ആര്‍എസ് എസിന് കേരളത്തില്‍ നാലു ലക്ഷം അംഗങ്ങള്‍; കഴിഞ്ഞ വര്‍ഷം കൂടിയത് എണ്ണായിരം പേര്‍

ആര്‍എസ് എസിന് കേരളത്തില്‍ നാലു ലക്ഷം അംഗങ്ങള്‍; കഴിഞ്ഞ വര്‍ഷം കൂടിയത് എണ്ണായിരം പേര്‍
ആര്‍എസ് എസിന് കേരളത്തില്‍ നാലു ലക്ഷം അംഗങ്ങള്‍; കഴിഞ്ഞ വര്‍ഷം കൂടിയത് എണ്ണായിരം പേര്‍

കോഴിക്കോട്: രാഷ്ട്രീയ സ്വയം സേവക സംഘത്തിന് കേരളത്തില്‍ നാലു ലക്ഷം അംഗങ്ങളുണ്ടെന്ന് പ്രാന്ത കാര്യവാഹക് പി ഗോപാലന്‍ കുട്ടി. ഇതില്‍ രണ്ടു ലക്ഷം പേര്‍ സജീവ അംഗങ്ങളാണ്. ആര്‍എസ്എസ് ശാഖകളില്‍ പ്രതിദിനം ശരാശരി എണ്‍പത്തിനാലായിരം പേര്‍ എത്തുന്നുണ്ടെന്നും ഗോപാലന്‍ കുട്ടി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം കേരളത്തില്‍ അംഗങ്ങളുടെ എണ്ണത്തില്‍ ഏഴു ശതമാനം വളര്‍ച്ചയുണ്ടാക്കാന്‍ സംഘത്തിനായിട്ടുണ്ട്.  പ്രത്യേക അംഗത്വ കാംപയ്‌നിലൂടെ എണ്ണായിരം പേരാണ് സംഘത്തില്‍ ചേര്‍ന്നത്. മുന്‍വര്‍ഷത്തേക്കാള്‍ 56 മണ്ഡലങ്ങളില്‍ കേരളത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനായിട്ടുണ്ട്. 4,105 പ്രതിദിന ശാഖകളും, 2740 പ്രതിവാര ശാഖകളും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 

ജോയിന്‍ ആര്‍എസ്എസ് എന്ന ഓണ്‍ലൈനിലൂടെ കേരളത്തിലും കൂടുതല്‍ യുവാക്കള്‍ ആര്‍എസ്എസില്‍ ചേരുന്നുണ്ടെന്ന് ഗോപാലന്‍ കുട്ടി പറഞ്ഞു. അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന പദ്ധതി കഴിഞ്ഞയാഴ്ച നാഗ്പുരില്‍ സമാപിച്ച പ്രതിനിധിസഭയില്‍ ആസൂത്രണം ചെയ്തു. കേരളത്തില്‍ സംഘത്തിന്റെ പ്രവര്‍ത്തനത്തിന് തടസ്സം നില്‍ക്കുന്നത് സിപിഎമ്മിന്റെ അസഹിഷ്ണുതയാണെന്ന് അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിഗ്രാമങ്ങളില്‍ മറ്റ് ആശയഗതികളെ വച്ചുപൊറുപ്പിക്കില്ലെന്ന സിപിഎം നിലപാടാണ് പ്രശ്‌നം സൃഷ്ടിക്കുന്നത്. 

രാജ്യത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ആര്‍എസ്എസ് ശാഖകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായി. മുന്‍വര്‍ഷം 57,185 ശാഖകള്‍ പ്രവര്‍ത്തിച്ച സ്ഥാനത്ത് ഇപ്പോള്‍ 58,962 ശാഖകള്‍ പ്രവര്‍ത്തിക്കുന്നതായും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com