനിക്കപ്പെടുകയാണ്
ബിജെപിയോട് വെറുപ്പില്ല; രാജ്യം ഏല്‍പ്പിക്കാന്‍ പറ്റിയ പാര്‍ട്ടിയല്ലെന്നും പ്രകാശ് രാജ്

കാസര്‍കോട്: ഭാഷയുടെയും മതത്തിന്റെയും ചിന്താഗതിയുടെയും നിലപാടിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ചു നിര്‍ത്താമെന്നത് ജനാധിപത്യ സമൂഹത്തിന് ആശ്വാസകരമല്ലെന്ന് നടന്‍ പ്രകാശ് രാജ്. ആരോഗ്യകരമായ സമൂഹത്തില്‍ ജനങ്ങള്‍ക്ക് ചോദ്യം ചോദിക്കാനുള്ള അവകാശമുണ്ടായിരിക്കണം. വര്‍ത്തമാനകാല സാഹചര്യങ്ങളില്‍ അത് നിഷേധിക്കപ്പെടുകയാണ്. ആരെങ്കിലും ചോദ്യം ഉന്നയിക്കുകയാണെങ്കില്‍ മറുപടിക്ക് പകരം അവര്‍ക്ക് നിറങ്ങള്‍ ചാര്‍ത്തിക്കൊടുക്കാനാണ് ഭരണാധികാരികള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയോട് എനിക്ക് വെറുപ്പില്ല, എന്നാല്‍ രാജ്യം ഏല്പിച്ചു കൊടുക്കാന്‍ പറ്റിയ പാര്‍ട്ടിയല്ല ബി.ജെ.പി. മതത്തിന്റെ പേരില്‍ കലഹങ്ങള്‍ ഉണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുന്നത് രാജ്യത്തിന് ഭൂഷണമല്ല. അഴിമതിയെക്കാള്‍ അപകടമാണ് വര്‍ഗീയ രാഷ്ട്രീയം. ഏതുതരം ഫാസിസവും എതിര്‍ക്കപ്പെടണം.

രജനീകാന്തും കമലഹാസനും തമിഴ് രാഷ്ട്രീയത്തില്‍ പുതിയ പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്. കലയെയും സിനിമയെയും സ്‌നേഹിച്ചതുപോലെ ആയിരിക്കില്ല രാഷ്ട്രീയം. കുറെ കൂടി ജാഗ്രത്തായ പ്രവര്‍ത്തനം വേണ്ടിവരും. സിനിമാ തിരക്കുകള്‍ വിട്ട് സാമൂഹ്യപരമായ തന്റെ ഇടപെടലുകളുടെ പിന്നില്‍ രാഷ്ട്രീയപരമായ ലക്ഷ്യങ്ങളോ മറ്റ് പ്രലോഭനങ്ങളോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളുടെ മനസില്‍ പോലും വിഷം കുത്തിവെക്കപ്പെടുന്ന സാഹചര്യമാണ് മുന്നിലുള്ളത്. സിനിമയുടെയും കലയുടെയും മൗലികമായ സ്വാതന്ത്ര്യം പോലും ഹനിക്കപ്പെടുകയാണ്. തങ്ങള്‍ക്ക് നേരെ ഉയരുന്ന കൈകള്‍ വെട്ടിയെറിയുകയെന്ന ഫാസിസ്റ്റ് തന്ത്രം സിനിമകള്‍ക്ക് നേരെയും ഉയരുകയാണ്. ഒരു ചെടിയില്‍ നിന്ന് എത്ര പൂവുകള്‍ പറിച്ചാലും ശരത്കാലം വരാതിരിക്കുമോയെന്ന് ചെറുചിരിയോടെ പ്രകാശ് രാജ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com