യുഎപിഎ ചുമത്തിയതിനെതിരെ അപ്പീല്‍ പോകുമെന്ന് പി ജയരാജന്‍

കതിരൂര്‍ മനോജ് വധക്കേസില്‍ യുഎപിഎ ചുമത്തിയ ഹൈക്കോടതി ശരിവച്ചതിനെതിരെ ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ നല്‍കുമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍
യുഎപിഎ ചുമത്തിയതിനെതിരെ അപ്പീല്‍ പോകുമെന്ന് പി ജയരാജന്‍

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ യുഎപിഎ ചുമത്തിയ ഹൈക്കോടതി ശരിവച്ചതിനെതിരെ ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ നല്‍കുമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. വധക്കേസില്‍ പ്രതികള്‍ക്കെതിരെ യുഎപിഎ നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.  പി ജയരാജന്‍ ഉള്‍പ്പെടെ ആറു പ്രതികള്‍ക്കെതിരെയാണ് യുഎപിഎ ചുമത്തിയത്.

സര്‍ക്കാര്‍ പ്രതികളെ സാഹായിക്കുന്ന പ്രവണതയാണ് ദൃശ്യമാവുന്നതെന്ന് കോടതി കുറ്റപ്പെടുത്തി. കേസില്‍ യുഎപിഎ ചുമത്തിയതിന് എതിരായ സത്യവാങ്മൂലം പരാമര്‍ശിച്ചുകൊണ്ടാണ് കോടതി വിമര്‍ശനം.നിരവധി പൊരുത്തക്കേടുകളുള്ള സത്യവാങ്മൂലമാണ് സര്‍ക്കാര്‍ സമര്‍പ്പിച്ചിരിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതികളെ സഹായിക്കാന്‍ സഹായിക്കുന്ന പ്രവണതയാണ് ദൃശ്യമാവുന്നത്. ബോംബ് എറിയുന്നവര്‍ വെറുതെ നടക്കുകയാണെന്ന് ജസ്റ്റിസ് കെമാല്‍ പാഷയുടെ ബെഞ്ച് പരിഹസിച്ചു.

സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ഉള്‍പ്പെടെയുള്ള നാലു പ്രതികള്‍ ആണ് സി ബി ഐ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്. ഈ കേസില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തെയാണ് കോടതി രൂക്ഷമായി വിമര്‍ശിച്ചത്.യുഎപിഎ പ്രകാരമുള്ള കുറ്റം ചുമത്തുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടിയിട്ടില്ലെന്നാണ് ഹര്‍ജിക്കാരുടെ വാദം. ഇക്കാര്യമാണ് സത്യവാങ്ങ്മൂലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

കേസിലെ 25ാം പ്രതിയായ പി. ജയരാജനാണ് കുറ്റകൃത്യത്തിലെ മുഖ്യ ആസൂത്രകന്‍ എന്നാണ് സിബിഐ കുറ്റപത്രത്തില്‍ ആരോപിക്കുന്നത്.
സിപിഎം പയ്യന്നൂര്‍ ഏരിയ സെക്രട്ടറി ടി.ഐ. മധുസൂദനന്‍ (56), തലശേരി ഈസ്റ്റ് കതിരൂര്‍ സ്വദേശികളായ കുന്നുമ്മല്‍ റിജേഷ് (റിജു–39), കട്ട്യാല്‍ മീത്തല്‍ മഹേഷ് (39), കുളപ്പുറത്തുകണ്ടി സുനില്‍ കുമാര്‍ (42), കണ്ണൂര്‍ കതിരൂര്‍ ചുണ്ടങ്ങാപ്പൊയില്‍ മംഗലശേരി വി.പി. സജിലേഷ് (31) എന്നിവരാണു കേസിലെ മറ്റു പ്രതികള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com