നഴ്സുമാരുടെ മിനിമം വേതനം  അം​ഗീകരിക്കാനാവില്ലെന്ന് ആശുപത്രി ഉടമകൾ

തെക്കന്‍ ജില്ലകളിലെ ആശുപത്രി ഉടമകളുടെ ഹിയറിങ് ശനിയാഴ്ച തിരുവനന്തപുരത്തു നടക്കും. ഈ മാസം 19 ന് റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും.
നഴ്സുമാരുടെ മിനിമം വേതനം  അം​ഗീകരിക്കാനാവില്ലെന്ന് ആശുപത്രി ഉടമകൾ

കൊച്ചി: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ക്കു മിനിമം വേതനം നടപ്പാക്കുന്നതിന്റെ ഭാഗമായി മിനിമം വേജസ് അഡൈ്വസറി ബോര്‍ഡ് അംഗങ്ങള്‍ സ്വകാര്യ ആശുപത്രി ഉടമകളുമായി ഹിയറിങ് നടത്തി. കൊച്ചിയില്‍ നടന്ന ഹിയറിങ്ങില്‍, സര്‍ക്കാര്‍ തയാറാക്കിയ മിനിമം വേതനം നിലവിലെ സാഹചര്യത്തില്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ആശുപത്രി ഉടമകള്‍ വ്യക്തമാക്കി. തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടു പോയാല്‍ കോടതിയെ സമീപിക്കുമെന്നും ഇവര്‍ ഹിയറിങ്ങില്‍ വ്യക്തമാക്കി. കാസര്‍കോഡ് മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളിലെ ഇരുനൂറിലധികം ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികള്‍ പങ്കെടുത്തു.

നഴ്‌സുമാരുടെ സംഘടനാ പ്രതിനിധികളുമായും കഴിഞ്ഞ ദിവസം അഡൈ്വസറി ബോര്‍ഡ് ഹിയറിങ് നടത്തിയിരുന്നു. തെക്കന്‍ ജില്ലകളിലെ ആശുപത്രി ഉടമകളുടെ ഹിയറിങ് ശനിയാഴ്ച തിരുവനന്തപുരത്തു നടക്കും. ഈ മാസം 19 ന് റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും.

അതിനിടെ, നഴ്‌സുമാരുടെ ശമ്പളം പരിഷ്‌കരിച്ച സര്‍ക്കാര്‍ വിജ്ഞാപനം കഴിഞ്ഞ ദിവസം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. അന്തിമ വിജ്ഞാപനം ഉടന്‍ പാടില്ലെന്നും കോടതി ഉത്തരവിട്ടിരുന്നു. മിനിമം വേതനം ഉറപ്പാക്കുന്ന വിജ്ഞാപനം ഈ മാസം 31ന് ഇറക്കാനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. ഇതിനെതിരെ ആശുപത്രി മാനേജ്‌മെന്റുകള്‍ നല്‍കിയ ഹര്‍ജിയിലാണ് സ്റ്റേ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com